ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ കേസ്: വെള്ളക്കെട്ടില്‍ പരിശോധന നടത്തി

Posted on: July 30, 2013 7:24 am | Last updated: July 30, 2013 at 7:24 am

അരീക്കോട്: ഭാര്യയെയും മക്കളെയും വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ പായിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബാഗ്, കുട, മൊബൈല്‍ഫോണ്‍, ഷാള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.
ഫയര്‍ഫോഴ്‌സിന്റെയും മുങ്ങല്‍ വിദഗ്ദരുടെയും നേതൃത്വത്തില്‍ അരീക്കോട് എടവണ്ണപ്പാറ റോഡില്‍ ആലുക്കല്‍ പെരുങ്കടവ് റോഡിന് സമീപത്തെ വെള്ളക്കെട്ടില്‍ നടത്തിയ പരിശോധനയിലാണ് സാധനങ്ങള്‍ കണ്ടെടുത്തത്.
ഇക്കഴിഞ്ഞ 22 ന് പുലര്‍ച്ചെ ഭര്‍ത്താവ് വാവൂര്‍ കൂടാന്തൊടി മുഹമ്മദ് ഷരീഫ് ഭാര്യ സാബിറ (21) യെയും, മക്കളായ ഫാത്തിമ ഫിദ (നാലര), ഫാത്തിമ നദ (രണ്ട്) എന്നിവരെയും ആലുക്കല്‍ വെള്ളക്കെട്ടിലേക്ക് ബൈക്ക് പായിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപ്പെടുത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ അന്നുതന്നെ പൊലീസ് കണ്ടെടുത്തിരുന്നു.
ടയറിന്റെ കാറ്റൊഴിച്ചു വിട്ട നിലയിലായിരുന്നു സ്‌കൂട്ടര്‍. വെള്ളക്കെട്ടില്‍ നിന്നും കണ്ടെടുത്ത സാധനങ്ങള്‍ വിദഗ്ധ പരിശോധനക്ക് വിധേയമാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മഞ്ചേരി സി ഐ വിഎ കൃഷ്ണദാസ് പറഞ്ഞു.