പ്രതിപക്ഷ ബഹളം: രാജ്യസഭയുടെ പ്രവര്‍ത്തനം തടസപ്പെട്ടു

Posted on: August 5, 2013 2:10 pm | Last updated: August 5, 2013 at 2:10 pm
SHARE

parliment of indiaന്യൂഡല്‍ഹി:പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാജ്യസഭ തടസ്സപ്പെട്ടു. തെലുങ്കാന സംസ്ഥാന രൂപീകരണ തീരുമാനത്തെ ചൊല്ലിയും ബോഡോലാന്‍ഡ് രൂപീകരണവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങളെച്ചൊല്ലിയുമാണ് പ്രതിപക്ഷ ബഹളം.

തെലുങ്കുദേശം പാര്‍ട്ടിയുടെ രണ്ട് അംഗങ്ങളും ബോഡോലാന്‍ഡ് പീപ്പിള്‍സ് ഫ്രണ്ടിലെ ബിസ്വജിത്ത് ഡെയ്മറിയുമാണ് ബഹളം ആരംഭിച്ചത്. ബോഡോലാന്‍ഡ് ആവശ്യപ്പെട്ട് പ്ലക്കാര്‍ഡുമായാണ് ഡെയ്മറി സഭയിലെത്തിയത്. തെലുങ്കാനയ്ക്ക് അനുമതി നല്‍കാമെങ്കില്‍ പിന്നെ എന്തുകൊണ്ട് ബോഡോലാന്‍ഡ് ആയിക്കൂടാ എന്നായിരുന്നു പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.

എന്നാല്‍ പ്ലക്കാര്‍ഡ് സഭയില്‍ അനുവദിക്കില്ലെന്ന് ചെയര്‍മാന്‍ ഹമീദ് അന്‍സാരി വ്യക്തമാക്കിയെങ്കിലും ബഹളം നിര്‍ത്താനോ കസേരയിലേക്കു മടങ്ങാനോ അംഗങ്ങള്‍ തയാറായില്ല. തുടര്‍ന്ന് 10 മിനിറ്റത്തേക്ക് സഭ നിര്‍ത്തിവച്ചു. പിന്നീട് ചേര്‍ന്നപ്പോഴും രംഗങ്ങള്‍ ആവര്‍ത്തിച്ചതോടെ സഭ രണ്ടു മണി വരെ നിര്‍ത്തിവച്ചതായി അദ്ദേഹം പ്രഖ്യാപിക്കുകയായിരുന്നു.