Connect with us

Articles

മെട്രോ : പരിസ്ഥിതി പരിഹാരത്തില്‍ നിന്ന് പിറകോട്ടടിക്കുന്നോ?

Published

|

Last Updated

കൊച്ചി മെട്രോ റെയില്‍ പദ്ധതിക്കായി 2006 ഫെബ്രുവരിയില്‍ ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനും കൊച്ചി സര്‍വകലാശാലയും സംയുക്തമായി നടത്തിയ പരിസ്ഥിതി ആഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തില്‍ എറണാകുളം ടൗണ്‍ ഹാളില്‍ പബ്ലിക് ഹിയറിംഗും നടന്നിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തില്‍ നിന്നും പദ്ധതിക്കായി പരിസ്ഥിതി ക്ലിയറന്‍സും മറ്റു അനുമതികളും ലഭിച്ചു. ഇതിനു ശേഷം കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ സ്ഥാപിതമായി. ഇപ്പോള്‍ മെട്രോ റെയിലിന്റെ പണികള്‍ ദ്രുതഗതിയില്‍ നടന്നുകൊണ്ടിരിക്കുന്നു. പദ്ധതി പരിസ്ഥിതിസൗഹൃദമാണെന്ന് ബോധ്യമായതിന്റെ വെളിച്ചത്തില്‍ പരിസ്ഥി പ്രവര്‍ത്തകരാരും എതിര്‍പ്പുമായി മുന്നോട്ടുവന്നിട്ടില്ല. ആലുവയില്‍ നിന്ന് തുടങ്ങുന്ന മെട്രോ റെയില്‍ റോഡിലൂടെ പാലാരിവട്ടം വഴി കലൂര്‍, എം ജി റോഡ്, എറണാകുളം സൗത്ത്, സഹോദരന്‍ അയ്യപ്പന്‍ റോഡ് വഴി തൃപ്പൂണിത്തറ പേട്ടയിലെത്തുമ്പോള്‍ 24 .7 കിലോമീറ്റര്‍ ദൂരത്തില്‍ റെയില്‍പാതയുണ്ടാകും. 22 സ്റ്റേഷനുകള്‍ നിര്‍മിക്കപ്പെടും.
റെയിലിന്റെ ഇരുവശത്തേക്കും അഞ്ച് മീറ്റര്‍ വീതിയില്‍ റെയിലിനോട് ചേര്‍ന്നുനില്‍ക്കുന്ന 477 മരങ്ങള്‍ മുറിച്ചുമാറ്റും. മുറിച്ചു മാറ്റുന്ന മരങ്ങള്‍ക്ക് 97 ടണ്‍ ബയോമാസ് ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. ഇവയില്‍ മിക്കവാറും മരങ്ങള്‍ക്ക് 70 സെ. മീറ്ററിലധികം ചുറ്റളവുണ്ട്. പരിസ്ഥിതി ആഘാത പഠനത്തിന്റെ വെളിച്ചത്തില്‍ ഉണ്ടാക്കിയ ഇ ഐ എ റിപ്പോര്‍ട്ട് അനുസരിച്ച് മുറിക്കുന്ന ഒരു മരത്തിന് പകരം 10 മരങ്ങള്‍ എന്ന കണക്കില്‍ 4770 മരങ്ങള്‍ നടുമെന്ന് വ്യക്തമാക്കുന്നുണ്ട്. അതിനായി 1000 മരത്തിന് ഒരു ഹെട്കടര്‍ സ്ഥലം എന്ന നിരക്കില്‍ 4.7 ഹെക്ടര്‍ സ്ഥലം എറണാകുളം മംഗളവനത്തോട് ചേര്‍ന്ന് കണ്ടെത്തുമെന്നും അവിടെ പ്രാദേശിക മരങ്ങളുടെ ശേഖരമായ ആല്‍ബൊറേറ്റം ഉണ്ടാക്കുമെന്നും പരിസ്ഥിതി ആഘാത പഠനം വ്യക്തമാക്കുന്നുണ്ട്. 4770 മരങ്ങള്‍ നട്ടു വളര്‍ത്തി ഉണ്ടാക്കുന്ന ആല്‍ബൊറേറ്റം കൊച്ചി നഗരത്തിന്റെ സംരക്ഷിത ഇക്കോടൂറിസം സ്‌പോട്ട് ആക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പറയുന്നു.
പഴങ്ങള്‍ തരുന്നതും ഭംഗിയുള്ളതും ആകര്‍ഷകമായതുമായ മരങ്ങളുടെ ആര്‍ബൊറേറ്റത്തിന് ഇ ഐ എ അതീവ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. മംഗള വനത്തിന് വടക്കു ഭാഗത്ത് ഉണ്ടാക്കുന്ന ആര്‍ബൊറേറ്റം നഗരത്തിലെ വായു മലിനീകരണം തടയുന്നതിന് ഒരു പരിധി വരെ ഉപകാരപ്രദമാകും.
പ്രതിദിനം 10 ലക്ഷം വാഹനങ്ങള്‍ കയറിയിറങ്ങുന്ന പശ്ചാത്തലത്തിലും വ്യവസായ ശാലകളുടെ സാന്ദ്രത മൂലവും എറണാകുളം പട്ടണം വായുമലിനീകരണത്തിന്റെ പിടിയിലാണ്. 2011 വരെ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും വായു മലിനീകരണം മൂലം കൊച്ചിയില്‍ പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് മൊറോട്ടോറിയം പ്രഖ്യാപിച്ചതാണ്. വായു മലിനീകരണം തടയാന്‍ സത്വര നടപടികള്‍ സ്വീകരിക്കാമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നല്‍കിയ പരിഹാര പദ്ധതികള്‍ മുഖവിലക്കെടുത്താണ് മൊറോട്ടോറിയം കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചത്. കെ എസ് പി സി ബി നല്‍കിയ ഉറപ്പ് കടലാസില്‍ ഒതുങ്ങി. കൊച്ചിയുടെ സംവഹന ശേഷിയെ കുറിച്ച് പഠിച്ച നാഗ്പൂര്‍ നാഷനല്‍ എന്‍വയന്‍മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ഡല്‍ഹി ഐ ഐ ടിയും വായു മലിനീകരണം മൂലം കൊച്ചിയില്‍ ജീവിക്കുന്നത് അനാരോഗ്യകരമാണെന്ന് കണ്ടെത്തുകയുണ്ടായി. കൊച്ചിയിലെ മിക്ക സ്ഥലങ്ങളിലെയും വായു ശ്വസിക്കുന്നത് അനാരോഗ്യകരമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇ ഐ എ പ്രകാരം ഏറണാകുളം സൗത്ത്, വൈറ്റില, തൃപ്പൂണിത്തറ, എറണാകുളം നോര്‍ത്ത് എന്നിവിടങ്ങളിലെ വായു മാലിന്യം നിറഞ്ഞതാണെന്നും ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണെന്നും വ്യക്തമാക്കുന്നുണ്ട്. കൊച്ചി നഗരത്തില്‍ പൊടിപടലങ്ങളും സള്‍ഫര്‍ ഡയോക്‌സൈഡും നൈട്രജന്‍ ഓക്‌സൈഡുകളും മറ്റും അനുവദനീയമായതിനും കൂടുതലാണ്.
ഈ സാഹചര്യത്തില്‍ നഗരത്തില്‍ നിന്നും നീക്കം ചെയ്യുന്ന മരങ്ങള്‍ക്ക് പകരം നഗരത്തിനകത്ത് പുതിയ മരങ്ങള്‍ നട്ടുപിടിപ്പിച്ചില്ലെങ്കില്‍ ജീവിതം ദുസ്സഹമാകുമെന്നതില്‍ തര്‍ക്കമില്ല. നഗരത്തില്‍ നടത്തിയ ട്രീ സര്‍വേ പ്രകാരം പൊതുസ്ഥലങ്ങളില്‍ ആകെ 5000 ത്തില്‍ താഴെ മരങ്ങള്‍ മാത്രമാണ് എണ്ണിത്തിട്ടപ്പെടുത്തിയത്. നഗരത്തിലെ വര്‍ധിച്ച ജനസംഖ്യക്ക് ആനുപാതികമായി മരങ്ങള്‍ നഗരത്തിലില്ല. ടൗണ്‍ പ്ലാനിംഗ് നിയമങ്ങളനുസരിച്ച് നഗരത്തിലെ ആളുകള്‍ക്ക് ശുദ്ധവായു ലഭ്യമാക്കാനായി തുറന്ന സ്ഥലങ്ങലും പാര്‍ക്കുകളും വഴിയോര മരങ്ങളും അത്യന്താപേക്ഷിതമാണ്. എറണാകുളം നഗരത്തില്‍ താമസിക്കുന്നവരും ദിനംപ്രതി വന്നുപോകുന്നവരുമായി 10 ലക്ഷത്തിലധികം ജനസാന്ദ്രതയുണ്ട്. ഇത്രയും വലിയ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ നിലവില്‍ നഗരത്തിലെ ഓക്‌സിജന്‍ വിതരണത്തിന് മരങ്ങള്‍ തുലോം കുറവാണെന്ന് വിലയിരുത്താനാകും. നഗരത്തില്‍ ഈയടുത്ത കാലത്തായി ആയിരക്കണക്കിന് അംബരചുംബികളായ പടുകൂറ്റന്‍ കെട്ടിടങ്ങളാണ് ഉയര്‍ന്നുപൊങ്ങിയത്. നൂറുകണക്കിന മരങ്ങള്‍ ഇതിനായി മുറിച്ചുമാറ്റിയിട്ടുമുണ്ട്. ലക്ഷക്കണക്കിന് കണ്ടല്‍ച്ചെടികള്‍ നിര്‍മാര്‍ജനം ചെയ്തു. തീരദേശ പട്ടണമായ എറണാകുളത്തിന് കണ്ടലുകള്‍ ചെയ്തിരുന്ന സേവനം വളരെ വലിയതായിരുന്നു. റോഡ്, റെയില്‍, പാലങ്ങള്‍ തുടങ്ങിയവക്കായി ഹെക്ടര്‍കണക്കിന് കണ്ടല്‍ ആവാസ വ്യവസ്ഥകള്‍ നശിപ്പിച്ചു. വാഹനക്കുരുക്കും മറ്റുമായി വായു ദുഷിച്ച നിലയിലായി. കാര്‍ബണ്‍ഡയോക്‌സൈഡ് വലിച്ചെടുത്ത് പ്രാണവായു തന്നിരുന്ന മരങ്ങളെ അപ്പാടെ നശിപ്പിച്ച് നഗരവികസനം അരങ്ങേറി. നഗരവാസികള്‍ ശ്വാസകോശം സംബന്ധമായ അസുഖങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന അവസ്ഥായാണിന്ന്. മുറിച്ചുമാറ്റിയ മരങ്ങള്‍ക്കൊന്നും പകരം മരങ്ങള്‍ നട്ടുവളര്‍ത്തി വലുതാക്കാന്‍ ആരും പരിശ്രമിച്ചിട്ടില്ല. നിയമലംഘനങ്ങള്‍ക്ക് അധികൃതര്‍ ഒത്താശ ചെയ്തുകൊടുത്തു. കണ്ടല്‍ നശീകരണവും വഴിയോര തണല്‍മരങ്ങളുടെ നശിപ്പിക്കലും കണ്ടില്ലെന്ന് നടിച്ചു. വേനല്‍ക്കാലങ്ങളില്‍ നഗരവാസികള്‍ വെന്തുരുകുന്ന അവസ്ഥ സൃഷ്ടിക്കപ്പെട്ടു.
ഈ സാഹചര്യത്തിലാണ് മെട്രോ റെയില്‍ നിര്‍മാണത്തിനായി 477 മരങ്ങള്‍ മുറിച്ചുമാറ്റുന്നതെന്നോര്‍ക്കണം. നഗരഹൃദയത്തിലെ തണല്‍ മരങ്ങള്‍ ഒന്നാകെ കുറ്റിയറ്റുപോകും. ഇവയെല്ലാം മുറിക്കപ്പെടുന്നതോടെ നഗരം ഇപ്പോഴത്തേക്കാള്‍ വലിയ ഒരു കോണ്‍ക്രീറ്റ് കാടായി മാറും. ചെന്നൈ, ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത നഗരങ്ങള്‍ മരങ്ങള്‍ വെച്ചുപിടിപ്പിച്ച് ഹരിതനഗരമാക്കുന്ന സാഹചര്യത്തിലാണ് കൊച്ചിയില്‍ ഇങ്ങനെയൊരു സാഹചര്യം സംജാതമാകുന്നത്. മെട്രോ റെയിലിന്റെ പരിസ്ഥിതി ആഘാത പഠനത്തില്‍ നഗരത്തിലെ മരങ്ങളുടെ സ്ഥാനം കുറച്ചുകണ്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് മുറിക്കപ്പെടുന്ന മരങ്ങളുടെ സ്ഥാനത്ത് എവിടെ, എങ്ങനെയുള്ള മരങ്ങള്‍ എത്ര വീതം നടണമെന്ന് വ്യക്തമാക്കുന്നത്.
മെട്രോ റെയില്‍ വരുമ്പോള്‍ ഉണ്ടായേക്കാവുന്ന വായു മലിനീകരണം, ജലമലിനീകരണം, മണ്ണ് മലിനീകരണം, ശബ്ദ മലിനീകരണം എന്നിവയെല്ലാം പഠിച്ച് അതിനുള്ള പരിഹാരമാര്‍ഗങ്ങളാണ് ഇ ഐ എ റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുള്ളത്. പദ്ധതിയുടെ പരിസ്ഥിതി മാനേജ്‌മെന്റ് പ്രോഗ്രാമില്‍ മുറിച്ചുമാറ്റുന്ന ഓരോ മരത്തിനും 10 മരങ്ങള്‍ എന്ന അനുപാതത്തില്‍ വെച്ചുപിടിപ്പിക്കുമെന്നും ആലുവ മുട്ടത്തെ മെട്രോ റെയിലിന് ചുറ്റും ഹരിത മതില്‍ തീര്‍ക്കുമെന്നും 24 സ്റ്റേഷനുകളും പൂങ്കാവനങ്ങളാക്കുമെന്നും റെയിലിന്റെ താഴെ ഗ്രീന്‍ റിബ്ബണ്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഇവിടങ്ങളില്‍ വെച്ചുപിടിപ്പിക്കേണ്ട മരങ്ങളെ കുറിച്ച് പോലും പ്രതിപാദിക്കുന്നുണ്ട്. എന്നിട്ടും കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ പുതിയ മരങ്ങള്‍ നട്ടുപിടിപ്പിച്ച് ആര്‍ബൊറേറ്റം നിര്‍മിക്കുന്നതിനുള്ള സ്ഥലമെടുപ്പ് ഇതുവരെ തുടങ്ങിയിട്ടില്ല.
പണി തുടങ്ങിയ ദിവസവും തിരുവാതിര ഞാറ്റുവേലയിലും ഏതാനും വൃക്ഷത്തൈകള്‍ ഇടപ്പള്ളിയിലും എച്ച് എം ടിയിലും വിതരണം ചെയ്യുകയും നട്ടുപോരുകയും ചെയ്തതുകൊണ്ട് പരിസ്ഥിതി പരിഹാര പദ്ധതി നടത്തിപ്പ് പൂര്‍ണമാകുകയില്ല. മരങ്ങള്‍ കൂടുതല്‍ മുറിച്ചുപോകുന്നത് എറണാകുളം പട്ടണത്തിനകത്താണ്. അതുകൊണ്ട് എറണാകുളത്തിന്റെ ഹൃദയഭാഗത്ത് തന്നെയാണ് മരങ്ങള്‍ നട്ടുവളര്‍ത്തി വായു മലിനീകരണത്തിന് പരിഹാരമേകേണ്ടത്. സംസ്ഥാനത്ത് നടപ്പാക്കിയിട്ടുള്ള മറ്റു പല പദ്ധതികളെയും പോലെ പരിസ്ഥിതി ആഘാതം കുറക്കാനുള്ള നടപടികളില്‍ നിന്നും കെ എം ആര്‍ എല്‍ പിന്തിരിയുകയാണെങ്കില്‍ കൊച്ചി നഗരം മരുവത്കരിക്കപ്പെടാന്‍ സാധ്യത ഏറെയാണ്. പദ്ധതിക്കായി പരിസ്ഥിതി ക്ലിയറന്‍സ് അടക്കം അനുമതികളെല്ലാം വാങ്ങിയത് വ്യക്തവും ശാസ്ത്രീയവുമായ ഇ ഐ എയുടെ പിന്‍ബലത്തിലാണ്. എല്ലാ അനുമതികളും ലഭിച്ച ശേഷം മംഗളവനത്തോട് ചേര്‍ന്നുള്ള ആര്‍ബൊറെറ്റം പദ്ധതിയില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ അത് വഞ്ചനാപരമായിരിക്കും.

 

jcheenikkal@gmail.com