Connect with us

National

സച്ചാര്‍ റിപ്പോര്‍ട്ട്: പുരോഗതി വിലയിരുത്താന്‍ പ്രത്യേക സമിതി

Published

|

Last Updated

ന്യൂഡല്‍ഹി: സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കിയതിന്റെ പുരോഗതി വിലയിരുത്താനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുമെന്ന് ന്യൂനപക്ഷകാര്യ മന്ത്രി കെ റഹ്മാന്‍ഖാന്‍ പറഞ്ഞു. മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥ പഠിക്കാനായി നിയോഗിച്ച ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ട ശേഷം സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ തീര്‍ത്തും പര്യാപ്തമാണെന്ന് പറയാനാകില്ല. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമം വിലയിരുത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കുന്നത് ഈ പശ്ചാത്തലത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.
കമ്മിറ്റിക്ക് അതിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്ന് മാസത്തെ സമയമാണ് അനുവദിക്കുക. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായ പ്രൊഫസര്‍ അമിതാഭ് കുണ്ടുവിന്റെ അധ്യക്ഷതയിലായിരിക്കും കമ്മിറ്റി. വിവിധ മേഖലകളിലെ വിദഗ്ധരും സാമ്പത്തിക രംഗത്തെ പ്രമുഖരും കമ്മിറ്റിയില്‍ അംഗങ്ങളായിരിക്കും. എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഫറാ നഖ്‌വിയും കമ്മിറ്റിയില്‍ അംഗമാകാന്‍ സാധ്യതയുണ്ടെന്ന് റഹ്മാന്‍ഖാന്‍ പറഞ്ഞു. ദേശീയ ഉപദേശക കൗണ്‍സില്‍ അംഗമാണ് ഫറാ നഖ്‌വി.
വിദ്യാഭ്യാസത്തിലും തൊഴിലിലും മുസ്‌ലിം പ്രാതിനിധ്യം പരിതാപകരമാണെന്ന് സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. 76 ശിപാര്‍ശകളാണ് കമ്മിറ്റി മുന്നോട്ട് വെച്ചത്. അതില്‍ 72ഉം സര്‍ക്കാര്‍ അംഗീകരിച്ചു. റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെച്ചിട്ട് ഏഴ് വര്‍ഷം പിന്നിടുമ്പോഴും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയ കാര്യങ്ങളില്‍ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല കൂടുതല്‍ വഷളാകുകയാണ്. 2011-12 കാലയളവില്‍ അഞ്ച് ന്യൂനപക്ഷ സമുദായങ്ങളില്‍ നിന്നുള്ള (മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, സൗരാഷ്ട്ര) ഉദ്യോഗാര്‍ഥികള്‍ക്ക് പുതിയ നിയമനങ്ങളില്‍ 6.24 ശതമാനം മാത്രമാണ് പ്രാതിനിധ്യം ലഭിച്ചത്. വിവിധ മന്ത്രാലയങ്ങള്‍, പൊതു മേഖലാ ബേങ്കുകള്‍, റെയില്‍വേ, അര്‍ധ സൈനിക വിഭാഗങ്ങള്‍, പൊതുമേഖലാ വ്യവസായ യൂനിറ്റുകള്‍ തുടങ്ങിയ വിഭാഗങ്ങളിലെ കണക്കാണിത്. 2010-11 കാലയളവില്‍ ഇത് 10.18 ശതമാനമായിരുന്നു. 2009-10ല്‍ ഇത് 7.28 ശതമാനവുമായിരുന്നു.
പൊതു കമ്മിറ്റികളിലും ഭരണ സംവിധാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ന്യൂനപക്ഷ പ്രാതിനിധ്യം അവയുടെ ജനസംഖ്യക്ക് ആനുപാതികമല്ലെന്ന് ലോക്‌സഭയില്‍ ചോദ്യത്തിന് മറുപടി പറയവേ ന്യൂനപക്ഷകാര്യ സഹമന്ത്രി നിനോംഗ് എറിംഗ് വ്യക്തമാക്കിയിരുന്നു.

 

Latest