കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് മുഖപത്രം

Posted on: August 7, 2013 8:28 am | Last updated: August 7, 2013 at 9:42 am

Adv-KNA-Kadar

കോഴിക്കോട്: കോണ്‍ഗ്രസിലെ ദേശീയ സംസ്ഥാന നേതൃത്വങ്ങളെ വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക. ലീഗ് എംഎല്‍എ കെഎന്‍എ ഖാദറാണ് ലേഖനമെഴുതിയത്. വാചകമടികൊണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പ് വിജയിക്കാനാകില്ലെന്നും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ദയനീയ പരാജയമാണ് നേരിടാന്‍ പോകുന്നത്. തെരഞ്ഞെടുപ്പ് ജയിക്കണമെങ്കില്‍ അല്‍ഭുതങ്ങള്‍ സംഭവിക്കണമെന്നും ലേഖനത്തില്‍ പറയുന്നു. കേരളത്തിലെ പ്രശ്‌നം പരിഹരിക്കുന്നതിന് ഹൈക്കമാന്‍ഡ് ഇടപെടണമെന്ന ലീഗിന്റെ ആവശ്യം പരിഗണിക്കാത്തതിന്റെ പശ്ചാതലത്തിലാണ് വിമര്‍ശനം.

 

ചന്ദ്രികയില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ രൂപം

കാലവര്‍ഷക്കെടുതികളില്‍ നിന്ന് യു.ഡി.എഫിനെ രക്ഷിക്കുക
ഇന്ത്യയില്‍ നരേന്ദ്രമോഡിയും കൂട്ടരും അധികാരത്തിന്റെ വാതിലില്‍ മുട്ടിവിളിക്കുകയാണ്. ആര്‍.എസ്.എസ് സംഘപരിവാര്‍ ശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ബി.ജെ.പിയും അനുബന്ധ സംഘടനകളും ചേര്‍ന്ന് രൂപീകരിക്കുന്ന സഖ്യം അധികാരത്തില്‍ വരാനുള്ള സാധ്യതകള്‍ ഏറിവരികയാണ്.

യു.പി.എ സര്‍ക്കാര്‍ തന്നെ വന്‍ പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നു. രാജ്യം ഇന്നേവരെ ദര്‍ശിച്ചിട്ടില്ലാത്ത വിധം ഭീമമായ അഴിമതിയും കുംഭകോണവുമുള്‍പ്പെടെ പല പ്രശ്‌നങ്ങളും അവര്‍ നേരിടുന്നു. തെലുങ്കാന സംസ്ഥാന രൂപീകരണം സംബന്ധിച്ച വിഷയങ്ങളും നിസാരമല്ല. കോണ്‍ഗ്രസ് സഖ്യം ഇനി അധികാരത്തില്‍ വരിക എന്തായാലും എളുപ്പമല്ല. പരമാവധി സീറ്റുകള്‍ സമാഹരിക്കുവാന്‍ കോണ്‍ഗ്രസിനു നന്നായി വിയര്‍ക്കേണ്ടതുണ്ട്. ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ പോലും അവര്‍ക്കും കഴിയുകയില്ലെന്നാണ് ഇതിനകം നടന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

വളരെ ആപല്‍ക്കരമായ ഈ സ്ഥിതിവിശേഷം മറികടക്കാനാവശ്യമായ ജാഗ്രത കോണ്‍ഗ്രസ് പുലര്‍ത്തുന്നതായി തോന്നുന്നില്ല. മോഡി അധികാരത്തില്‍ വന്നാല്‍ ഉണ്ടാകുന്ന സ്ഥിതിവിശേഷം ലഘുവായി കാണരുത്. അമേരിക്കന്‍ സാമ്രാജ്യത്വവും, ബഹുരാഷ്ട്ര കുത്തകകളും യു.എസ് ഇസ്രാഈല്‍ ചാര സംഘടനകളും ഉള്‍പ്പെടെയുള്ള ആസൂത്രിതമായ ഒരു വന്‍ സംവിധാനം മോഡിക്കു വേണ്ടി പ്രവര്‍ത്തിച്ചു വരികയാണ്. രാഷ്ട്രീയമായും മറ്റു വിധത്തിലും ഇതിനെ നേരിടുവാന്‍ തക്ക ശേഷിയുമുഉള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പക്ഷേ ഏക മനസ്സോടെ ശക്തമായ ഒരു പ്രതിരോധദുര്‍ഗം തീര്‍ക്കാന്‍ അവര്‍ തയാറായതിന്റെ യാതൊരു ലക്ഷണവും കാണാനില്ല. മാത്രമല്ല കോണ്‍ഗ്രസ്സും സഖ്യകക്ഷികളും ദുര്‍ബലമായി വരുന്നതിന്റെ സൂചനകള്‍ കാണപ്പെടുന്നുണ്ട്താനും.

ഈ സാഹചര്യത്തിലാണ് തെലുങ്കാന സംസ്ഥാന രൂപീകരണ നിര്‍ദേശത്തോടെ വന്നിരിക്കുന്ന പ്രശ്‌നങ്ങളും കേരളത്തിലെ യു.ഡി.എഫില്‍ ഉയര്‍ന്നിരിക്കുന്ന പ്രതിസന്ധികളും കാണേണ്ടത്. ഒറ്റക്കെട്ടായി ലോക് സഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന വാചക മടികൊണ്ടൊന്നും കേരളത്തിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാനാവുകയില്ല.

തെരഞ്ഞെടുപ്പ് ഈ വര്‍ഷം തന്നെ വന്നാല്‍ പ്രത്യേകിച്ചും അതിനു സമയവുമില്ല. കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലഹങ്ങള്‍ ചിലപ്പോള്‍ അതിര്‍വരമ്പുകള്‍ ലംഘിക്കുന്നു. ഘടക കക്ഷികളുടെ ഇടപെടല്‍ കൊണ്ടോ, പ്രതിപക്ഷത്തിന്റെ ഇടങ്കോലിടല്‍ കൊണ്ടോ അല്ല കോണ്‍ഗ്രസ് ഈ കുഴപ്പത്തില്‍ ചെന്നു ചാടിയത്. മന്ത്രി സഭാ രൂപീകരണ ഘട്ടം മുതല്‍ പുകഞ്ഞു കൊണ്ടിരുന്ന ചില പ്രശ്‌നങ്ങളാണ് ഇപ്പോള്‍ സന്ദര്‍ഭം കിട്ടിയപ്പോള്‍ വളര്‍ന്നു വികസിച്ചിട്ടുള്ളത്.

ഇക്കഴിഞ്ഞ ലോക്‌സഭ, നിയമസഭ, തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പുകളില്‍ ഐക്യജനാധിപത്യ മുന്നണി വന്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഇനി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അതേ അളവില്‍ വിജയം വരിക്കാന്‍ മുന്നണിക്കാവുകയില്ലെന്ന് വളരെ വ്യക്തമാണ്. അതിനിടയില്‍ വല്ല അത്ഭുതങ്ങളും സംഭവിച്ചാല്‍ മാത്രമേ മാറ്റങ്ങളുണ്ടാവുകയുള്ളു.

കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള മുന്നണിക്കോ മന്ത്രിസഭക്കോ ഒരു പോറലുമേല്‍പ്പിക്കാന്‍ ഇടതു മുന്നണിക്ക് സാധിച്ചിട്ടില്ല. പഠിച്ച പണി പതിനെട്ടും പയറ്റിയെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും മുന്നണിയും ഇക്കാര്യത്തില്‍ തികച്ചും പരാജയപ്പെട്ടുപോയി. അവര്‍ക്കിടയിലെ കലഹങ്ങളും ടി.പി. വധക്കേസും മറ്റനേകം പ്രശ്‌നങ്ങളും കാരണം പ്രതിപക്ഷം ഇതു വരെ കഷ്ടപ്പെടുകയായിരുന്നു. ഇപ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ക്ക് അവര്‍ക്കിടയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ നിന്നും ഏറെകുറെ തലയൂരാന്‍ സാധിച്ചിരിക്കുന്നു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ പിണറായി അച്യുതാനന്ദന്‍ പോരിനു പോലും നേരിയ ശമനമുണ്ടായിരിക്കുന്നു.

ഇനിയൊരിക്കലും അധികാരത്തില്‍ വരാനാവാത്ത വിധം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തീര്‍ത്തും ദുര്‍ബലമായി കഴിഞ്ഞിരുന്നു. ജനങ്ങളില്‍ നിന്നും അത് ഒറ്റപ്പെട്ടിരുന്നു. ഇപ്പോഴാകട്ടെ അവരില്‍ പ്രത്യാശയം പ്രതീക്ഷയും സംജാതമായിരിക്കുന്നു. അവരുടെ പ്രഹര ശേഷി വര്‍ധിച്ചു വരികയും ചെയ്തു കൊണ്ടിരിക്കുന്നു. ഈ അവസരം അവര്‍ക്കു നല്‍കിയതിന്റെ പൂര്‍ണ ഉത്തരവാദിത്വം യു.ഡി.എഫ്. നേതൃത്വമാണ് ഏറ്റെടുക്കേണ്ടത്.

യു.ഡി.എഫിനും മന്ത്രി സഭക്കും ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന സകല പ്രതിസന്ധികള്‍ക്കും ഉത്തരവാദി യു.ഡി.എഫ് നേതൃത്വം തന്നെയാണ്. മുന്നണിയെ അനുകൂലിക്കുന്ന ജനങ്ങള്‍ക്ക് അതില്‍ യാതൊരു പങ്കുമില്ല. ഈ പ്രശ്‌നങ്ങള്‍ക്ക് തക്കതായ പരിഹാരം യഥാസമയം കാണുവാന്‍ ബാധ്യതയുണ്ടായിരുന്ന കേന്ദ്ര നേതൃത്വവും അതില്‍ പരാജയപ്പെട്ടു. ഉത്തരവാദിത്വ പൂര്‍വം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കേന്ദ്രമോ കേരളത്തിലെ യു.ഡി.എഫ്. നേതാക്കളോ പരിശ്രമിച്ചില്ല. യു.ഡി.എഫി.ലെ രണ്ടാം നിര നേതാക്കളാകട്ടെ പ്രശ്‌നങ്ങള്‍ കുഴച്ചു മറിക്കുന്നതില്‍ നല്ല പങ്കു വഹിച്ചു.

സോളാര്‍ തട്ടിപ്പുകേസില്‍ സര്‍ക്കാറിനു നഷ്ടങ്ങളുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രിയോ മന്ത്രിമാരോ നേതാക്കളോ നേരിട്ട് തട്ടിപ്പുകളില്‍ പങ്കാളികളായിട്ടില്ലെന്ന് ജനങ്ങള്‍ക്കും പ്രതിപക്ഷത്തിനും നന്നായറിയാമെങ്കിലും സര്‍ക്കാറിനു മേല്‍ ചളിവാരിയെറിയാന്‍ അതു വേണ്ടവിധം വഴിയൊരുക്കി. യു.ഡി.എഫില്‍ പുകഞ്ഞു കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പുറത്തു ചാടാന്‍ പഴുതു നല്‍കുന്നതിലും ഈ ആരോപണം ഒരു പ്രധാന പങ്ക് വഹിച്ചു.

തുടക്കം മുതല്‍ തന്നെ ഈ ആരോപണം നേര്‍ക്കു നേരെ സത്യസന്ധമായി നേരിടുന്നതില്‍ പിശകു സംഭവിച്ചിട്ടുണ്ട്. ഒറ്റക്കെട്ടായി നില്‍കുവാനോ ഒരുമിച്ചു പ്രതിരോധിക്കുവാനോ ആരും മുതിര്‍ന്നില്ല. ഓരോരുത്തര്‍ക്കുമെതിരെ ആരോപണങ്ങള്‍ വന്നപ്പോഴും അവര്‍ തനിച്ച് അതിനെ നേരിടുകയാണ് ചെയ്തത്. ഗ്രൂപ്പ് സമവാക്യങ്ങള്‍ക്കനുസരിച്ച് ചില സില്‍ബന്തികള്‍ മാത്രമാണ് ഒരോരുത്തര്‍ക്കും സഹായത്തിനുണ്ടായിരുന്നത്.

ആരോപണ വിധേയരായവര്‍ മറ്റൊരു ഗ്രൂപ്പുകാരാണെങ്കില്‍ അവര്‍ അനുഭവിക്കട്ടെയെന്ന മട്ടില്‍ ചിലര്‍ കാഴ്ചക്കാരാവുകയും മറ്റു ചിലര്‍ എരി തീയില്‍ എണ്ണയൊഴിക്കാന്‍ നോക്കുകയും ചെയ്തു. ഈ സാഹചര്യം കേരള രാഷ്ട്രീയത്തില്‍ യു.ഡി.എഫിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചു.

മന്ത്രിസഭാ പുന:സംഘടനാ വിഷയം എന്തുകൊണ്ടോ അശാന്തമായ ഈ അന്തരീക്ഷത്തിലാണ് ആരോ വലിച്ചു പുറത്തിട്ടത്. ആ വിഷയം കൈകാര്യം ചെയ്ത രീതി മുന്നണിക്ക് കൂടുതല്‍ പോറലേപ്പിക്കുകയാണ് ചെയ്തത്. പല കാരണങ്ങളാല്‍ നേരത്തെ തന്നെ അസ്വസ്തരായിരുന്ന ഘടക കക്ഷികളെ വിളിച്ചു സംസാരിക്കാനോ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുവാനോ ഉത്തരവാദത്തപ്പെട്ടവര്‍ മുന്‍ കൈയ്യെടുക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാല്‍ മുന്നണി അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം പരിഹരിക്കുവാന്‍ ദേശീയ സംസ്ഥാന നേതാക്കള്‍ക്ക് കഴിഞ്ഞില്ല. അതിനായി ആരംഭിച്ച പരിശ്രമങ്ങള്‍ ഫല പ്രാപ്തിയിലെത്തിയതുമില്ല. അര്‍ഹിക്കുന്ന ഗൗരവത്തോടെ കേരള വിഷയങ്ങള്‍ യഥാസമയം പരിഗണിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.

സോളാര്‍ തട്ടിപ്പു സംബന്ധിച്ച ആരോപണങ്ങളെ നേരിടുകയെന്നതായിരുന്നു ആദ്യ പ്രശ്‌നമെങ്കില്‍ കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ രണ്ടാമത്തെയും മുന്നണിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂന്നാമത്തെതുമായിരുന്നു. ഈ മൂന്നുകാര്യങ്ങളും ഇപ്പോഴും അതേമട്ടില്‍ തന്നെ നിലനില്‍ക്കുകയാണ്. ഒന്നും എവിടെയും എത്തിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പകരം പ്രശ്‌നങ്ങളെ ഗുരുതരമാക്കുന്നതില്‍ ചിലരെങ്കിലും താല്‍പര്യത്തോടെ പ്രവൃത്തിക്കുകയും ചെയ്തിരുന്നു. പ്രതിപക്ഷം ആരംഭിച്ച രാപ്പകല്‍ സമരങ്ങളും മന്ത്രിമാരെ വഴിതടയലുമൊക്കെ അവര്‍ക്കുമടുത്തു തുടങ്ങിയതിന്റെ ആശ്വാസമാണ് ഇപ്പോള്‍ ആകെയുള്ളത്. സോളാര്‍ പ്രശ്‌നം അത്ര ഗുരുതരമായ ഒന്നായി കാണാത്തതു കൊണ്ടാവാം ജനങ്ങളുടെ വന്‍ പിന്തുണ പ്രതീക്ഷിച്ചിരുന്ന പ്രതിപക്ഷത്തിന് അത് ലഭിക്കുകയുണ്ടായില്ല.

യു.ഡി.എഫില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന പ്രതീക്ഷക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും ഇടതു പക്ഷ മുന്നണിയില്‍ വിശ്വാസ മര്‍പ്പിക്കാവുന്ന സാഹചര്യം ഉരുത്തിരിഞ്ഞു കഴിഞ്ഞിട്ടില്ല.

ഇടതു മുന്നണിയുടെ സോളാര്‍ പ്രക്ഷോഭം അധികകാലം നീട്ടികൊണ്ടു പോകുവാന്‍ അവര്‍ക്കുമാവില്ല. വെടിവെപ്പും അക്രമങ്ങളും നടത്തികിട്ടുവാന്‍ വരെ അവര്‍ ആഗ്രഹിക്കുന്നുണ്ട്. സമാധാനപരമായ സമരം നിരന്തരം തുടര്‍ന്നാലും തങ്ങളുടെ ലക്ഷ്യം അകലെയാണെന്നവര്‍ക്കറിയാം. സോളാറിലെ രാജിയെക്കാള്‍ അവര്‍ക്ക് പ്രതീക്ഷ യു.ഡി.എഫിലെ വഴക്കുകളാണ് ഇത്രയും നാളുകളായി ഇടതു പക്ഷം യു.ഡി.എഫിനെ തിരെ ആഞ്ഞടിച്ചിട്ടും മുന്നണി നേതാക്കളോ മന്ത്രിമാരോ ആരും തന്നെ ഇടതു മുന്നണിക്കെതിരെ ഒരക്ഷരവും ഉരിയാടിയിട്ടില്ല. രാഷ്ട്രീയമായി പ്രതിപക്ഷത്തെ നേരിടുവാന്‍ ഒരു ചെറു വിരലെങ്കിലും അനക്കാന്‍ യു.ഡി.എഫ്. നേതൃത്വം മുതിര്‍ന്നിട്ടുമില്ല. കുറച്ചുകാലമായി നടന്നു വരുന്ന വാദ പ്രതിവാദങ്ങള്‍ മുഴുവന്‍ തമ്മില്‍ തമ്മിലാണ്.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ തമ്മിലും മുന്നണിയിലെ കക്ഷികള്‍ തമ്മിലും നടക്കുന്ന തര്‍ക്കങ്ങളും വാദ പ്രതിവാദങ്ങളുമില്ലാതെ ഇടതു മുന്നണിയെ നേരിടുവാന്‍ ഒരു പരിശ്രമവും ഇതുവരെ മുന്നണിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഇടതു മുന്നണിപോലും യു.ഡി.എഫിന്റെ ഈ അവഗണനയില്‍ ദു:ഖിതരാണ്. കോണ്‍ഗ്രസ് ഹൈക്കമാന്റുമായോ മുന്നണിയിലെ ഘടക കക്ഷികള്‍ തമ്മിലോ നടക്കേണ്ടിയിരുന്ന ചര്‍ച്ചകളെല്ലാം ചാനലുകളിലാണ് നടക്കുന്നത്. രാവും പകലും കേരള വിഷയങ്ങള്‍ രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്തിട്ടും യഥാര്‍ത്ഥത്തില്‍ അതു നടത്തേണ്ടവര്‍ അതിനു മുതിര്‍ന്നിട്ടില്ലെന്നത് രസകരമാണ്.

മാധ്യമങ്ങളും ചാനലുകളും മന്ത്രിസഭാ പുന:സംഘടനയും യു.ഡി.എഫ് തര്‍ക്കങ്ങളും പ്രധാന വിഷയമാക്കി നിരന്തരമായ കോലാഹലങ്ങള്‍ സൃഷ്ടിച്ചതിനാല്‍ മാര്‍ക്‌സിസ്റ്റ് മുന്നണിയുടെ പ്രക്ഷോഭങ്ങള്‍ക്കു പോലും വേണ്ടത്ര ശ്രദ്ധയാര്‍ജിക്കുവാന്‍ കഴിഞ്ഞില്ല.

ഇപ്പോഴെങ്കിലും യു.ഡി.എഫ് നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാനും കോണ്‍ഗ്രസിലെ ആഭ്യന്തര കലഹങ്ങള്‍ അവസാനിപ്പിക്കുവാനും ഘടക കക്ഷികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും ബന്ധപ്പെട്ടവര്‍ മുന്നോട്ടു വന്നാല്‍ മുന്നണിയുടെ അന്തസ്സ് വീണ്ടെടുക്കാന്‍ സാധിക്കുമെന്നുറപ്പാണ്. ഐക്യജനാധിപത്യ മുന്നണിയെന്ന ആശയം ഇന്നും ഏറെ പ്രസക്തമാണ്. ഇടതു പക്ഷ കക്ഷികളുടെ സെല്‍ട്ടേറിയന്‍ നയങ്ങളും വികസന വിരുദ്ധ നിലപാടുകളും കൊലപാതക രാഷ്ട്രീയവും കാരണം പൊറുതിമുട്ടിയ ഘട്ടത്തില്‍ മഹാന്മാരായ ചില നേതാക്കള്‍ രൂപം കൊടുത്തതാണ് യു.ഡി.എഫ്. കേരളത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഈ മുന്നണി കഴിഞ്ഞ 40 വര്‍ഷത്തിലേറെ കര്‍മ പഥത്തിലാണ്. വന്‍ ജനപിന്തുണയുള്ള ഒരു പ്രസ്ഥാനവുമാണിത്. ഇന്ത്യയിലെവിടെയും ഇത്ര നൈന്തര്യമുള്ള താത്വിക പിന്‍ബലമുള്ള ഒരു മുന്നണി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് തോന്നുന്നില്ല. ഈ മുന്നണി നിലനിന്നതു കാണണമെന്നാഗ്രഹിക്കുന്ന ജനലക്ഷങ്ങളോടുള്ള പ്രതിബദ്ധത നിറവേറ്റുവാന്‍ മുന്നണി നേതൃത്വം മുന്നോട്ടു വരേണ്ടതാണ്.

മുന്നണിക്ക് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് അതിന്റെ ചരിത്ര ദൗത്യം നിറവേറ്റുമെന്ന പ്രതീക്ഷ ഇപ്പോഴും ജനങ്ങളിലുണ്ട്. ഇന്ത്യയെപ്പോലെയുള്ള ഒരു മഹാരാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതിലും ഇന്ത്യയിലെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ നേതൃത്വം നല്‍കുന്നതിലും മികവുറ്റ പ്രകടനം കാഴ്ച വെച്ച ശ്രീമതി സോണിയ ഗാന്ധി കേരളത്തിലെ ജനാധിപത്യ പ്രസ്ഥാനത്തെ കാലവര്‍ഷക്കെടുതികളില്‍ നിന്നു കാത്തു രക്ഷിക്കാന്‍ മുന്നോട്ടു വരുമെന്ന് നമുക്ക് പ്രത്യാശിക്കാം.