കാലവര്‍ഷത്തില്‍ ചുറ്റുമതില്‍ തകര്‍ന്ന് നല്ലൂര്‍നാട് സ്‌ക്കൂളിലെ ജലവിതരണം മുടങ്ങി

Posted on: August 1, 2013 1:11 am | Last updated: August 1, 2013 at 1:11 am

മാനന്തവാടി: കാല വര്‍ഷത്തില്‍ സ്‌ക്കൂളിലെ ചുറ്റുമതില്‍ തകര്‍ന്ന് പൈപ്പുകള്‍ പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ ജലവിതരണം മുടങ്ങി. വെള്ളമുണ്ട പഞ്ചായത്തിലെ നല്ലൂര്‍നാട് ഗവ: യുപി സ്‌ക്കൂളിലെ ചുറ്റുമതിലാണ് ചൊവ്വാഴ്ച രാത്രിയിലെ അതി ശക്തമായ മഴയില്‍ തകര്‍ന്നത്. പെണ്‍ക്കുട്ടികളുടെ ബാത്ത്‌റൂമിന് മുകളിലേക്കാണ് മതില്‍ തകര്‍ന്ന് വീണത്. ബാത്ത് റൂമിലെ ചുവരുകള്‍ക്കും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. 300 ഓളം വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനം നടത്തുന്നത്. അധ്യാപകരും അനധ്യാപകരുമുള്‍പ്പെടെ 25 ഓളം പേര്‍ ജോലി ചെയ്യുന്നുണ്ട്. മതില്‍ തകര്‍ന്ന് പൈപ്പുകര്‍ പൊട്ടിയതോടെ ജല വിതരണം പൂര്‍ണ്ണമായും സ്തംഭിച്ചു. കുട്ടികള്‍ക്കുള്ള ഉച്ചകഞ്ഞി വിതരണവും തടസ്സപ്പെട്ടു. ചുറ്റുമതില്‍ തകര്‍ന്നത് കാരണം റോഡ് അരികില്‍ സ്ഥിതിചെയ്യുന്ന സ്‌ക്കൂളില്‍ നിന്ന് കുട്ടികള്‍ റോഡിലേക്ക് ഇറങ്ങുന്നത് അപകടങ്ങള്‍ക്ക് കാരണമാകും. മാത്രവുമല്ല സാമൂഹ്യ വിരുദ്ധരുടേയും കന്നുകാലികളുടേയും ശല്യവും വര്‍ധിക്കും. പത്ത് വര്‍ഷം മുമ്പ് ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച് നല്‍കിയ ചുറ്റുമതിലാണ് പൂര്‍ണ്ണമായും തകര്‍ന്നത്.