Connect with us

Wayanad

കുടുംബശ്രീ സമ്പൂര്‍ണ പലിശ സബ്‌സിഡി ഉറപ്പാക്കി സംഘകൃഷി വ്യാപിപ്പിക്കും

Published

|

Last Updated

കല്‍പറ്റ: സമ്പൂര്‍ണ പലിശ സബ്‌സിഡി ഉറപ്പു വരുത്തി കുടുംബശ്രീ കര്‍ഷക സംരംഭങ്ങള്‍ മുഖേന സംഘകൃഷി വ്യാപിപ്പിക്കാന്‍ വയനാട് ജില്ലയില്‍ പദ്ധതി തുടങ്ങി. നബാര്‍ഡും കനറാ ബാങ്കും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
1000 കൂട്ടുത്തരവാദിത്വ സംഘങ്ങള്‍ മുഖേനയാണ് ആദ്യഘട്ടത്തില്‍ ബാങ്ക് വായ്പ നല്‍കി കൃഷി ഇറക്കുന്നത്. നബാര്‍ഡിന്റെ മാനദണ്ഡമനുസരിച്ച് നിലവിലുള്ള കുടുംബശ്രീ സംഘകൃഷി ഗ്രൂപ്പുകളെ ഗ്രേഡ് ചെയ്തതിനുശേഷം ബാങ്ക് വായ്പ നല്‍കും. പദ്ധതി പ്രകാരം ഒരാള്‍ക്ക് ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കാന്‍ വ്യവസ്ഥയുണ്ട്. ഒരു വര്‍ഷമാണ് കാലാവധി.
വായ്പക്ക് 7 ശതമാനം മാത്രമെ പലിശ ഈടാക്കുകയുള്ളു. അതില്‍ 5 ശതമാനം കുടുംബശ്രീ ജില്ലാ മിഷനും 1 ശതമാനം കൃത്യതയോടെ തിരിച്ചടക്കുന്നവര്‍ക്ക് ബാങ്ക് ഇളവും അനുവദിക്കും. ബാക്കി വരുന്ന ഒരു ശതമാനത്തിന് ജില്ലാ മിഷന്‍ കൃഷി വ്യാപന പദ്ധതി പ്രകാരം പ്രത്യേകമായി നല്‍കുന്ന ഏരിയ ഇന്‍സെന്റീവും, നബാര്‍ഡ് സംഘകൃഷിക്ക് നല്‍കുന്ന ഇന്‍സെന്റീവായ രണ്ടായിരം രൂപയും വായ്പാ പലിശ ഇനത്തിലുള്ള തിരിച്ചടവിന് ഉപയോഗിക്കാനാവും. ചുരുക്കത്തില്‍ പദ്ധതി പ്രകാരം കുടുംബശ്രീ സംഘകൃഷിക്കാര്‍ക്ക് സമ്പൂര്‍ണ്ണ പലിശ രഹിത വായ്പ ലഭ്യമാക്കാനാവും.
ആദ്യഘട്ടത്തില്‍ പടിഞ്ഞാറത്തറ, മാനന്തവാടി, പയ്യമ്പള്ളി കനാറാ ബാങ്ക് ബ്രാഞ്ചുകള്‍ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടര്‍ന്ന് ജില്ലയിലെ 26 സി.ഡി.എസുകള്‍ക്ക് കീഴിലുള്ള സംഘകൃഷിക്കാര്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. കുടുംബശ്രീക്ക് നിലവിലുള്ള 3400 സംഘകൃഷി ഗ്രൂപ്പുകളെ ഗ്രേഡ് ചെയ്ത് 1000 സംഘങ്ങളെയാണ് പദ്ധതിക്കായി തെരഞ്ഞെടുക്കുന്നത്. കൂടാതെ ജില്ലയില്‍ 685 മാസ്റ്റര്‍ കര്‍ഷകരെയാണ് സഹായത്തിനായി ഉപയോഗിക്കുന്നത്. 12 കര്‍ഷക സഹായ കേന്ദ്രങ്ങള്‍ ജില്ലയില്‍ പുതുതായി ആരംഭിക്കും.
വളം, വിത്ത്,വിപണനം, പിന്തുണാ സംവിധാനം, യന്ത്രവത്കരണം, വൈദഗ്ദ്യ പരിശീലനവും കുടുംബശ്രീ മറ്റ് ഏജന്‍സികളുമായി സഹകരിച്ച് ഉറപ്പു വരുത്തും. പുതുതായി നിയമിക്കുന്ന എം കെ എസ് പി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ സേവനവും പദ്ധതി നടത്തിപ്പിനായി ഉപയോഗിക്കും.

Latest