കേസെന്ന ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട: വെള്ളാപ്പള്ളി

Posted on: July 30, 2013 1:15 am | Last updated: July 30, 2013 at 1:15 am

vellappalliആലപ്പുഴ: കേസ് കൊടുക്കുമെന്ന ഉമ്മാക്കി കാട്ടി തന്നെ പേടിപ്പിക്കാന്‍ നോക്കേണ്ടെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കണിച്ചുകുളങ്ങരയിലെ വസതിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി വേണുഗോപാലിന് രണ്ട് മാസമായി ഉറക്കമില്ലാത്തതിന് കാരണം താനല്ല. ഉറക്കക്കേട് ഉണ്ടായെങ്കില്‍ അതിന് തക്ക കുറ്റവും ചെയ്തുകാണും. തെറ്റ് ചെയ്തവരാണ് ഭയക്കേണ്ടത്. അഡ്വ .ഫെനി ബാലകൃഷ്ണന്‍ തന്നോട് പറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങളോട് പറഞ്ഞത്.
മൂന്ന് പ്രാവശ്യം വക്കീല്‍ തന്നെ വിളിച്ചിരുന്നു. സര്‍ക്കാര്‍ തനിക്ക് നല്‍കിയിട്ടുള്ള സെക്യൂരിറ്റിക്കാരാണ് തന്റെ ഫോണ്‍ എടുക്കാറുള്ളത്. അങ്ങനെയാണ് ഫെനി ബാലകൃഷ്ണനുമായി സംസാരിച്ചത്. വക്കീല്‍ പറഞ്ഞ പേരുകള്‍ മാത്രമേ താനും പറഞ്ഞിട്ടുള്ളൂ. ശത്രുക്കളുടെ പേരുകളാണ് പറയേണ്ടതെങ്കില്‍ സുധീരന്റെ പേരല്ലേ ആദ്യം പറയേണ്ടത്. അത് പറഞ്ഞിട്ടില്ലല്ലോയെന്നും വെള്ളാപ്പള്ളി ചോദിച്ചു.