Connect with us

Editorial

അമിത പ്രതീക്ഷകള്‍ അരുത്

Published

|

Last Updated

മൊത്ത വിലസൂചിക അടിസ്ഥാനമാക്കിയുള്ള നാണയപെരുപ്പം ആശങ്കാകുലമാംവിധം ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ധനക്കമ്മി നികത്താനാകാത്തത് പോകട്ടെ, അതൊന്ന് നിയന്ത്രിച്ചുകളയാമെന്ന് ആലോചിച്ചാല്‍ പോലും പിടികിട്ടാത്ത സമസ്യയായി മാറുന്നു. കയറ്റുമതി തുടര്‍ച്ചയായി കുറയുകയും ഇറക്കുമതി ഉയരുകയും ചെയ്യുന്ന ഇന്ത്യന്‍ സാഹചര്യത്തില്‍ കറന്റ് അക്കൗണ്ട് കമ്മി പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. ചുരുക്കത്തില്‍, രാജ്യം സാമ്പത്തിക പ്രതിസന്ധിയുടെ കയത്തില്‍ തന്നെയാണ്. രാജ്യത്ത് നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി, 1991ലെ വിദേശനാണ്യ പ്രതിസന്ധിക്ക് സമാനമായാണ് പോകുന്നത്. കൈവിട്ടുപോയാല്‍ അതിനെ വരുതിയില്‍ കൊണ്ടുവരാന്‍ കുറെയേറെ പ്രയാസപ്പെടേണ്ടിവരും. അതുണ്ടാക്കുന്ന പ്രതിസന്ധിയുടെ ആഴം പ്രവചിക്കുക പ്രയാസമായിരിക്കും. സാമ്പത്തിക രംഗം പുതുക്കിപ്പണിയാന്‍ റിസര്‍വ് ബേങ്ക് നയങ്ങള്‍ പുനഃപരിശോധിക്കണമെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്‍ദേശം ഈ ആശങ്കയുടെ പ്രതിഫലനമായി വേണം കരുതുക. പോയ വാരാന്ത്യത്തില്‍ അനുഭവപ്പെട്ട രൂപയുടെ മൂല്യ ശോഷണം, പണപ്പെരുപ്പത്തിന്റെ കുതിച്ചു കയറ്റം, ഓഹരി വിപണി നേരിട്ട കനത്ത തകര്‍ച്ച, വര്‍ധിച്ചുകൊണ്ടിരിക്കുന്ന കറന്റ് അക്കൗണ്ട് കമ്മി എന്നിവയെല്ലാം നല്‍കുന്ന സൂചനകള്‍ അത്ര ശുഭകരമല്ല. ലോകബേങ്കിന്റെയും അന്താരാഷ്ട്ര നാണയ നിധിയുടേയും ആജ്ഞാനുവര്‍ത്തികളായ സാമ്പത്തിക വിദഗ്ധര്‍ നയരൂപവത്കരണം നടത്തുന്ന നമ്മുടെ നാട്ടില്‍ “ചികിത്സാ മുറകള്‍” പ്രതിസന്ധിക്ക് ഒരിക്കലും പരിഹാരമായിട്ടില്ല. മാത്രമല്ല, പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകകൂടി ചെയ്തിരിക്കുന്നു.
ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 62.03 വരെ എത്തിയത് സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നു. ഓഹരി വിപണിയിലനുഭവപ്പെട്ട റെക്കോര്‍ഡ് തകര്‍ച്ചയും പ്രതിസന്ധിയുടെ ആഴം കൂട്ടുകയാണ്. ഈ തകര്‍ച്ച ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് വരുത്തിവെച്ച നഷ്ടം 2,21,268 ലക്ഷം കോടി രൂപയുടേതാണ്. 2009 ജൂലൈക്ക് ശേഷം സംഭവിക്കുന്ന കനത്ത ഇടിവാണ് ഇത്. നാണയപെരുപ്പത്തിന്റെ തോത് കൂടിവരുന്നതും വ്യാവസായിക ഉത്പാദനം മന്ദീഭവിക്കുന്നതും രാജ്യത്തിന്റെ കറന്റ് അക്കൗണ്ട് കമ്മി നിയന്ത്രിക്കാനാകാതെ പോകുന്നതും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ കുറിച്ച് കടുത്ത ആശങ്കകളുയര്‍ത്തുന്നുണ്ട്. സുരക്ഷിതവും ലാഭകരവുമായ നിക്ഷേപ ലക്ഷ്യമായി ഇന്ത്യയെ കാണാന്‍ അതുകൊണ്ട് തന്നെ വിദേശ ധനസ്ഥാപനങ്ങള്‍ തയ്യാറല്ല. രണ്ട് മാസത്തിനിടയില്‍ രാജ്യത്തെ കടപ്പത്ര, ഓഹരിവിപണികളില്‍ നിന്ന് വിദേശ ധനസ്ഥാപനങ്ങള്‍ പിന്‍വലിച്ചത് 1160 കോടി ഡോളറാണ്. ഏതാണ്ട് 71,920 കോടി രൂപ. നിലവിലുള്ള സൂചനകളനുകരിച്ച് വിദേശ ധനസ്ഥാപനങ്ങള്‍ കൂടുതല്‍ പണം പിന്‍വലിക്കാനാണ് സാധ്യത. വിദേശ നിക്ഷേപം ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രിയും ധനമന്ത്രിയും കണ്ടെത്തിയിരുന്ന മാര്‍ഗങ്ങള്‍ ഫലിക്കാതെ പോകുകയായിരുന്നു. ചില്ലറ വില്‍പന മേഖല നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് തുറന്നുകൊടുത്തത് കാര്യമായ നേട്ടമെ#ാന്നും ഉണ്ടാക്കിയില്ല. ഏറെ പ്രതിഷേധം ഉയര്‍ന്നിട്ടും ടെലികോം, പ്രതിരോധ മേഖലളില്‍ വിദേശ നിക്ഷേപത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ ഇളവുവരുത്തി. എന്നിട്ടും മികച്ച പ്രതികരണമൊന്നും വിദേശ നിക്ഷേപകാര്യത്തിലുണ്ടായില്ല. അസംസ്‌കൃത എണ്ണക്കും സ്വര്‍ണത്തിനും മറ്റുമായി രാജ്യത്ത് നിന്നും വിദേശത്തേക്ക് പണം പ്രവഹിക്കുകയാണ്. ഇത് ഓഹരി നിക്ഷേപകരുടെ പ്രതീക്ഷകള്‍ തല്ലിത്തകര്‍ക്കുന്നു. വെള്ളിയാഴ്ച ഓഹരിവിപണിയില്‍ അനുഭവപ്പെട്ട തകര്‍ച്ചക്ക് കാരണവും ഇതാണ്. ഓഹരി വിപണിയിലെ നിക്ഷേപത്തേക്കാള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ ഇത് പ്രേരണയും നല്‍കുന്നു. സ്വര്‍ണ വില ഇനിയും കൂടുമെന്നാണ് പ്രവചനങ്ങള്‍.
1991ലേത് പോലുള്ള സാമ്പത്തിക പ്രതിസന്ധി രാജ്യത്ത് ആവര്‍ത്തിക്കില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഉറച്ച് വിശ്വസിക്കുന്നു. 1991ല്‍ പതിനഞ്ച് ദിവസത്തെക്കുള്ള വിദേശനാണ്യ ശേഖരമാണ് ഇന്ത്യക്കുണ്ടായിരുന്നത്. ഇന്ന് ആറോ ഏഴോ മാസത്തേക്കുള്ള വിദേശ നാണ്യ ശേഖരമുണ്ടെന്നതാണ് പ്രധാനമന്ത്രിയുടെ ഉറപ്പിന് അടിസ്ഥാനം. ആര്‍ ബി ഐ ഗവര്‍ണര്‍ ഡി സുബ്ബറാവു സ്ഥാനമൊഴിയുകയും പുതിയ ഗവര്‍ണറായി സെപ്തംബര്‍ നാലിന് രഘു റാം രാജന്‍ ചുമതലയേല്‍ക്കാനിരിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍. റിസര്‍വ് ബേങ്കിന്റെ നയത്തില്‍ കാര്യമായ മാറ്റം വേണമെന്ന് പ്രധാനമന്ത്രിയുടെ പ്രസ്താവന നിര്‍ദേശിക്കുന്നുണ്ടെങ്കിലും കൂടുതല്‍ ഒന്നും പ്രതീക്ഷിക്കരുതെന്നാണ് മുന്‍കാല അനുഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നത്. കുത്തകകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും അനുഗുണമായതേ ഇന്ത്യന്‍ ജനതക്ക് പ്രതീക്ഷിക്കാനാകൂ. കൂടുതല്‍ ഉദാരവത്കൃത നയങ്ങളും നിലപാടുകളുമാണ് കേന്ദ്ര സര്‍ക്കാര്‍ അവലംബിക്കാനിരിക്കുന്നതെന്ന് പ്രധാനമന്ത്രിയും ധനമന്ത്രിയും ഇതിനകം വളച്ചുകെട്ടില്ലാതെ പ്രഖ്യാപിച്ചതാണ്. അതുകൊണ്ട്തന്നെ സാമ്പത്തിക മേഖലയില്‍ അടിസ്ഥാന പരവും വിപ്ലവകരവുമായ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഇനിവരുന്ന പ്രഖ്യാപനങ്ങളും പ്രസംഗങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ണുവെച്ചുള്ളതായിരിക്കും. അതുകൊണ്ട് അമിതപ്രതീക്ഷകള്‍ അരുത്.