ബ്രിട്ടനില്‍ ഇസ്‌ലാമിക് ചാനലിന് പിഴ

Posted on: August 22, 2013 10:55 pm | Last updated: August 22, 2013 at 10:55 pm
SHARE

CMUSLIM CHANNELലണ്ടന്‍: ബ്രിട്ടനില്‍ ഇസ്‌ലാമിക് ടെലിവിഷന്‍ ചാനലിന് 85,000 പൗണ്ട് പിഴയിട്ടു. ടെലിവിഷന്‍ സംപ്രേഷണത്തിന്റെ ഉള്ളടക്കം നിരീക്ഷിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണ് പിഴയിട്ടത്. കലാപമുണ്ടാക്കാന്‍ പ്രേരിപ്പിക്കും വിധം പരിപാടി സംപ്രേഷണം ചെയ്തുവെന്നതാണ് പിഴക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പ്രവാചകനെ അവഹേളിക്കുന്ന ഏതൊരാളെയും വധിക്കാമെന്ന സന്ദേശം നൂര്‍ ടി വിയില്‍ പരിപാടി സംപ്രേഷണം ചെയ്തുവെന്നാണ് വാദം. ഒഫ്‌കോം എന്ന ഏജന്‍സിയാണ് ടെലിവിഷന്‍ ബ്രോഡ്കാസ്റ്റിംഗ് ഉള്ളടക്കം നിരീക്ഷിക്കുന്നത്. ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന പൈഗാം ഇ മുസ്തഫ എന്ന പരിപാടിയിലെ പരാമര്‍ശമാണ് ചാനലിന് വിനയായത്. കഴിഞ്ഞ മെയ് മൂന്നിനാണ് പരിപാടി സംപ്രേഷണം ചെയ്തത്.
അല്ലാമ മുഹമ്മദ് ഫാറൂഖ് നിസാമിയാണ് പരിപാടിയുടെ അവതാരകന്‍. ഇസ്‌ലാമിനെ കുറിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ ഫോണിലൂടെ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതാണ് പരിപാടി. പ്രവാചകനെ ഒരാള്‍ അവഹേളിച്ചാല്‍ എന്തു ചെയ്യണമെന്ന പ്രേക്ഷകന്റെ ചോദ്യത്തിന് നിസാമി നല്‍കിയ ഉത്തരമാണ് വിവാദമായത്.