ഇഫ്‌ലു ക്യാമ്പസ് നഷ്ടപ്പെടുത്താന്‍ നീക്കം

Posted on: August 6, 2013 2:02 am | Last updated: August 6, 2013 at 2:02 am
SHARE

മലപ്പുറം:വിദ്യാഭ്യാസ ഭൂപടത്തില്‍ മലപ്പുറത്തിന് ഏറെ പ്രതീക്ഷ നല്‍കിയിരുന്ന ഇഫ്‌ലു ക്യാമ്പസ് നഷ്ടപ്പെടുത്താന്‍ ഗൂഢ ശ്രമം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 13ന് ഹൈദരാബാദിലെ ഇഫ്‌ലു ആസ്ഥാനം വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ് സന്ദര്‍ശിച്ചതിന് ശേഷം വേഗത്തിലായിരുന്ന ക്യാമ്പ് രൂപവത്കരണ നടപടികള്‍ ഇപ്പോള്‍ അനിശ്ചിതത്വത്തിലാണ്.

പതിമൂന്നോളം വിദേശ ഭാഷ പഠിപ്പിക്കുന്ന അന്താരാഷ്ട്ര പ്രശസ്തിയുള്ള ഇഫ്‌ലു ക്യാമ്പസ് നഷ്ടപ്പെടുന്നത് സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചക്ക് തിരിച്ചടിയാകും. കഴിഞ്ഞ ആഗസ്റ്റ് മാസം പാണക്കാട് വ്യവസായ കേന്ദ്രത്തിലെ ഇന്‍കലിന്റെ കൈവശമുള്ള 75 ഏക്കര്‍ ഭൂമിക്ക് പുറമെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് 25 ഏക്കര്‍ ഭൂമിയും സംസ്ഥാന സര്‍ക്കാര്‍ ഇഫ്‌ലുവിന് കൈമാറാന്‍ തീരുമാനിച്ചു. മാര്‍ച്ച് 10ന് സംസ്ഥാന കേന്ദ്ര മന്ത്രിമാരുടെ സാന്നിധ്യത്തില്‍ കൈമാറുകയും ചെയ്തു. ശേഷം അഞ്ച് മാസം കഴിഞ്ഞിട്ടും അനുബന്ധ പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ല. ജൂലൈ മാസം പ്രവേശന നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് ആഗസ്റ്റില്‍ ക്ലാസുകള്‍ ആരംഭിക്കാമെന്ന സര്‍വകലാശാല അധികൃതരുടെ പ്രഖ്യാപനം അനിശ്ചിതത്വത്തിലാണ്.
മലപ്പുറം ഓഫ് ക്യാമ്പസില്‍ പ്രഥമ ഘട്ടില്‍ ആരംഭിക്കുമെന്ന് പറഞ്ഞിരുന്ന പോസ്റ്റ് ഗ്രാജ്വോറ്റ് ഡിപ്ലോമ ഇന്‍ ദി ടീച്ചിംഗ് ഓഫ് ഇംഗ്ലീഷ് (പി ഡി ഡി ടി ഇ) കോഴ്‌സില്‍ പ്രവേശനം ലഭിച്ചവരോട് ക്യാമ്പസ് തുടങ്ങുന്നതിന് സാങ്കേതിക പ്രശ്‌നമുള്ളതിനാല്‍ ലക്‌നോവിലെ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്യാമ്പസില്‍ ജൂലൈ 24 റിപ്പോര്‍ട്ട് ചെയ്യാനാണ് സര്‍വകലാശാല നിര്‍ദേശിച്ചത്. ഇഫ്‌ലു ക്യാമ്പസ് ആരംഭിക്കാനായി കഴിഞ്ഞ ഏപ്രില്‍ 13ന് കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പിന് നല്‍കിയ കത്തിലുള്ള മറുപടി ലഭിച്ചിട്ടില്ലെന്ന സാങ്കേതിക തടസ്സവാദമാണ് ഇപ്പോള്‍ പദ്ധതിയെ അനിശ്ചിതത്വത്തിലാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നിര്‍ദിഷ്ട പദ്ധതി പ്രദേശം സന്ദര്‍ശിക്കാമെന്ന വൈസ് ചാന്‍സിലറുടെ പ്രഖ്യാപനം ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രാവര്‍ത്തികമായിട്ടില്ല. ഇഫ്‌ലുവിന് പുറമെ ജില്ലക്ക് നല്‍കാമെന്ന് കേന്ദ്രമാനവ വിഭവ ശേഷി വകുപ്പ് പ്രഖ്യാപിച്ചിരുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി(ഐ ഇ ടി), പരപ്പനങ്ങാടിയില്‍ ആരംഭിക്കുമെന്ന പ്രഖ്യാപിച്ച ഇന്റഗ്രേറ്റഡ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ന്യൂനപക്ഷ സര്‍വകലാശാല, മോഡല്‍ കോളജ് തുടങ്ങിയവയും നഷ്ടപെടുന്ന സാഹചര്യമാണുള്ളത്.