കാട്ടാനയെപേടിച്ച് ജനം വീടൊഴിഞ്ഞ് പോകുന്നതായി പരാതി

Posted on: August 22, 2013 7:38 am | Last updated: August 22, 2013 at 7:38 am
SHARE

ഗൂഡല്ലൂര്‍: കാട്ടാനയെ പേടിച്ച് ജനങ്ങള്‍ വീടൊഴിഞ്ഞ് പോകുന്നതായി പരാതി. ഗൂഡല്ലൂരിന് സമീപത്തെ പുളിയംപാറ, കോഴികൊല്ലി, കത്തിരിതോട്, മുണ്ടക്കുന്ന് തുടങ്ങിയ ഗ്രാമങ്ങളിലെ നിരവധി പേര്‍ കാട്ടാനയെ പേടിച്ച് വീടൊഴിഞ്ഞ് പോയിട്ടുണ്ട്. പ്രസ്തുത സ്ഥലങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്.

കൂട്ടമായും ഒറ്റയായും എത്തുന്ന കാട്ടാനകള്‍ ജനങ്ങള്‍ക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. വീടുകള്‍ ആക്രമിക്കുന്നതും കൃഷികള്‍ നശിപ്പിക്കുന്നതും ഇവിടെ പതിവാണ്.
കഴിഞ്ഞ ദിവസം പുളിയംപാറയില്‍ മാനുവിന്റെ വീടും ഷെഡും കാട്ടാനക്കൂട്ടം തകര്‍ത്തിരുന്നു. മുണ്ടക്കുന്ന് ആദിവാസി കോളനിയിലെ കുട്ടികള്‍ ആനയെ പേടിച്ച് സ്‌കൂളിലേക്ക് പോകുന്നില്ല. പതിനഞ്ച് ദിവസമായി കുട്ടികള്‍ സ്‌കൂളിലേക്ക് പോകുന്നില്ല. കുട്ടികളുടെ ഭാവി അവതാളത്തിലായിരിക്കുകയാണ്. ഇവരുടെ ഗ്രാമത്തില്‍നിന്ന് സ്‌കൂളിലേക്ക് ഒരു കിലോമീറ്റര്‍ ദൂരം നടക്കണം. കാട്ടിലൂടെ നടന്ന് പോകേണ്ടതിനാല്‍ കാട്ടാനാക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്നാണ് കോളനിക്കാര്‍ പറയുന്നത്.
ജനങ്ങള്‍ക്ക് ഭീഷണിയുയര്‍ത്തുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തിയോടിക്കുന്നതിന് വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് ജനങ്ങള്‍ ആരോപിക്കുന്നത്.