Connect with us

Articles

സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക വേണ്ട, ഭയം മതി !

Published

|

Last Updated

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി അതി ദയനീയമായി തുടരുമ്പോഴും ഇതേ കുറിച്ച് ആശങ്ക വേണ്ടെന്ന പ്രധാനമന്ത്രിയുടെയും കേന്ദ്ര ധനകാര്യ മന്ത്രിയുടെയും പ്രതികരണങ്ങള്‍ ഏറെ ആശങ്കയുണര്‍ത്തുന്നതാണ്. സമ്പദ്ഘടനയുടെ തകര്‍ച്ച ആശങ്കക്കപ്പുറം യാഥാര്‍ഥ്യമായി നിലനില്‍ക്കുമ്പോള്‍ ഭരണാധികാരികളുടെ പ്രതികരണത്തെ “ആശങ്ക വേണ്ട; ഭയം മതി” എന്ന് തിരുത്തി വായിക്കണമെന്ന സ്ഥിതിയാണുള്ളത്. ഡോളറുമായുള്ള വിനിമയത്തില്‍ ചരിത്രത്തിലാദ്യമായാണ് ഇന്ത്യന്‍ രൂപയുടെ പതനം 60 കടക്കുന്നത്. 64.02യാണ് ഇന്നലെ ഇന്ത്യന്‍ രൂപയുടെ മൂല്യം. കേന്ദ്ര സര്‍ക്കാറിന്റെയും റിസര്‍വ് ബേങ്കിന്റെയും പരിഹാര നടപടികള്‍ രൂപയുടെ തുണക്കെത്തിയില്ലെന്നാണ് വ്യക്തമാകുന്നത്.
ധനലഭ്യത കുറക്കാനും ഇന്ത്യന്‍ കമ്പനികളുടെ വിദേശ നിക്ഷേപം പരിമിതപ്പെടുത്താനുമുള്ള റിസര്‍വ് ബേങ്കിന്റെ നടപടികള്‍ ഫലം കാണാത്തതും അമേരിക്കന്‍ സാമ്പത്തിക മേഖല ശക്തിപ്പെട്ടതുമാണ് രൂപക്ക് കൂടുതല്‍ തിരിച്ചടിയായത്. രൂപയുടെ ഇടിവ് തുടരുന്ന സാഹചര്യത്തില്‍ വിദേശ നിക്ഷേപകര്‍ രാജ്യത്തു നിന്ന് പിന്‍വലിയാനാണ് സാധ്യത. സെബിയുടെ കണക്ക് പ്രകാരം 563 കോടി രൂപയുടെ ഓഹരികള്‍ ഇതിനകം തന്നെ വിദേശ നിക്ഷേപകര്‍ വിറ്റഴിച്ചു. വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കണമെന്ന് വിശകലന വിദഗ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രൂപയുടെ മൂല്യത്തകര്‍ച്ച ഓഹരി വിപണിയേയും പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും മോശപ്പെട്ട നിലവാരമാണ് രേഖപ്പെടുത്തിയത്.
വിദേശ ഏജന്‍സികള്‍ ഭൂരിഭാഗവും ഇന്ത്യന്‍ രൂപക്ക് നെഗറ്റീവ് റേറ്റിംഗ് നല്‍കിയത് വ്യാപാരത്തെ പ്രതികൂലമായി സ്വാധീനിച്ചതോടെ ഓഹരിവിപണിയിലും ഇടിവുണ്ടായി. രൂപയുടെ മൂല്യവും ഓഹരി വിപണിയും ഇടിഞ്ഞതോടെ സ്വര്‍ണ വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് ഇന്ധനവിലവര്‍ധനയടക്കമുള്ള കടുത്ത നടപടികള്‍ അനിവാര്യമാക്കുമെന്നതിനാല്‍ ഇത് വിലക്കയറ്റത്തിനിടയാക്കുമെന്നു വിദഗ്ധര്‍ സൂചിപ്പിക്കുന്നു. ഡോളറുമായുള്ള വിനിമയത്തില്‍ രൂപ കൂപ്പുകുത്തുമ്പോള്‍ ഇറക്കുമതി വസ്തുക്കള്‍ക്കാണ് കാര്യമായ വിലക്കയറ്റമുണ്ടാകുന്നത്. വിശിഷ്യാ ഇന്ധനത്തെ ഇത് പ്രതികൂലമായി ബാധിക്കും. അസംസ്‌കൃത എണ്ണക്ക് കൂടുതല്‍ രൂപ നല്‍കേണ്ടിവരുന്നതിനാല്‍ ഡീസലിന്റെ വിലവര്‍ധനക്ക് വഴിവെച്ചേക്കും. ഇത് അവശ്യവസ്തുക്കളുടെ വില 15 മുതല്‍ 25 ശതമാനം വരെയും ഇലക്‌ട്രോണിക് ഉത്പന്നങ്ങളുടെ വിലയില്‍ 40 ശതമാനം വരെയും സിമന്റ്, സ്റ്റീല്‍ തുടങ്ങിയ സാമഗ്രികളുള്‍പ്പെടെ ഇറക്കുമതി ഉത്പന്നങ്ങളുടെയും വില വര്‍ധനക്കിടയാക്കും. ഇത് നിര്‍മാണമേഖലയെ പ്രതികൂലമായി ബാധിക്കും. വിദേശ ബേങ്കുകളില്‍ നിന്ന് കടമെടുത്തിരിക്കുന്ന കമ്പനികള്‍ക്ക് രൂപയുടെ മൂല്യമിടിവ് കനത്ത തിരിച്ചടിയാണ്. വ്യവസായ മേഖലയില്‍ ഇതിന്റെ പ്രതിഫലനമുണ്ടാകും. എന്നാല്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് ഇത് ചെറിയ തോതില്‍ നേട്ടമുണ്ടാക്കി ക്കൊടുക്കും. കയറ്റുമതി, ടൂറിസം മേഖലകള്‍, ബി പി ഒ കമ്പനികള്‍ക്കും രൂപയുടെ മൂല്യമിടിവ് പ്രയോജനപ്പെടും.
ഒമ്പത് വര്‍ഷം മുമ്പ് സാമ്പത്തിക വിദഗ്ധനായ മന്‍മോഹന്‍ സിംഗ് രാജ്യത്തിന്റെ പ്രധാമന്ത്രിയായി ചുമതലയേറ്റ 2004 വര്‍ഷാവസാനം ഇന്ത്യന്‍ കറന്‍സിയുടെ ഡോളറുമായുള്ള വിനിമയ മൂല്യം 43.75 രൂപയായിരുന്നു. നിരന്തരമായ കൂപ്പുകുത്തലിനൊടുവില്‍ കഴിഞ്ഞ ദിവസം 61.66 രൂപയിലെത്തിയ മൂല്യം ഒറ്റ പ്രവൃത്തി ദിവസത്തിനിടെയാണ് 1.47 രൂപ കൂടി 63.13ലെത്തിയത്. ഇതും റെക്കോര്‍ഡാണ്. എന്നാല്‍ ഇതില്‍ അത്ഭുതമില്ലെന്നും ഇത് പ്രതീക്ഷിച്ചിരുന്നതു തന്നെയാണെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. സമീപ ഭാവില്‍ രൂപയുടെ മൂല്യം 70 രൂപയിലേക്ക് ഇടിഞ്ഞാലും അത്ഭുതപ്പെടാനില്ലെന്നാണ് വിദഗ്ധരുടെ പക്ഷം.
സാമ്പത്തിക രംഗത്ത് ഇന്ത്യ വന്‍ കുതിച്ചുചാട്ടം നടത്തുകയാണെന്നും അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കകം രാജ്യം ലോകസാമ്പത്തിക ശക്തികള്‍ക്കൊപ്പമെത്തുമെന്നുമുള്ള സാമ്പത്തിക വിദഗ്ധന്‍ കൂടിയായ പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളിലെ പൊള്ളത്തരങ്ങളെ തുറന്നു കാട്ടുകയാണ് ഇപ്പോള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ ദയനീയ സ്ഥിതി. രാജ്യം സാമ്പത്തിക ശക്തികളുടെ പട്ടികയിലേക്ക് ഉയരുകയാണെന്നും ലോകത്തെ വന്‍സാമ്പത്തിക ശക്തികളായ ചൈനയോടും അമേരിക്കയോടും ജപ്പാനോടുമാണ് ഇന്ത്യയുടെ മത്സരമെന്നുമാണ് ഭരണകര്‍ത്താക്കള്‍ നമ്മെ വിശ്വസിപ്പിച്ചുകൊണ്ടിരുന്നത്. എന്നാല്‍ ഇത് പൊള്ളയായ അവകാശവാദങ്ങള്‍ മാത്രമാണെന്നും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ദയനീയമാണെന്നും ഒപ്പം ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ സാമ്പത്തിക ഘടന വന്‍ ഭീഷണി നേരിടുകയാണെന്നുമാണ് നിലവിലെ അവസ്ഥ വെളിവാക്കുന്നത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇത്രമേല്‍ കൂപ്പു കുത്തിയ ഒരു അവസ്ഥ നേരത്തെ ഉണ്ടായിട്ടില്ല. യൂറോപ്പും പാശ്ചാത്യ രാജ്യങ്ങളും ഉള്‍പ്പെടെ ലോകം വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ട കാലത്തു പോലും അതിനെ ചെറുത്തു നിന്ന നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടന നാള്‍ക്കു നാള്‍ മൂക്കു കുത്തി വീഴുമ്പോഴും സാമ്പത്തിക വിദഗ്ധരായ ഭരണകര്‍ത്താക്കള്‍ക്ക് ഇതിനെ പ്രതിരോധിക്കാന്‍ പോലുമാകുന്നില്ലെന്നത് നമ്മുടെ രാജ്യത്തിന്റെ ശുഭകരമായ ഭാവിക്ക് ഒട്ടും ഗുണകരമാകില്ല. ഇത്തരമൊരു പ്രശ്‌നത്തിന് പ്രധാനമായും കാരണമായത് കാലാകാലങ്ങളില്‍ രാജ്യഭരണം കൈയാളിയ ഭരണാധികാരികളുടെ നയപരമായ തീരുമാനങ്ങളാണ്.
പ്രശ്‌നത്തിന് പരിഹാരം കാണാന്‍ പ്രസ്താവനകള്‍ക്കപ്പുറം നയപരമായ ഇടപെടലുകളും ഫലപ്രദമായ നടപടികളുമാണ് വേണ്ടത്. നിലവില്‍ രാജ്യത്തേക്ക് വരുന്ന വിദേശ നിക്ഷേപത്തുകയേക്കാള്‍ കൂടുതല്‍ തുകപിന്‍വലിക്കുന്ന അവസ്ഥ വിദേശനാണ്യശേഖരത്തില്‍ വിള്ളല്‍ വീഴ്ത്തുന്നതാണ് രാജ്യത്തിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കുന്നത്. ഇതിന് പരിഹാരമായി നിര്‍ദേശിക്കപ്പെടുന്നത് പ്രധാനമായും മൂന്ന് കാര്യങ്ങളാണ്. ഒന്ന്: വിദേശ നാണ്യ ശേഖരം വര്‍ധിപ്പിക്കുക. വിദേശ നാണ്യശേഖരം വര്‍ധിപ്പിക്കാന്‍ ഏറ്റവും മികച്ച വഴി നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയാണ്. എഫ് ഡി ഐ നിക്ഷേപം ഉള്‍പ്പെടെ ഇക്കൂട്ടത്തില്‍ സ്വീകാര്യമാണെങ്കിലും നേരിട്ടുള്ള നിക്ഷേപമാണ് കൂടുതല്‍ ഗുണകരമാകുക. എഫ് ഡി ഐ നിക്ഷേപത്തിന് ഉപാധികളും വ്യവസ്ഥകളുമുണ്ടെന്നതാണ് കാരണം. രണ്ട്: വിദേശ സ്ഥാപനങ്ങളിലെ നിക്ഷേപമെത്തിക്കുക. വിദേശ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ കടപത്രങ്ങളിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഉള്‍പ്പെടെ ഓഹരി വിപണികളിലുമാണ് കൂടുതലും നിക്ഷേപിക്കുക. ഇതേ വിദേശ നാണ്യ ശേഖരത്തിന് ഗുണകരമാകും. എന്നാല്‍ നിലവിലെ അവസ്ഥയില്‍ രാജ്യത്തെത്തുന്ന വിദേശസ്ഥാപന നിക്ഷേപത്തിന്റെ അളവിനെ അപേക്ഷിച്ച് അതിനേക്കാള്‍ ഉയര്‍ന്ന തോതിലാണ് രാജ്യത്ത് നിന്ന് പിന്‍വലിക്കപ്പെടുന്നത്. ഈ വര്‍ഷം സര്‍ക്കാര്‍ കടപത്രങ്ങളില്‍ 20,000 കോടി രൂപയുടെ വിദേശ സ്ഥാപനങ്ങളുടെ നിക്ഷേപമെത്തിയപ്പോള്‍ 25,000 കോടി രൂപയുടെ നിക്ഷേപമാണ് ഇതേ ഗണത്തില്‍ നിന്ന് പിന്‍വലിക്കപ്പെട്ടത്. ഇത് ഓഹരി വിപണിയെ തകര്‍ച്ചയിലേക്ക് നയിച്ചതും രൂപയുടെ മൂല്യശോഷണത്തിനിടയാക്കി. മൂന്ന്: കയറ്റുമതി വര്‍ധിപ്പിക്കുക. മറ്റുള്ള രാജ്യങ്ങളുമായി രാജ്യാന്തര വിപണിയില്‍ മത്സരിക്കാന്‍ രാജ്യത്തെ ഉത്പന്നങ്ങളെ സജ്ജമാക്കി കയറ്റുമതി വര്‍ധിപ്പിക്കുന്നതിലൂടെ രാജ്യത്തിന്റെ വിദേശ നാണ്യശേഖരം വര്‍ധിപ്പിക്കാനാകും.
എന്നാല്‍ നിലവിലെ അവസ്ഥയില്‍ ഇറക്കുമതിക്ക് ആവശ്യമായ വിദേശ നാണ്യ ശേഖരം ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഇതുകാരണം സ്വര്‍ണം, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍ എന്നിവയുടെ ഇറക്കുമതിയില്‍ വന്‍ കുറവ് വന്നിട്ടുണ്ട്. കാരണം ഇതിനാവശ്യമായ വിദേശനാണ്യ ശേഖരം കയറ്റുമതിയിലൂടെ ലഭിക്കുന്നില്ല. ഇതോടൊപ്പം പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ വായ്പയും ലഭിക്കാന്‍ പ്രയാസമനുഭവപ്പെടുകയാണ്. ഹ്രസ്വകാല വായ്പകയെടുത്ത്് ദീര്‍ഘകാല വായ്പ നല്‍കുന്ന ഈ അവസ്ഥയാണ് മെച്ച്യൂറിറ്റി ഡിസ്മാച്ച്. ബേങ്കുകളുള്‍പ്പെടെ അനുഭവപ്പെടുന്ന ഈ പ്രതിസന്ധി തുടര്‍ന്നാല്‍ അത് രാജ്യത്തിന്റെ സാമ്പത്തിക ഘടനക്ക് ഏറെ ഭീഷണിയുയര്‍ത്തുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു.
വന്‍തോതില്‍ വിദേശ നിക്ഷേപം പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ അടുത്ത മാര്‍ച്ച് 31 നകം 55 ശതമാനം വിദേശ നിക്ഷേപം കൂടി രാജ്യത്ത് നിന്ന് പിന്‍വലിക്കപ്പെടാനിരിക്കുകയാണ്. എന്നാല്‍ ഇതിന് പകരം വിദേശ നിക്ഷേപം കണ്ടെത്താനാകാത്തതാണ് ആശങ്കകള്‍ സൃഷ്ടിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷമായി രാജ്യത്ത് അനുഭവപ്പെട്ട വ്യാപാരക്കമ്മി, കടമെടുത്താണ് നികത്തിയിരുന്നത്. നിലവിലെ അവസ്ഥയില്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പലിശ നിരക്ക് ഉയര്‍ത്തിയത് മൂലം കടമെടുക്കുന്നതിനും പ്രയാസം നേരിടുകയാണ്. ഇന്ത്യയുള്‍പ്പെടെ വികസ്വര രാജ്യങ്ങള്‍ നേരിടുന്ന ഈ പ്രശ്‌നത്തിന് ആത്യന്തികമായ പരിഹാരം കാണാന്‍ സാമ്പത്തിക മേഖലയില്‍ ഘടനാപരവും നയപരവുമായ ഇടപെടലുകള്‍ തന്നെയാണ് വേണ്ടത്. നിലവിലെ കറന്റ് അക്കൗണ്ട് കമ്മി ഉയര്‍ന്നു നില്‍ക്കുന്നത് സാമ്പത്തിക വളര്‍ച്ചക്ക് ഭീഷണി ഉയര്‍ത്തുന്നതാണ്. ഇറക്കുമതിച്ചെലവും കയറ്റുമതി വരുമാനവും തമ്മിലുള്ള വ്യത്യാസമായ വിദേശ വ്യാപാര കമ്മി (കറന്റ് അക്കൗണ്ട് കമ്മി) 2012-2013 ല്‍ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 4.8 ശതമാനമായി ഉയര്‍ന്നിരുന്നു.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest