ചെമ്മാണിയോട് പാലത്തിന് നബാര്‍ഡിന്റെ അംഗീകാരം

Posted on: August 3, 2013 7:42 am | Last updated: August 3, 2013 at 7:42 am
SHARE

പെരിന്തല്‍മണ്ണ: മേലാറ്റൂര്‍ പഞ്ചായത്തിലെ വെള്ളിയാര്‍ പുഴക്ക് കുറുകെയുള്ള ചെമ്മാണിയോട് പാലത്തിന് വേണ്ടിയുള്ള 710 ലക്ഷം രൂപയുടെ ഡി പി ആര്‍ നബാര്‍ഡ് അംഗീകരിച്ചു.
മേലാറ്റൂര്‍-ചെമ്മാണിയോട് പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന പാലം വരുന്നതോടെ മേലാറ്റൂര്‍ ടൗണില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കുള്ള ദൂരം നാല് കിലോമീറ്റര്‍ കുറയും. ചെമ്മാണിയോട് നിവാസികള്‍ക്ക് മേലാറ്റൂര്‍ ഹൈസ്‌കൂള്‍, റെയില്‍വേ സ്റ്റേഷന്‍, സി എച്ച് സി എന്നിവിടങ്ങളിലേക്കും ടൗണില്‍ നിന്ന് ചെമ്മാണിയോട് വലിയ ജുമുഅ മസ്ജിദിലേക്കുമുള്ള യാത്രാക്ലേശം അവസാനിക്കും.
800 മീറ്റര്‍ നീളമുള്ള പാലത്തിന് ഇരുവശങ്ങളിലും 1.5 മീറ്റര്‍ ഫുട്പാത്ത് ഉള്‍പ്പെടെ 11.2 മീറ്റര്‍ വീതിയായിരിക്കും. മൂന്ന് തൂണുകളും രണ്ട് അബറ്റ്‌മെന്റുകളുമുള്ള നാല് പ്ലാനുകളായാണ് പാലം ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഭരണാനുമതിയും ടി എസ്ഉം ലഭിക്കുന്ന മുറക്ക് ഒരു വര്‍ഷത്തിനകം പണി പൂര്‍ത്തിയാകാനുമെന്നും മന്ത്രി അലി അറിയിച്ചു.