Connect with us

Wayanad

നെല്‍കൃഷിയിറക്കുന്ന കൂട്ടായ്മകളുടെ എണ്ണം വര്‍ധിക്കുന്നു; വയനാട് ഗതകാല പ്രതാപത്തിലേക്ക്

Published

|

Last Updated

കല്‍പറ്റ: നെല്‍കൃഷിയില്‍ ഗതകാലപ്രതാപത്തിന്റെ വീണ്ടെടുപ്പിന് വയനാട്ടില്‍ കളമൊരുക്കം. ഭക്ഷ്യസുരക്ഷയിലും ജലസംരക്ഷണത്തിലുമുള്ള പ്രാധാന്യം യുവതലമുറ തിരിച്ചറിഞ്ഞതാണ് ജില്ലയില്‍ നെല്‍കൃഷിയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. വര്‍ഷങ്ങളായി തരിശിട്ടിരുന്ന പാടങ്ങള്‍ പാട്ടത്തിനെടുത്ത് നെല്‍കൃഷിയിറക്കുന്ന കൂട്ടായ്മകളുടെ എണ്ണം ജില്ലയില്‍ വര്‍ധിക്കുകയാണ്. സര്‍ക്കാരും കുടുംബശ്രീയും മറ്റ് ഏജന്‍സികളും നല്‍കുന്ന പ്രോത്സാഹനവും യുവജനങ്ങളുടെ ശ്രദ്ധ നെല്‍കൃഷിയിലേക്ക് തിരിയുന്നതിനു സഹായകമായിട്ടുണ്ട്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ജില്ലയില്‍ നഞ്ചകൃഷി ചെയ്യുന്ന പാടത്തിന്റെ അളവില്‍ 2000 ഓളം ഏക്കറിന്റെ വര്‍ധനയുണ്ട്. കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 2012ല്‍ ജില്ലയില്‍ 11,000 ഹെക്ടറിലായിരുന്നു നഞ്ചകൃഷി. അടുത്തവര്‍ഷമാകുമ്പോഴേക്കും നെല്‍കൃഷി ചെയ്യുന്ന പാടത്തിന്റെ അളവില്‍ ഗണ്യമായ വര്‍ധന ഉണ്ടാകുമെന്നാണ് കൃഷി ഉദ്യോഗസ്ഥരുടെ അനുമാനം. കുടുംബശ്രീ ജില്ലാ മിഷന്‍ അതിനു കീഴില്‍ പുതുതായി രൂപീകരിച്ച 1000 സംയുക്തബാധ്യതാസംഘങ്ങള്‍ക്ക് കൃഷി ആവശ്യത്തിന് നബാര്‍ഡും കനറാ ബാങ്കുമായി സഹകരിച്ച് പലിശരഹിത വായ്പ ലഭ്യമാക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചുകഴിഞ്ഞു. ഒരു സംഘത്തിലെ ഒരംഗത്തിന് ഒരു ലക്ഷം രൂപ വരെ വായ്പ നല്‍കുന്നതാണ് പദ്ധതി. വായ്പ ഉപയോഗപ്പെടുത്തി നെല്‍കൃഷിയും നടത്താനാണ് സംയുക്ത ബാധ്യതാ സംഘങ്ങളുടെ തീരുമാനം. ഇത്തവണ പനമരത്ത് 250 ഏക്കറില്‍ നെല്‍കൃഷിയിറക്കാനും കുടുംബശ്രീ ജില്ലാ മിഷന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കോ ഓര്‍ഡിനേറ്റര്‍ പി.പി.മുഹമ്മദ് പറഞ്ഞു.
നെല്‍കൃഷിയുടെ വ്യാപനവും പരമ്പരാഗത നെല്‍വിത്തുകളുടെ സംരക്ഷണവും മുഖ്യലക്ഷ്യങ്ങളായി ഈയിടെ നിലവില്‍വന്ന വയനാട് സ്‌പൈസസ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ പ്രൊഡ്യുസര്‍ കമ്പനി നടവയലിനടുത്ത് പുഞ്ചവയലില്‍ പാട്ടത്തിനെടുത്ത അഞ്ച് ഏക്കറില്‍ കഴിഞ്ഞമാസം നെല്‍കൃഷി ഇറക്കി. ഏഴുവര്‍ഷമായി തരിശുകിടന്ന് കാടുപിടിച്ച പാടമാണ് ഒരുക്കി നെല്ല് നട്ടതെന്ന് കമ്പനി പ്രൊമോട്ടര്‍മാരില്‍ ഒരാളായ ജോസ് സെബാസ്റ്റ്യന്‍ പറഞ്ഞു. ഗന്ധകശാല, ചോമാല, അടുക്കന്‍, തൊണ്ടി തുടങ്ങിയ പരമ്പരാഗത ഇനം നെല്‍വിത്തുകളാണ് ഇത്രയും സ്ഥലത്ത് പരമ്പരാഗതരീതിയില്‍ കൃഷിചെയ്തത്. ഇതിനോടു ചേര്‍ന്ന് തരിശുകിടക്കുന്ന 15 ഏക്കറില്‍ യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി ആധുനികരീതിയില്‍ കൃഷിയിറക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. അടുത്തവര്‍ഷം കൂടുതല്‍ സ്ഥലത്ത് കൃഷി വ്യാപിപ്പിക്കും.
നാല് പതിറ്റാണ്ടു മുന്‍പ് വരെ നെല്‍കൃഷിക്ക് പ്രസിദ്ധമായിരുന്നു വയനാട്. ഏകദേശം അര ലക്ഷം ഹെക്ടറിലായിരുന്നു ജില്ലയില്‍ നെല്‍കൃഷി. കാലപ്രയാണത്തില്‍ നെല്‍കൃഷി ചെയ്യുന്ന വയലിന്റെ അളവ് കുറയുകയായിരുന്നു. വരവും ചെലവും തമ്മിലുള്ള വലിയ അന്തരമാണ് കര്‍ഷകര്‍ നെല്‍കൃഷിയില്‍നിന്നു അകറ്റിയത്. ഉല്‍പാദന ചെലവിന്റെ അയലത്തുവരുമായിരുന്നില്ല നെല്ലും വൈക്കോലും വിറ്റാല്‍ കിട്ടുന്ന വരവ്. ജലദൗര്‍ലഭ്യം, തൊഴിലാളി ക്ഷാമം തുടങ്ങിയവയും കൃഷിക്കാരുടെ മനംമടുപ്പിനു കാരണമായി. സ്വന്തമായി ഹെക്ടര്‍ കണക്കിനു പാടം ഉള്ള കുടുംബങ്ങള്‍ പോലും നെല്‍കൃഷി വീട്ടാവശ്യത്തിനു മാത്രമാക്കി. ബാക്കി ഭൂമി ലാഭകരമായ കമുക്, ഇഞ്ചി, വാഴ, ചേന തുടങ്ങിയ കൃഷികള്‍ക്കായി നീക്കിവെച്ചു. ഇത് പില്‍ക്കാലത്ത് ജില്ലയില്‍ പാരിസ്ഥിതികത്തകര്‍ച്ചയ്ക്കുതന്നെ കാരണമായി.
ഭക്ഷ്യസുരക്ഷയും ജലസംരക്ഷണവും മുന്‍നിര്‍ത്തി സര്‍ക്കാരും വിവിധ ഏജന്‍സികളും അടുത്തകാലത്ത് അടുത്തകാലത്ത് ആവിഷ്‌കരിച്ച പദ്ധതികളില്‍ യുവകര്‍ഷകര്‍ പൊതുവെ ആകൃഷ്ടരാണ്. തരിശുകിടക്കുന്ന പാടങ്ങളിലെ നെല്‍കൃഷിക്ക് ഹെക്ടറിന് 25,000 രൂപ സര്‍ക്കാര്‍ കൃഷി വകുപ്പ് മുഖേന സാമ്പത്തിക സഹായം നല്‍കുന്നുണ്ട്. പാടശേഖര സമിതികള്‍ക്കും നെല്‍കൃഷിയില്‍ ഏര്‍പ്പെടുന്ന കൂട്ടായ്മകള്‍ക്കും യന്ത്രങ്ങള്‍ വാങ്ങുന്നതിന് ആകര്‍ഷകമായ സബ്‌സിഡിയോടെ വായ്പ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം മാത്രം ജില്ലാ പഞ്ചായത്ത് രണ്ട് ഡസനോളം പട്ടികവര്‍ഗ വനിതാ സ്വയംസഹായ സംഘങ്ങള്‍ക്ക് കൃഷി ആവശ്യത്തിനു ട്രാക്ടര്‍ സൗജന്യമായി നല്‍കുകയുണ്ടായി.
സര്‍ക്കാര്‍ നെല്ലിനു താങ്ങുവില നിശ്ചയിച്ചതും സംഭരണ സംവിധാനം ഏര്‍പ്പെടുത്തിയതും കര്‍ഷകരില്‍ നെല്‍കൃഷിയോടുള്ള ആഭിമുഖ്യം വര്‍ധിക്കുന്നതിനു ഇടയാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ ഈ ഇടപെടലാണ് പൊതുവിപണിയില്‍ നെല്ലിനു മാന്യമായ വില ഉറപ്പുവരുത്തിയതെന്നതില്‍ കര്‍ഷകരില്‍ രണ്ടുപക്ഷമില്ല. കഴിഞ്ഞ വിളവെടുപ്പുകാലത്ത് നെല്ല് കിലോഗ്രാമിന് പൊതുവിപണിയില്‍ 20 രൂപ വരെ വില ലഭിച്ചിരുന്നു.
കാര്‍ഷികയന്ത്രങ്ങളുടെ വ്യാപകമായ ഉപയോഗം ജില്ലയില്‍ തൊഴിലാളിക്ഷാമം ഒരളവോളം പരിഹൃതമാകുന്നതിനു സഹായകമായിട്ടുണ്ട്.
നെല്‍കൃഷിയുടെ വിവിധ ഘട്ടങ്ങളില്‍ ഉപയോഗപ്പെടുത്താവുന്ന യന്ത്രങ്ങള്‍ സുലഭമാണ്. യന്ത്രോപയോഗത്തില്‍ കൃഷിവകുപ്പും മറ്റും യുവജനങ്ങള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്.നിലവില്‍ വയനാട്ടിലെ പാടങ്ങളില്‍ നഞ്ചകൃഷി നടന്നുവരികയാണ്. നീണ്ട ഇടവേളയ്ക്കുശേഷം ഉണ്ടായ ജലസമൃദ്ധിയില്‍ ആഹഌദഭരിതരായാണ് കര്‍ഷകര്‍ നെല്‍കൃഷി ഇറക്കുന്നത്.