ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പ് വരുത്തണമെന്ന് ജില്ലാ പഞ്ചായത്ത്

Posted on: July 30, 2013 7:33 am | Last updated: July 30, 2013 at 7:33 am

കണ്ണൂര്‍: ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്ത് യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. ഗവണ്‍മെന്റ് ഹൈസ്‌കൂളുകള്‍ ജില്ലാ പഞ്ചായത്തിന്റെ മേല്‍നോട്ടത്തിലായതിനാല്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്.
എന്നാല്‍ എയിഡഡ് സ്‌കൂളുകള്‍ക്ക് നിയന്ത്രണമില്ല. ഓരോ വര്‍ഷവും സര്‍ക്കാര്‍ മെയിന്റന്‍സ് ഗ്രാന്റ് എയിഡഡ് സ്‌കൂളുകള്‍ക്ക് അനുവദിക്കുന്നുണ്ട്. എന്നാല്‍ കെട്ടിടങ്ങള്‍ മെയിന്റന്‍സ് നടക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകണം. സ്‌കൂള്‍ പരിശോധിക്കാതെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന എ ഇ ഒമാര്‍ക്കെതിരായി നടപടിയുമുണ്ടാകണം. പി വി രജീന്ദ്രനാഥ് ആണ് ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രമേയം അവതരിപ്പിച്ചത്.
ജില്ലയില്‍ പല സ്‌കൂളുകളും അപകടഭീഷണിയിലാണെന്നും ഗൗരവമായ പരിശോധന അനിവാര്യമാണെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രമേയം ഐക്യകണ്‌ഠേന യോഗം അംഗീകരിച്ചു. പച്ചക്കറി ക്ലസ്റ്ററുകളുടെ വെട്ടിക്കുറച്ച ധനസഹായം പുനഃസ്ഥാപിക്കണമെന്ന വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ എ പി സുജാത അവതരിപ്പിച്ച പ്രമേയവും യോഗം അംഗീകരിച്ചു. ജില്ലയില്‍ 20 ക്ലസ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതുവഴി പച്ചക്കറി ഉത്പാദനം വര്‍ധിപ്പിക്കാനായിട്ടുണ്ട്. ധനസഹായം വെട്ടിക്കുറച്ചത് ക്ലസ്റ്ററുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
റോഡുകളുടെ പ്രവൃത്തി മാര്‍ച്ചിന് മുമ്പ് തീര്‍ക്കാതിരിക്കാന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ ചില ഉദ്യോഗസ്ഥന്മാര്‍ക്ക് ഹിഡന്‍ അജണ്ടയുണ്ടെന്ന് പ്രതിപക്ഷ നേതാവ് അഡ്വ. എ ജെ ജോസഫ് ചൂണ്ടിക്കാട്ടി. മാര്‍ച്ച് മാസം 31നകം ധൃതിപിടിച്ച് വര്‍ക്ക് പൂര്‍ത്തിയാക്കിയാല്‍ ജനപ്രതിനിധികള്‍ പരിശോധിക്കാന്‍ വരില്ലെന്ന ബോധമാണ് ഇതിന് കാരണം. കരാറുകാരുടെ താത്പര്യമാണ് എന്‍ജിനീയറിംഗ് ഉദ്യോഗസ്ഥര്‍ സംരക്ഷിക്കുന്നത്. 15ലക്ഷം രൂപയില്‍ കുറഞ്ഞ തനത് ഫണ്ട് പ്രകാരമുള്ള പദ്ധതിക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവുണ്ടായിട്ടും ഉദ്യോഗസ്ഥര്‍ പാലിക്കുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മുകുളം പദ്ധതിയുടെ ഭാഗമായി കൈപ്പുസ്തകം അച്ചടിക്കുന്നതിന് സര്‍ക്കാറിന്റെ അനുമതി ഇനിയും ലഭിക്കാത്ത സാഹചര്യത്തില്‍ സ്‌പോണ്‍സര്‍ഷിപ്പിലൂടെ പുസ്തകം തയ്യാറാക്കാന്‍ യോഗം തീരുമാനിച്ചു. ഈ വര്‍ഷം എട്ടാം തരം മുതല്‍ മുകുളം പദ്ധതി നടപ്പാക്കും. കൈപ്പുസ്തകങ്ങളുടെ കവര്‍ ചട്ടയില്‍ സ്വകാര്യ, സഹകരണ സ്ഥാപനങ്ങളുടെ പരസ്യം ഉള്‍പ്പെടുത്തി അച്ചടി ചെലവ് നേടാനാണ് ആലോചിക്കുന്നത്.
ജില്ലാ പഞ്ചായത്ത് 2013-14 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി നടപ്പിലാക്കുന്ന സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനികള്‍ക്ക് ആയോധനപരിശീലനം നല്‍കുന്ന പദ്ധതി നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായി പരിശീലകരുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ തീരുമാനിച്ചു. ഓരോ ഡിവിഷനിലും 100 കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക. 10 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് നീക്കിവെച്ചത്.
നിര്‍വഹണ ഉദ്യോഗസ്ഥര്‍ യോഗങ്ങളില്‍ പങ്കെടുക്കാത്തതിനെ ചൊല്ലി യോഗത്തില്‍ വിമര്‍ശമുയര്‍ന്നു. കഴിഞ്ഞ രണ്ട് യോഗങ്ങളിലും ഡി പി സിയിലും ഹാജരാകാത്ത വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറോട് വിശദീകരണം തോടുമെന്ന് പ്രസിഡന്റ് അറിയിച്ചു. നിര്‍വഹണ ഉദ്യോഗസ്ഥര്‍ പദ്ധതി അവലോകനം നടത്തി യോഗങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് സ്റ്റേറ്റ്‌മെന്റ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്ന് പ്രസിഡന്റ് അറിയിച്ചു.
വര്‍ക്കിംഗ് ഗ്രൂപ്പ് മോണിട്ടറിംഗ് കമ്മിറ്റി പ്രവര്‍ത്തനം ഒട്ടും തൃപ്തികരമല്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് പ്രൊഫ. കെ എ സരള അധ്യക്ഷത വഹിച്ചു.