ഭയത്തിന്റെ പകലിരവുകളില്ല, ഇവര്‍ക്കിത് സമാധാനത്തിന്റെ റമസാന്‍

    Posted on: August 5, 2013 8:19 am | Last updated: August 5, 2013 at 8:19 am
    SHARE

    masjid-songkhaകൊക്രാജറില്‍ ബോഡോകളുടെ കലാപം, ഉദല്‍ഗുരിയില്‍ വിഘടനവാദം ആരോപിച്ചുള്ള ഒറ്റപ്പെടുത്തല്‍, ജാതികളും ഉപജാതികളും ഉറഞ്ഞു തുള്ളുന്ന കരീംഗഞ്ച്, അരക്ഷിതമായ കാംറൂവും നെല്‍ബാരിയും, കലാപകാരികളെ അടച്ചമര്‍ത്തുന്ന അസം റൈഫിള്‍സിന്റെ വെടിയൊച്ചകള്‍… അസമിലെ മുസ്‌ലിംകള്‍ക്ക് സമാധാനത്തിന്റെ റമസാന്‍ കാലമല്ലിത്. ആക്രമം ഭയക്കുന്ന പകലുകള്‍, പേടിച്ചരണ്ട രാത്രികള്‍… അസമിലെ മുസ്‌ലിംകളുടെ ചിത്രമിതാണ്. ബംഗ്ലാദേശിന്റെ അതിര്‍ത്തി പ്രദേശത്ത് കലാപത്തിന് പ്രത്യേകിച്ച് കാരണമൊന്നും വേണ്ട.
    കണ്ടുമടുത്ത ചോരപ്പാടുകളും കേട്ടുമടുത്ത വെടിയൊച്ചകളുമാണ് ഫഖ്‌റൂദ്ദീനെയും മുഹമ്മദിനെയുമൊക്കെ അസമില്‍ നിന്ന് പലായനം ചെയ്യിച്ചത്. സ്വന്തം നാട്ടില്‍ സമാധാനം നഷ്ടപ്പെട്ട ഫഖ്‌റൂദ്ദീന്‍ പുപുകൊണ്ടടി ഗ്രാമത്തില്‍ നിന്ന് വേദനയോടെയാണ് കേരളത്തിലേക്ക് വണ്ടി കയറിയത്. മരിഗാവ് ജില്ലയിലെ ഉദോല്‍ഘട്ടില്‍ നിന്നുള്ള കര്‍ഷകന്‍ മുഹമ്മദ് വാര്‍ധക്യത്തിലും ട്രെയിന്‍ കയറി വന്നത് മറ്റൊന്നും കൊണ്ടല്ല. ഇതുപോലെ കേരളത്തിലെത്തിയത് ആയിരങ്ങളാണ്.
    ഇങ്ങനെ എത്തിപ്പെട്ട നൂറിലധികം പേര്‍ താമസിക്കുന്നത് താമരശ്ശേരിക്കടുത്ത പൂനൂരിലെ ഇടുങ്ങിയ ക്വാര്‍ട്ടേഴ്‌സ് മുറിക്കുള്ളിലാണ്. അസമില്‍ സമാധാനമില്ലാത്ത നോമ്പുകാലമാണെങ്കില്‍ ഇവിടെ സന്തോഷത്തിന്റെ റമസാന്‍ രാവുകളാണിവര്‍ക്ക്. മര്‍കസ് ഗാര്‍ഡന്‍ ക്യാമ്പസിലെ മദീനത്തുന്നൂര്‍ കോളജിലാണ് അസമില്‍ നിന്നെത്തിയ നൂറോളം പേര്‍ക്ക് ആഹ്ലാദത്തിന്റെ ഇഫ്താര്‍ പിറയൊരുക്കുന്നത്. അതിരാവിലെ വിവിധ ജോലികള്‍ക്കായി പുറത്തു പോകുന്നവര്‍ ജോലി കഴിഞ്ഞ് തിരിച്ചെത്തിയാല്‍ പിന്നെ മര്‍കസ് ഗാര്‍ഡന്‍ ക്യാമ്പസിലേക്ക് എത്തിത്തുടങ്ങും. ഇവര്‍ക്ക് മുന്നില്‍ മദീനത്തുന്നൂര്‍ വിദ്യാര്‍ഥികള്‍ സ്‌നേഹത്തില്‍ പൊതിഞ്ഞ വിഭവങ്ങള്‍ വിളമ്പി വെക്കും. പ്രാര്‍ഥനക്കും ചെറിയ ഉദ്‌ബോധനത്തിനും ശേഷം വീണ്ടും കുടുസ്സു മുറികളിലേക്ക്. ഫഖ്‌റുദ്ദീന്റെ ജീവിതത്തിലെ ഏറ്റവും നല്ല റമസാന്‍ കാലം അവസാനിക്കാറാകുമ്പോള്‍ ‘കബ് ബസ്തി ജായേംഗെ’ എന്ന ചോദ്യത്തിന് ‘ഗര്‍ നഹിം ജാതാഹെ, ഫിര്‍ മദീനത്തുന്നൂര്‍ മേരാ ഗര്‍ ഹെ എന്നാണ് മറുപടി.