പശ്ചിമഘട്ട വികസന പദ്ധതി ഇഴയുന്നു

Posted on: August 14, 2013 6:25 am | Last updated: August 14, 2013 at 6:25 am
SHARE

മലപ്പുറം: പശ്ചിമഘട്ട വികസനത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതി ജില്ലയില്‍ ഒരുപതിറ്റാണ്ട് കഴിഞ്ഞിട്ടും പൂര്‍ത്തിയായില്ല. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കടുത്ത അലംഭാവമാണ് പദ്ധതി ഇഴഞ്ഞുനീങ്ങാന്‍ കാരണമായിരിക്കുന്നത്.
പശ്ചിമഘട്ട വികസന പദ്ധതി പ്രകാരം 2002 മുതല്‍ 60 പഞ്ചായത്തുകള്‍ക്ക് അനുവദിച്ച പദ്ധതികളാണ് ഇതുവരെ പൂര്‍ത്തിയാകാത്തത്. നീര്‍ത്തട പരിപാലനം, തോടുകള്‍ക്ക് കുറുകെയുള്ള നടപ്പാലങ്ങള്‍, സ്ത്രീ ശാക്തീകരണം, എസ് സി, എസ് ടി വിഭാഗങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുക തുടങ്ങിയവ ഉള്‍ക്കൊനള്ളുന്നതാണ് പദ്ധതി.
നീര്‍ത്തട സംരക്ഷണത്തിന് മുന്‍ വര്‍ഷങ്ങളില്‍ പഞ്ചായത്തുകള്‍ക്ക് അനുവദിച്ച രണ്ടുകോടി രൂപ ഇതുവരെ ചിലവഴിച്ചിട്ടില്ല. ജില്ലയില്‍ 60 പഞ്ചായത്തുകളിലായി 28 നീര്‍ത്തടങ്ങളാണുള്ളത്. ഇവയുടെ സംരക്ഷണ, വികസന പദ്ധതികളാണ് പാതിവഴിയിലായത്. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലായ്മയും അനാവശ്യ ശാഠ്യങ്ങളുമാണ് പദ്ധതിക്ക് വിലങ്ങുതടി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും കൃഷി ഓഫീസര്‍ കണ്‍വീനറുമായ നീര്‍ത്തട സംരക്ഷണ കമ്മിറ്റികള്‍ക്കാണ് പദ്ധതിയുടെ ചുമതല. ചിലവിന്റെ 80 ശതമാനം കേന്ദ്രസര്‍ക്കാറും പത്തുശതമാനം വീതം പഞ്ചായത്തും ഉപഭോക്താക്കളുമാണ് നല്‍കേണ്ടത്. ഇങ്ങനെ ഒരു ഹെക്ടറിന് 15000 രൂപയാണ് ലഭിക്കുക. കഴിഞ്ഞ വര്‍ഷം ഇത് 7500 രൂപയായിരുന്നു. ഇത്തവണ പെരിന്തല്‍മമണ്ണ, നിലമ്പൂര്‍, മങ്കട, കാളികാവ് എന്നിവിടങ്ങളിലുള്ള നാല് നീര്‍ത്തടങ്ങളുടെ വികസനത്തിനായി ജില്ലാഭരണകൂടം സംസ്ഥാന സര്‍ക്കാറിന്റെ അനുമതി തേടിയിട്ടുണ്ട്.
പഞ്ചായത്തുകളില്‍ നിന്ന് ഒമ്പത് പദ്ധതികള്‍ക്കുള്ള അപേക്ഷ ലഭിച്ചിരുന്നു. ഇതില്‍ നിന്ന് തിരഞ്ഞെടുത്തവയാണ് ഈവര്‍ഷം നടപ്പിലാക്കുന്നത്. മുന്‍കാലങ്ങളിലെ പദ്ധതികള്‍ മിക്കതും നടപ്പിലാക്കാത്തതിനാല്‍ പുതിയ പദ്ധതികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. എസ് സി, എസ് ടി വിഭാഗങ്ങള്‍ക്ക് വീടുനിര്‍മിച്ച് നല്‍കുന്ന പദ്ധതിയും പൂര്‍ണമായി നടപ്പിലാക്കിയിട്ടില്ല. പഞ്ചായത്തിന് വിവിധ വകുപ്പുകളില്‍ നിന്ന് ഫണ്ട് ലഭിക്കാനുള്ള പ്രയാസങ്ങളാണ് ഇതിന് കാരണം.