രാസായുധം പ്രയോഗിച്ചത് വിമതര്‍: അസദ്

Posted on: August 26, 2013 11:34 pm | Last updated: August 26, 2013 at 11:34 pm
SHARE

ദമസ്‌കസ്: കഴിഞ്ഞയാഴ്ച ദമസ്‌കസിലുണ്ടായ രാസായുധ ആക്രമണത്തിന് പിന്നില്‍ വിമത സൈന്യമാണെന്ന് സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ്. റഷ്യയിലെ ഇസ്‌വെസ്തിയ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ആക്രമണവുമായി ബന്ധപ്പെട്ട് സിറിയക്കെതിരെ പാശ്ചാത്യ രാജ്യങ്ങളും മറ്റും നടത്തിയ പ്രസ്താവനകള്‍ക്ക് മുറിപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആക്രമണം നടന്നതിന് ശേഷം അസദ് നടത്തുന്ന ആദ്യത്തെ പ്രതികരണമാണിത്. ‘സ്വന്തം സൈന്യത്തിന്റെ സാന്നിധ്യമുള്ളപ്പോള്‍ ഏതെങ്കിലും രാജ്യം രാസായുധങ്ങളോ മറ്റ് മാരക ആയുധങ്ങളോ പ്രയോഗിക്കുമോ ? കേവല യുക്തിയില്‍ നിന്ന് മനസ്സിലാക്കാവുന്ന കാര്യമാണിത്. ആക്രമണത്തിന് പിന്നില്‍ സൈന്യമാണെന്ന ആരോപണത്തിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്.’ അസദ് ചൂണ്ടിക്കാട്ടി.
രാസായുധ പ്രയോഗവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്ന യു എന്‍ സംഘത്തിന് പൂര്‍ണ സുരക്ഷയൊരുക്കുന്നത് സിറിയന്‍ സൈന്യമാണെന്ന് ഔദ്യോഗിക വക്താക്കളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. അന്വേഷണത്തെ തുടര്‍ന്ന് വിമത പ്രക്ഷോഭം ശക്തമായ സ്ഥലങ്ങളില്‍ സൈന്യം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.