ഡല്‍ഹി യാത്ര സഫലം; ഇനി ഘടക കക്ഷികളുമായി ചര്‍ച്ചയെന്നും മുഖ്യമന്ത്രി

Posted on: July 30, 2013 10:52 am | Last updated: August 1, 2013 at 6:23 pm

oommen chandy press meet

തിരുവനന്തപുരം: തന്റെ ഡല്‍ഹി യാത്ര സഫലമാണെന്നും കാര്യങ്ങളെല്ലാം ശുഭകരമായി അവസാനിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. സംസ്ഥാനം ഭരിക്കുന്നത് യു ഡി എഫ് ആണ്. അതിനാല്‍ ഘടക കക്ഷികളുമായി കൂടി ചര്‍ച്ച നടത്തണം. ഇന്ന് ഘടക കക്ഷികളുമായി ചര്‍ച്ച നടത്തും. അതിന് ശേഷം ചില ഘടക കക്ഷി നേതാക്കളെ പങ്കെടുപ്പിച്ച് ഡല്‍ഹിയിലും നടക്കും. ഇന്നലെ വന്നത് ശുഭകരമായ വാര്‍ത്ത തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രമേശ് ചെന്നിത്തലയുടെ നിലപാടിനെ കുറിച്ചുള്ള ചോദ്യത്തിനോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

ആഭ്യന്തര വകുപ്പ് വിട്ട് നല്‍കാന്‍ എ ഗ്രൂപ്പ് തയ്യാറില്ലാത്തതിനാല്‍ രമേശ് ചെന്നിത്തലയെ ഉപമുഖ്യമന്ത്രിയാക്കുന്ന ഫോര്‍മുലകളാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അതിന്റെ ഭാഗമാണ് ഇന്ന് ഘടക കക്ഷികളുമായുള്ള ചര്‍ച്ച എന്നാണ് സൂചന.

എന്നാല്‍ രമേശ് ചെന്നിത്തല മന്ത്രിസഭയിലേക്കില്ലെന്ന തന്റെ മുന്‍ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. തന്റെ നിലപാട് ഇന്നോ നാളെയോ സോണിയാ ഗാന്ധിയെ അറിയിക്കും. എ ഗ്രൂപ്പിന്റെ എല്ലാ ഫോര്‍മുലകളും രമേശ് ചെന്നിത്തലയെ അപമാനിക്കാനുള്ളതാണെന്നാണ് ഐ ഗ്രൂപ്പിന്റെ പക്ഷം.