അറബിക്കല്യാണം; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Posted on: August 26, 2013 11:23 pm | Last updated: August 26, 2013 at 11:23 pm
SHARE

മലപ്പുറം: പതിനേഴുകാരിയെ അറബി വിവാഹം കഴിച്ച് വഞ്ചിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. കൂട്ടിലങ്ങാടി സ്വദേശിയായ പെണ്‍കുട്ടിയും മാതാവും മലപ്പുറത്ത് കമ്മീഷന്‍ അംഗം കെ ഇ ഗംഗാധരന്റെ മുന്നിലെത്തിയാണ് പരാതി നല്‍കിയത്.
സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡി ജി പിയോടും മലപ്പുറം ജില്ലാ സാമൂഹിക നീതി വകുപ്പിനോടും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിയുടെ അടിസ്ഥാനത്തില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്ട് 23, ഇന്ത്യന്‍ പീനല്‍ കോര്‍ട്ട് 376, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം ഏഴും എട്ടും വകുപ്പ്, ചൈല്‍ഡ് മാര്യേജ് ആക്ട് ഒമ്പത്, പത്ത്, 11, 15 വകുപ്പുകളിലാണ് മലപ്പുറം പോലീസ് കേസെടുത്തത്.
സാമ്പത്തിക പ്രായസങ്ങള്‍ ചൂഷണം ചെയ്താണ് പെണ്‍കുട്ടിയെ അറബി വിവാഹം ചെയ്തതത്. ഇതിനു കൂട്ടുനിന്ന അനാഥാലയ അധികൃതര്‍ വഞ്ചിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു.
ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ പരാതിയില്‍ മലപ്പുറം പോലീസ് കൂട്ടിയുടെ മൊഴി എടുത്തിട്ടുണ്ട്.
യു എ ഇ സ്വദേശിയായ ജാസിം മുഹമ്മദ് അബ്ദുല്‍ കരീം(28) ആണ് പെണ്‍കുട്ടിയെ വിവാഹം ചെയ്തത്. പിതാവ് ഉപേക്ഷിച്ചുപോയ കുട്ടി ഒന്ന് മുതല്‍ പ്ലസ്ടു വരെ കോഴിക്കോട്ടെ ഒരു അനാഥാലയത്തില്‍ താമസിച്ചാണ് പഠിച്ചത്.
വിവാഹത്തിന് തയ്യാറായില്ലെങ്കില്‍ സ്ഥാപനത്തില്‍ നിന്ന് പുറത്താക്കുമെന്ന് പെണ്‍കുട്ടിയെയും മാതാവിനെയും ഭീഷണിപ്പെടുത്തിയാണത്രെ വിവാഹത്തിന് സമ്മതിപ്പിച്ചത്. പിന്നീട് അറബി സ്വദേശത്തേക്ക് കടന്നുകളയുകയായിരുന്നു. പെണ്‍കുട്ടിയെ വിവാഹം കഴിപ്പിച്ച് നല്‍കിയതിന് അനാഥാലയത്തിന് അറബി സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു.
സംഭവം നടന്നത് കോഴിക്കോട്ടായതിനാല്‍ കേസ് ഇന്ന് കോഴിക്കോട് പോലീസിന് കൈമാറുമെന്ന് മലപ്പുറം എസ് ഐ അറിയിച്ചു. മഞ്ചേരി സ്വദേശിനിയായ പെണ്‍കുട്ടിയെ അനാഥാലയം നടത്തിപ്പുകാരുടെ ഒത്താശയോടെയാണ് വിവാഹം കഴിപ്പിച്ചതെന്ന് നേരത്തെ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്ത സര്‍ട്ടിഫിക്കറ്റില്‍ മുജാഹിദ് മടവൂര്‍ വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ജംഇയ്യത്തു ല്‍ ഉലമ മര്‍ക്കസുദ്ദഅ്‌വ എന്ന സംഘടനയുടെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
90/2013 എന്ന നമ്പറിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജൂണ്‍ 25നായിരുന്നു വിവാഹം.