Connect with us

Gulf

ഒമാനിലെ എക്‌സ്‌ചേഞ്ചില്‍ വീണ്ടും വ്യാജ ഇന്ത്യന്‍ നോട്ട്

Published

|

Last Updated

മസ്‌കത്ത്: മാസങ്ങളുടെ ഇടവേളക്കു ശേഷം രാജ്യത്തു നിന്നും വീണ്ടും ഇന്ത്യന്‍ രൂപയുടെ കള്ളനോട്ട്. ഈ മാസം ആദ്യം റൂവിയിലെ സ്വകാര്യ മണി എക്‌സ്‌ചേഞ്ചില്‍നിന്നും റിയാല്‍ മാറി പകരം നല്‍കിയ രൂപ നോട്ടുകളാണ് നാട്ടിലെത്തിയപ്പോള്‍ വ്യാജ നോട്ടുകളാണെന്നു വ്യക്തമായത്. മസ്‌കത്തില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കൊല്ലം ശാസ്താം കോട്ട സ്വദേശി നിഥിനാണ് 500 രൂപയുടെ ഏഴു നോട്ടുകള്‍ ലഭിച്ചത്.

പിതാവിന് ബൈപാസ് ശസ്ത്രക്രിയ വേണ്ടി വന്നതിനാല്‍ എമര്‍ജന്‍സി അവധിയില്‍ നാട്ടില്‍ പോയതിനാല്‍ അധികൃതര്‍ക്ക് പരാതി നല്‍കാന്‍ കഴിഞ്ഞില്ലെന്നും വ്യാജ നോട്ടുകള്‍ നശിപ്പിച്ചു കളഞ്ഞുവെന്നും നിഥിന്‍ സിറാജിനോട് പറഞ്ഞു. ഈ മാസം നാലിന് അച്ഛന്റെ അസുഖ വിവരം അറിഞ്ഞാണ് അടിയന്തരമായി നാട്ടിലേക്കു പുറപ്പെട്ടത്. എയര്‍പോര്‍ട്ടില്‍നിന്നും വീട്ടിലേക്കു പോകുന്നതിനും മറ്റു അത്യാവശ്യ ചെലവുകള്‍ക്കായാണ് ഇന്ത്യന്‍ രൂപ കൈവശം വെക്കാന്‍ തീരുമാനിച്ചത്. സുഹൃത്തുക്കളാണ് റൂവിയിലെ എക്‌സ്‌ചേഞ്ചില്‍ പോയി 3500 രൂപ മാറിക്കൊണ്ടുവന്നത്.
നാട്ടിലെത്തി രണ്ടു ദിവസത്തിനു ശേഷം ഒരു മെഡിക്കല്‍ ഷോപ്പില്‍ 500 രൂപ നോട്ടു കൊടുത്തപ്പോഴാണ് പരിചയക്കാരനായ ഷോപ്പുടമ ഇതു വ്യാജ നോട്ടാണെന്ന് അറിയിച്ചത്. തുടര്‍ന്ന് ഒരു നോട്ടുകൂടി എടുത്തു കൊടുത്തപ്പോള്‍ അതും വ്യാജമാണെന്ന് അറിയിക്കുകയായിരുന്നു. ഒരു നോട്ടുകൂടി പേഴ്‌സില്‍ അവശേഷിച്ചിരുന്നുവെങ്കിലും കടക്കാരന് സംശയം തോന്നേണ്ടെന്നു കരുതി അറിയിച്ചില്ല. തുടര്‍ന്ന് പരിചയമുള്ള മറ്റൊരു സ്ഥാപനത്തില്‍ പോയി പരിശോധിച്ച് നോട്ടുകള്‍ വ്യാജമെന്നു സ്ഥിരീകരിച്ചു. പിതാവ് ബൈപാസ് ശസ്ത്രക്രിയക്കു വിധേയനായി ആശുപത്രിയില്‍ കിടക്കുന്ന സമയമായതിനാല്‍ പോലീസില്‍ പരാതിപ്പെടാന്‍ പോയില്ല. വിദേശത്തു നിന്നു ലഭിച്ച നോട്ടായതിനാല്‍ കേസിന്റെ പിറകേ നടക്കേണ്ടു വരുമോ എന്ന ആശങ്കമൂലമാണ് അങ്ങിനെ ചെയ്യാതിരുന്നതെന്നും നോട്ടുകള്‍ നശിപ്പിച്ചു കളഞ്ഞുവെന്നും നിഥിന്‍ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറങ്ങി ഇവിടെ നിന്നും കൊല്ലം റയില്‍വേസ്റ്റേഷന്‍ വരെ പോകുന്നതിനായി വിളിച്ച ടാക്‌സി ഡ്രൈവര്‍ക്ക് നാലു 500 രൂപ നോട്ടുള്‍ നല്‍കിയിരുന്നു. ഇതും വ്യാജമായിരുന്നോ എന്നു നിശ്ചയമില്ലെന്നും കഴിഞ്ഞ ദിവസം മസ്‌കത്തില്‍ തിരിച്ചെത്തിയ യുവാവ് പറഞ്ഞു. പണം മാറിയ സ്‌ലിപ്പ് കൈവശമില്ല. എങ്കിലും എക്‌സ്‌ചേഞ്ചുകാരെ വിവരമറിയിക്കണമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാസങ്ങള്‍ക്കു മുമ്പ് നഗരത്തിലെ എക്‌സ്‌ചേഞ്ചുകളില്‍നിന്നും ഇന്ത്യന്‍ രൂപ മാറി കേരളത്തിലേക്കു പോയ ഒമാന്‍ സ്വദേശികള്‍ അവിടെ അറസ്റ്റു ചെയ്യപ്പെട്ടിരുന്നു. കൈവശമുള്ളത് കള്ളനോട്ടുകളാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു നടപടി. നയതന്ത്ര ഇടപെടലുകളെത്തുടര്‍ന്നാണ് ഒമാനികള്‍ മോചിതരായത്.
സംഭവത്തെത്തുടര്‍ന്ന് വ്യാജ നോട്ടുകള്‍ കണ്ടെത്തുന്നതിനായി എക്‌സ്‌ചേഞ്ചുകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണമെന്നും സെന്‍ട്രല്‍ ബേങ്ക് നിര്‍ദേശിച്ചിരുന്നു. മുഴുവന്‍ എക്‌സ്‌ചേഞ്ചുകളിലും വ്യാജ നോട്ടുകള്‍ കണ്ടെത്തുന്നതിനുള്ള സാങ്കേതിക സംവിധാനം ഒരുക്കണമെന്നും സെന്‍ട്രല്‍ ബേങ്ക് ആവശ്യപ്പെട്ടു. ഇന്ത്യയിലേക്കു പോകുന്ന പ്രവാസി ഇന്ത്യക്കാരും വിദേശികളും ഇന്ത്യന്‍ രൂപ കൈവശം വെക്കരുതെന്ന നിയമം ഇന്ത്യന്‍ എംബസിയും ഉണര്‍ത്തി. സന്ദര്‍ശക വിസയിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് ഏഴായിരം രൂപ കൈവശം വെക്കാന്‍ മാത്രമാണ് നിയമം അനുവദിക്കുന്നതെന്നും മറ്റുള്ളവര്‍ നാട്ടിലെത്തിയ ശേഷം മാത്രമാണ് പണം മാറേണ്ടതെന്നും എംബസി അറിയിപ്പില്‍ പറഞ്ഞു.
വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ ഒമാനിലെ എക്‌സ്‌ചേഞ്ചുകളില്‍ പ്രചരിക്കുന്നതിനെതരെ അധികൃതര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതിനിടെയാണ് മലയാളി യുവാവിന് വ്യാജ നോട്ടുകള്‍ ലഭിച്ചത്. എന്നാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതും പരാതി സമര്‍പ്പിക്കാതിരുന്നതും ഈ സംഭവത്തിലെ വസ്തുതകള്‍ പുറത്തു വരാന്‍ തടസമാകും.

 

Latest