Connect with us

Kannur

അബ്ദുസ്സലാം ഹാജി വധം: രണ്ട് പ്രതികള്‍ അറസ്റ്റില്‍

Published

|

Last Updated

തൃക്കരിപ്പൂര്‍: ദുബൈയിലെ വ്യവസായ പ്രമുഖന്‍ വെള്ളാപ്പിലെ എ ബി അബ്ദുസ്സലാം ഹാജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം കോട്ടപ്പുറം സ്വദേശി ഇ കെ മുഹമ്മദ് നൗഷാദ്(34), ഇ കെ മുഹമ്മദ് റമീസ്(27) എന്നിവരെയാണ് അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇരുവരും സഹോദരീപുത്രന്മാരാണ്.
കേസില്‍ നൗഷാദ് ഒന്നാം പ്രതിയും റമീസ് മൂന്നാം പ്രതിയുമാണ്. ഇരുവരും മൂന്ന് മാസം മുമ്പാണ് കുവൈത്തില്‍ നിന്ന് നാട്ടിലെത്തിയത്. ആലപ്പുഴയിലെ ഒരു യുവാവിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് സംഘടിപ്പിച്ച മൊബൈല്‍ സിം കാര്‍ഡാണ് പ്രതിയായ നൗഷാദ് ഉപയോഗിച്ചിരുന്നത്. കൊല നടന്ന ദിവസം ഈ കാര്‍ഡുപയോഗിച്ച് ചെയ്ത ഫോണ്‍കോളാണ് പ്രതികളെ തിരിച്ചറിയാനും കണ്ടെത്താനും സഹായിച്ചത്. നൗഷാദാണ് കവര്‍ച്ചയുടെ ആസൂത്രണവും ഏകോപനവും നടത്തിയതെങ്കിലും കൃത്യത്തില്‍ നേരിട്ടിടപെട്ടിട്ടില്ലെന്നാണ് വിവരം. എന്നാല്‍ ഒന്നര മാസം മുമ്പ് പരിസര നിരീക്ഷണം നടത്തി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത് ഇയാളാണ്. മൂന്നാം പ്രതി റമീസാണ് മധ്യകേരളത്തിലെ ക്വട്ടേഷന്‍ സംഘത്തെ കൂട്ടി വെള്ളാപ്പിലെ വീട്ടിലെത്തി കൃത്യം നിര്‍വഹിച്ചതെന്നും അറിയുന്നു. സംഘത്തില്‍ പെട്ട പ്രതികള്‍ ഇനിയും പുറത്തുണ്ടെന്നാണ് പോലീസില്‍ നിന്ന് ലഭിച്ച വിവരം.
കഴിഞ്ഞ നാലാം തീയതിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കവര്‍ച്ചയായിരുന്നു അക്രമി സംഘത്തിന്റെ പ്രധാന ഉദ്ദേശ്യം. 58കാരനായ സലാം ഹാജിയെ മാസ്‌കിംഗ് ടാപ്പ് കൊണ്ട് വായയും മുഖവും വരിഞ്ഞുമുറുക്കി കസേര കൊണ്ട് മര്‍ദിച്ച് അവശനാക്കിയശേഷമാണ് കവര്‍ച്ച നടത്തിയത്. രണ്ട് നിലകളിലുള്ള വീട്ടിലെ എല്ലാ മുറികളിലും കയറി പരിശോധന നടത്തിയായിരുന്നു കവര്‍ച്ച. മക്കളായ സഫ, സുഫിയാന്‍, ഭാര്യ സുബൈദ എന്നിവരെയും മാസ്‌കിംഗ് ടാപ്പ് ഉപയോഗിച്ച് വരിഞ്ഞുകെട്ടി മുറികള്‍ക്കുള്ളില്‍ പൂട്ടിയിട്ട ശേഷമാണ് കൃത്യം നടത്തിയത്.
സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കകം തന്നെ മധ്യകേരളത്തിലെ ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഐ ജി. എസ് ഗോപിനാഥ്, എ ഡി ജി പി. ശങ്കര്‍ റെഡ്ഢി എന്നീ ഉയര്‍ന്ന പോലീസുദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയശേഷം തെളിവെടുപ്പിനായി തൃക്കരിപ്പൂരില്‍ കൊണ്ടുവരും. കണ്ണൂര്‍ എസ് പി. രാഹുല്‍ ജി നായര്‍, കാസര്‍കോട് എസ് പി. തോംസണ്‍ ജോസ്, ഡി വൈ എസ് പിമാരായ മോഹനചന്ദ്രന്‍, പി തമ്പാന്‍, സി ഐ. ടി എന്‍ സജീവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 20 അംഗ ടീമാണ് കേസന്വേഷണം നടത്തിയത്.