നാലാം ഏകദിനത്തിലും ഇന്ത്യക്ക് ജയം; സിംബാവെയെ തകര്‍ത്തത് 9 വിക്കറ്റിന്

Posted on: August 1, 2013 9:29 pm | Last updated: August 1, 2013 at 9:29 pm

Bhuvneshwar Kumarബുലവായോ: സിംബാവെക്കെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. സിംബാവേ ഉയര്‍ത്തിയ ദുര്‍ബലമായ ലക്ഷ്യം 115 പന്തുകള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയം കാണുകയായിരുന്നു. ഇതോടെ പരമ്പരയില്‍ ഇന്ത്യ 4-0 ത്തിന് മുന്നിലെത്തി.

42.4 ഓവറില്‍ 144 റണ്‍സിന് അവര്‍ ഓള്‍ ഔട്ടായി. പുറത്താകാതെ അന്‍പത് റണ്‍സെടുത്ത മധ്യനിര ബാറ്റ്‌സ്മാന്‍ ചിഗുംബുരയും 35 റണ്‍സ് നേടിയ മാല്‍ക്കം വാളറുമാണ് സിംബാവേയെ വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. ഓപ്പണര്‍ വുസി സിബാന്‍ഡ 24 റണ്‍സെടുത്തു. ഇന്ത്യയ്ക്കു വേണ്ടി ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മോഹിത് ശര്‍മ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി തിളക്കമാര്‍ന്ന പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് ചേതേശ്വര്‍ പൂജാരയുടെ വിക്കറ്റ് മാത്രമാണ് നഷ്ടമായത്. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ പൂജാരയ്ക്ക് തിളങ്ങാനായില്ല. 13 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന രോഹിത് ശര്‍മയും (90 പന്തില്‍ നിന്ന് 64 റണ്‍സ്) സുരേഷ് റെയ്‌നയും (71 പന്തില്‍ നിന്ന് 65) ആണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ശിഖര്‍ ധവാന് പകരമായാണ് പുജാര ടീമില്‍ ഇടംപിടിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങാതെ പോയ വിനയ് കുമാറിനു പകരമാണ് മോഹിത് ശര്‍മ അന്തിമ ഇലവരില്‍ സ്ഥാനം നേടിയത്. മോഹിത് ശര്‍മ അരങ്ങേറ്റം ഗംഭീരമാക്കുകയും ചെയ്തു.