Connect with us

Kannur

ദേശീയപാത വികസനം; വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസമാണ് വേണ്ടതെന്ന് ഭൂവുടമകള്‍

Published

|

Last Updated

കണ്ണൂര്‍: ദേശീയപാത വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില നിശ്ചയിക്കുന്നത് സംബന്ധിച്ച് കലക്ടറുടെ ചേംബറില്‍ വിളിച്ചുചേര്‍ത്ത ചെമ്പിലോട് പഞ്ചായത്തിലെ ഭൂവുടമകളുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ നിശ്ചയിച്ച നഷ്ടപരിഹാരത്തുക ഭൂവുടമകള്‍ തള്ളി. സെന്ററിന് രണ്ടര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്നായിരുന്നു കലക്ടര്‍ യോഗത്തെ അറിയിച്ചത്. 1,12,000 രൂപയാണ് ചെമ്പിലോട് പഞ്ചായത്തില്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് സെന്റിന് ജില്ലാ ഭരണകൂടം കണ്ടെത്തിയതെന്ന് യോഗത്തിന്റെ തുടക്കത്തില്‍ കലക്ടര്‍ അറിയിച്ചപ്പോള്‍ ഭൂവുടമകള്‍ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചു. ഇതേത്തുടര്‍ന്നാണ് രണ്ടരലക്ഷം രൂപ സെന്റിന് നല്‍കാമെന്ന് കലക്ടര്‍ യോഗത്തെ അറിയിച്ചത്. സെന്റിന് ആറ് ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വില ഇപ്പോള്‍ പ്രദേശത്ത് ലഭിക്കുന്നുണ്ടെന്നും കലക്ടര്‍ നിശ്ചയിച്ച വില അപര്യാപ്തമാണെന്നും ഭൂവുടമകള്‍ പറഞ്ഞു.

ഭൂമിയേറ്റെടുക്കുന്നതിന്റെ ഭാഗമായി വീട് നഷ്ടപ്പെടുന്നവര്‍ക്ക് പണമല്ല, വീട് നിര്‍മിച്ച് നല്‍കുകയാണ് വേണ്ടതെന്ന് ഭൂവുടമകള്‍ ആവശ്യപ്പെട്ടു. മട്ടന്നൂര്‍ വിമാനത്താവള നിര്‍മാണത്തിന് വേണ്ടി സ്ഥലമേറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നല്‍കിയ പുനരധിവാസ പാക്കേജ് പോലെ ദേശീയപാത വികസനത്തിന് ഭൂമി നഷ്ടപ്പെടുന്നവര്‍ക്കും പുനരധിവാസ പാക്കേജ് ഏര്‍പ്പെടുത്തണമെന്ന് ഭൂവുടമകള്‍ ആവശ്യപ്പെട്ടു. വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് എടുത്തുകൊടുക്കുകയും സ്ഥലം മാത്രം നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം തുക നല്‍കുകയുമാണ് നല്ലതെന്ന നിര്‍ദേശവും യോഗത്തിലുണ്ടായി. ഇപ്പോള്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര തുക കൊണ്ട് സ്ഥലം കിട്ടാന്‍ പ്രയാസമാണ്.
റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുത്തപ്പോള്‍ അമ്പലങ്ങള്‍ ഒഴിവാക്കിയത് പോലെ പ്രദേശത്തെ പള്ളിയും ഒഴിവാക്കണമെന്ന് പ്രദേശവാസികളാവശ്യപ്പെട്ടു.
ഭൂമിക്ക് നിശ്ചയിച്ച വില ഭൂവുടമകള്‍ക്ക് സ്വീകാര്യമാകാത്ത സാഹചര്യത്തില്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുമെന്നും പുനരധിവാസ പാക്കേജ് നല്‍കണമെന്നാവശ്യവും സര്‍ക്കാറിനെ അറിയിക്കുമെന്നും ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ യോഗത്തെ അറിയിച്ചു. എ ഡി എം. ഒ മുഹമ്മദ് അസ്‌ലം, ദേശീയപാത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. സര്‍ക്കാറിന്റെ വില നിര്‍ദേശവും അംഗീകരിക്കുന്നവര്‍ ഈ മാസം 30നകം സമ്മതപത്രം നല്‍കണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടു.