Connect with us

International

ആഭ്യന്തര കലാപം സിറിയയിലെ പത്ത് ലക്ഷം കുട്ടികളെ ബാധിച്ചതായി റിപ്പോര്‍ട്ട്‌

Published

|

Last Updated

ബൈറൂത്ത്: മൂന്ന് വര്‍ഷമായി തുടരുന്ന ആഭ്യന്തര കലാപം സിറിയയിലെ പത്ത് ലക്ഷം കുട്ടികളെ ബാധിച്ചതായി രണ്ട് യു എന്‍ ഏജന്‍സികളുടെ റിപ്പോര്‍ട്ട്.
കഴിഞ്ഞ 29 മാസമായി തുടരുന്ന യുദ്ധം കുട്ടികളെ വലിയ തോതില്‍ ബാധിച്ചതായി യൂനിസെഫും യു എന്‍ അഭയാര്‍ഥി ഏജന്‍സിയും മുന്നറിയിപ്പ് നല്‍കുന്നു. സിറിയയിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ പകുതിയുമുള്ളത് കുട്ടികളാണ്. ഏറ്റവും പുതിയ കണക്കനുസരിച്ച് പതിനൊന്ന് വയസ്സിന് താഴെയുള്ള 7,40,000 കുട്ടികളുണ്ടെന്നും ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഒരു ലക്ഷം ജനങ്ങള്‍ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാസം യു എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സ്വന്തം വീട്ടില്‍ നിന്ന് അഭയാര്‍ഥി ക്യാമ്പിലേക്ക് കുട്ടികള്‍ മാറ്റപ്പെടുകയാണ്. ഭീകരമായ അവസ്ഥകളെ മാത്രമാണ് അവര്‍ നേരിടുന്നതെന്നും യൂനിസെഫ് ഡയറക്ടര്‍ ആന്റണി ലെയ്ക് പറഞ്ഞു. സിറിയയിലെ കുട്ടികളോട് അനുകമ്പ പ്രകടിപ്പിക്കുന്നതില്‍ ആഗോള സമൂഹം പരാജയപ്പെട്ടു. ആഗോള ജനത ഉത്തരവാദിത്വം മറന്നു. അതിന്റെ നാണക്കേട് ലോകത്തിന് മുഴുവന്‍ ഉണ്ട്. ഇത്തരം അവസ്ഥകളുടെ പരിണത ഫലങ്ങള്‍ കുഞ്ഞുങ്ങള്‍ അനുഭവിക്കാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാവരും കുറച്ചെങ്കിലും നടത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിഷ്‌കളങ്കമായ ഒരു തലമുറ ഇല്ലാതാകുന്നു എന്നതാണ് ഏറ്റവും വലിയ ആഘാതമെന്ന് അഭയാര്‍ഥി ഹൈക്കമ്മീഷനര്‍ അന്റോണിയോ ഗൂട്ടിറെസ് പറയുന്നു.
സിറിയയിലെ യുവാക്കള്‍ ക്ലേശകരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അവര്‍ക്ക് സ്വന്തം വീടും കുടുംബാംഗങ്ങളെയും ഭാവിയും നഷ്ടപ്പെട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest