Connect with us

Editors Pick

അറുതിയാകുന്നത് അഞ്ചരപ്പതിറ്റാണ്ട് നീണ്ട അതൃപ്തി

Published

|

Last Updated

ഹൈദരാബാദ്: ഒടുവില്‍ തെലുങ്കാന യാഥാര്‍ഥ്യമാകുകയാണ്. രാഷ്ട്രീയ മുതലെടുപ്പിന്റെയും വിലപേശലുകളുടെയും അകമ്പടിയുണ്ട് ഈ സംസ്ഥാന രൂപവത്കരണത്തിന്. എങ്കിലും തെലുങ്കാന മേഖലയെ ഐക്യ ആന്ധ്രയോട് ചേര്‍ത്ത അന്നു മുതല്‍ ആരംഭിച്ച അതൃപ്തിക്കാണ് കോണ്‍ഗ്രസ് നേതൃത്വവും ഭരണ സഖ്യമായ യു പി എയും അന്തിമ തീരുമാനമെടുക്കുന്നതോടെ അറുതിയാകുന്നത്. നൈസാമുമാര്‍ ഭരിച്ചിരുന്ന ഹൈദരാബാദിന്റെ ഭാഗമായിരുന്നു തെലുങ്കാന. വടക്കും വടക്കു പടിഞ്ഞാറും മഹാരാഷ്ട്ര സംസ്ഥാനം. പടിഞ്ഞാറ് കര്‍ണാടക, വടക്കു കിഴക്ക് ഛത്തീസ്ഗഢ്, കിഴക്ക് ഒഡീഷ എന്നിങ്ങനെയാണ് തെലുങ്കാനയുടെ അതിരുകള്‍. തെലുങ്കാനാ, സീമാന്ധ്ര, രായലസീമാ എന്നിങ്ങനെയാണ് ഇന്നത്തെ ആന്ധ്രാപ്രദേശിന്റെ സാംസ്‌കാരിക മേഖലകള്‍. ഇതില്‍ തെലുങ്കാന മേഖല ആകെ ജനസംഖ്യയുടെ 41.6ശതമാനത്തെയും ഉള്‍ക്കൊള്ളുന്നുവെന്നാണ് കണക്ക്. ഈ വസ്തുതയാണ് പ്രത്യേക സംസ്ഥാനത്തിനായി വാദിക്കുന്നവരുടെ പ്രധാന ആയുധം.
ഹൈദരാബാദ്, ആദിലാബാദ്, ഖമ്മം, കരീം നഗര്‍, മെഹ്ബൂബ് നഗര്‍, മേദക്, നല്‍ഗോണ്ട, നിസാമാബാദ്, രംഗറെഡ്ഢി, വാറങ്കല്‍ എന്നീ 10 ജില്ലകളാണ് തെലുങ്കാനാ മേഖലയില്‍ ഉള്ളത്. 1956ല്‍ തെലുങ്കാനയെ ആന്ധ്രാപ്രദേശിനോട് ചേര്‍ത്തത് മുതല്‍ നിരവധി പ്രക്ഷോഭങ്ങള്‍ മേഖലയില്‍ അരങ്ങേറി. ആദ്യ സമരങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലായിരുന്നു. ജന്‍മിത്വവിരുദ്ധ പോരാട്ടത്തോട് ഇഴചേര്‍ന്നതായിരുന്നു ആ പ്രക്ഷോഭങ്ങള്‍. 1969ലും 1972ലും 2000ത്തിന് ശേഷവുമാണ് പ്രധാനമായും പ്രക്ഷോഭങ്ങള്‍ അരങ്ങേറിയത്. പ്രക്ഷോഭങ്ങളുടെ ഏറ്റവും പുതിയ വേലിയേറ്റത്തിന് ഊര്‍ജമായത് തെലുങ്കാനാ രാഷ്ട്രസമിതിയും നേതാവ് ചന്ദ്രശേഖര്‍ റാവുവും ആയായിരുന്നു. റാവുവിന്റെ നിരാഹാര സമരമടക്കമുള്ള നീക്കങ്ങള്‍ക്ക് വന്‍ ജനപിന്തുണ ലഭിച്ചു. ആത്മാഹുതിക്ക് വരെ അനുയായികള്‍ മുതിര്‍ന്നു. ടി ആര്‍ എസിന്റെ രാഷ്ട്രീയ മുന്നേറ്റത്തിനിടയില്‍ മേഖലയിലെ മറ്റ് കക്ഷികള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. കോണ്‍ഗ്രസ്, ബി ജെ പി തുടങ്ങിയ കക്ഷികളാണ് വിഷമവൃത്തത്തിലായത്. അവയിലെ നേതാക്കള്‍ തെലുങ്കാനക്കാരെന്നും തെലുങ്കാനക്ക് പുറത്തുള്ളവരെന്നും വിഭജിക്കപ്പെട്ടു. കേന്ദ്രത്തിലും സംസ്ഥാനത്തും ഭരണം കൈയാളുന്ന കോണ്‍ഗ്രസ് തീരുമാനമെടുക്കാനാകാതെ വലഞ്ഞതിന്റെ കാരണം ഈ വിഭജനമാണ്. പ്രക്ഷോഭത്തോടൊപ്പം ചേര്‍ന്നില്ലെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ ഭാവി ഇരുളടഞ്ഞതാകുമെന്ന തിരിച്ചറിവാണ് ഇവിടെ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെ കടുത്ത നിലപാടിലേക്ക് നയിച്ചത്. തെലുഗു ദേശം പാര്‍ട്ടിയിലും വിള്ളല്‍ രൂക്ഷമായിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് ജഗന്‍മോഹന്‍ റെഡ്ഢി വൈ എസ് ആര്‍ കോണ്‍ഗ്രസ് രൂപവത്കരിക്കുകയും അവര്‍ തെലുങ്കാനയില്‍ തന്ത്രപരമായ നിലാപാടെടുക്കുകയും ചെയ്തതോടെ കോണ്‍ഗ്രസിന്റെ നില പിന്നെയും പരുങ്ങലിലായി.
2009 ഡിസംബര്‍ ഒമ്പതിന് പ്രത്യേക സംസ്ഥാന രൂപവത്കരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും സീമാന്ധ്രയിലും രായലസീമയിലും ഉയര്‍ന്ന അക്രമാസക്ത പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ തീരുമാനം മരവിപ്പിക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷം പ്രക്ഷോഭം ഉച്ചസ്ഥായിയിലായി. മാര്‍ച്ചിലും ജൂണിലുമായി നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്. തെലുങ്കാനാ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്, ടി ഡി പി അംഗങ്ങള്‍ എം എല്‍ എ സ്ഥാനം രാജിവെച്ചതോടെ ആറിടത്താണ് മാര്‍ച്ചില്‍ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതില്‍ നാലെണ്ണം ടി ആര്‍ എസ് പിടിച്ചെടുത്തു. ബി ജെ പി സജീവമായി രംഗത്തിറങ്ങുന്നത് ഇതോടെയാണ്. ജനുവരിയില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കിശന്‍ റെഡ്ഢി നയിച്ച 22 ദിവസത്തെ “പോരു യാത്ര” വന്‍ വിജയമായിരുന്നു. യാത്രയോട് പക്ഷേ ടി ആര്‍ എസോ സംയുക്ത സമരസമിതിയോ സഹകരിച്ചില്ല.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ വിളിച്ചു ചേര്‍ത്ത സര്‍വകകഷി യോഗം നിര്‍ണായകമായിരുന്നു. യോഗത്തില്‍ സി പി എമ്മും എം ഐ എമ്മും മാത്രമാണ് വ്യക്തമായി വിഭജനത്തെ എതിര്‍ത്തത്. മുപ്പത് ദിവസത്തിനകം അന്തിമ പ്രഖ്യാപനമുണ്ടാകുമെന്ന് ഷിന്‍ഡെ യോഗ ശേഷം പ്രഖ്യാപിച്ചു. പക്ഷേ മാസങ്ങള്‍ പിന്നിട്ടിട്ടും ഒന്നും ചെയ്യാനാകാത്തതില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനെടെയാണ് പാര്‍ട്ടിതലത്തില്‍ കോണ്‍ഗ്രസ് കൂടിയാലോചനകള്‍ ഊര്‍ജിതമാക്കിയത്. ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിംഗിനായിരുന്നു ചര്‍ച്ചകളുടെ നേതൃത്വം. മുഖ്യമന്ത്രി കിരണ്‍ റെഡ്ഢിയടക്കമുള്ളവരുടെ എതിര്‍പ്പ് മറികടന്ന് കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി സംസ്ഥാന രൂപവത്കരണത്തിന് പച്ചക്കൊടി കാണിച്ചതോടെയാണ് യു പി എ ഏകോപന സമിതിക്ക് മുമ്പാകെ വിഷയം എത്തിയത്.
ആ കടമ്പയും കടക്കുമ്പോഴും അനിശ്ചിതത്വം ബാക്കിയാണ്. തെലുങ്കാനയാണോ, രായല തെലുങ്കാനയാണോ രൂപവത്കരിക്കാന്‍ പോകുന്നത് എന്നത് തന്നെയാണ് പ്രധാന ചോദ്യം. തെലുങ്കാനയോടൊപ്പം രായലസീമയുടെ ഒരു ഭാഗം ചേര്‍ത്ത് പുതിയ സംസ്ഥാനം രൂപവത്കരിക്കാന്‍ തന്നെയാണ് സാധ്യത.

Latest