രാഷ്ട്രപതി അവസാനത്തെ ദയാഹരജിയും തള്ളി; രണ്ട് പേര്‍ക്ക് കൂടി കൊലക്കയര്‍

Posted on: August 16, 2013 11:40 pm | Last updated: August 16, 2013 at 11:40 pm
SHARE

hangന്യൂഡല്‍ഹി: രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി ഒരു ദയാഹരജി കൂടി തള്ളി. ഇതോടെകര്‍ണാടകയില്‍ 18കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ രണ്ട് പേര്‍ക്ക് തൂക്കുകയര്‍ ഉറപ്പായി. 11 ദയാഹരജികളാണ് രാഷ്ട്രപതി തള്ളിയത്. ഈ 11 കേസുകളിലായി 17 പേര്‍ക്കാണ് വധശിക്ഷ വിധിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ദയാഹരജികള്‍ തള്ളിയ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയാണ്.

1992-1997 കാലയളവില്‍ ശങ്കര്‍ദയാല്‍ ശര്‍മ 14 ദയാഹരജികള്‍ തള്ളിയിരുന്നു. അഞ്ച് വര്‍ഷത്തിനിടെയായിരുന്നു ഇത്. എന്നാല്‍ പ്രണാബ് കുമാര്‍ മുഖര്‍ജി 13 മാസത്തിനിടെയാണ് 11 ഹരജികളും തള്ളിയത്. പ്രസിഡന്റിന്റെ ഓഫീസില്‍ ഇനി ദയാഹരജികളൊന്നും പരിഗണിക്കാനില്ലെന്ന് രാഷ്ട്രപതി ഭവന്‍ അറിയിച്ചു.കര്‍ണാടക സ്വദേശികളായ ശിവു, ജഡേജസ്വാമി എന്നിവരുടെ ദയാഹരജികളാണ് അവസാനമായി തള്ളിയത്. 2001 ഒക്‌ടോബര്‍ അഞ്ചിന് 18 കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കപ്പെട്ടവരാണിവര്‍. 2005 ല്‍ വിചാരണാ കോടതി വിധിച്ച വധശിക്ഷ 2007 ല്‍ സുപ്രീം കോടതി ശരിവെച്ചു. ശിവുവിന്റെ വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാതാവ് ചെല്ലമ്മയും ഹൊസൂര്‍ ബദരായനഹള്ളി കുറാത്തി ഹൊസൂര്‍ ഗ്രാമപഞ്ചായത്തും രണ്ട് ദയാഹരജികള്‍ ആഭ്യന്തര വകുപ്പിന് നല്‍കിയിരുന്നു. ഇത് തള്ളിയ ആഭ്യന്തര വകുപ്പ് ജൂണില്‍ ഹരജി പ്രസിഡന്റിന്റെ പരിഗണനക്ക് വിടുകയായിരുന്നു. അഞ്ച് പെണ്‍മക്കളെ കൊലപ്പെടുത്തിയ പിതാവിന്റെ ദയാഹരജിയും ജൂലൈ 22 ന് രാഷ്ട്രപതി തള്ളിയിരുന്നു.
ഭരണഘടനയുടെ 72ാം അനുച്ഛേദമാണ് വധശിക്ഷ റദ്ദാക്കാനോ നീട്ടിവെക്കാനോ ശരിവെക്കാനോ രാഷ്ട്രപതിക്ക് അധികാരം നല്‍കുന്നത്.