വിലക്കുറവ് പ്രാബല്യത്തില്‍: മരുന്നുകള്‍ക്ക് ക്ഷാമം

Posted on: July 30, 2013 6:00 am | Last updated: July 30, 2013 at 7:11 am

medicine1***മരുന്നു പാക്കറ്റുകളില്‍ കുറഞ്ഞ വില സ്റ്റിക്കര്‍ പതിപ്പിക്കാന്‍ നിര്‍ദേശം

***നിബന്ധനകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി

തിരുവനന്തപുരം:ജീവന്‍ രക്ഷാ മരുന്നുകളുടെ വില കുറച്ചതോടെ വിപണിയില്‍ മരുന്നു ക്ഷാമം തുടങ്ങി. ഞായറാഴ്ച വരെ സുലഭമായി ലഭിച്ചിരുന്ന പല മരുന്നുകളും ഇന്നലെ മുതല്‍ പ്രമുഖ കടകളില്‍ പോലും കിട്ടാനില്ല. ഇന്നലെ മുതലാണ് ജീവന്‍രക്ഷാ മരുന്നുകള്‍ക്കുള്ള വിലക്കുറവ് പ്രാബല്യത്തില്‍ വന്നത്. ആദ്യ വിജ്ഞാപനത്തില്‍പ്പെട്ട 151 മരുന്നുകളുടെ വിലയാണ് കുറച്ചത്. ഹൃദ്രോഗം, രക്തസമ്മര്‍ദം, ആസ്തമ, അര്‍ബുദം, പ്രമേഹം, പനി, ഗര്‍ഭിണികള്‍ക്കുള്ള മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ളവയുടെ വില 30 ശതമാനം വരെയാണ് കുറഞ്ഞത്. വില കുറഞ്ഞെങ്കിലും അതിന്റെ ഗുണം ഉപഭോക്താക്കള്‍ക്ക് ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.

പുതുക്കിയ വിലയനുസരിച്ച് മിക്ക കടകളിലും മരുന്ന് ലഭ്യമല്ല. നിലവിലുള്ള സ്റ്റോക്ക് പുതിയ വിലക്ക് വിറ്റാല്‍ നഷ്ടമാണെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മരുന്നുകളുടെ വില കുറച്ചുകൊണ്ടുള്ള അറിയിപ്പ് തങ്ങള്‍ക്ക് ലഭിച്ചില്ലെന്ന പരാതിയും കച്ചവടക്കാര്‍ ഉന്നയിക്കുന്നുണ്ട്. എന്നാല്‍ വിജ്ഞാപനമിറങ്ങി 45 ദിവസം വരെ സമയമുണ്ടായിരുന്നുവെന്നും ഇനി കൃത്രിമക്ഷാമം സൃഷ്ടിച്ചാല്‍ നടപടിയെടുക്കുമെന്നും സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍ അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം സംസ്ഥാനത്ത് പരിശോധന ആരംഭിച്ചുകഴിഞ്ഞു. വില നിയന്ത്രണമില്ലാതെ ഈ മരുന്നുകള്‍ വിറ്റാല്‍ അത് ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
അതേസമയം, നഷ്ടം സഹിച്ചും നിലവിലെ സ്റ്റോക്ക് പുതുക്കിയ നിരക്കില്‍ തന്നെ വില്‍ക്കാന്‍ ഒരു വിഭാഗം കച്ചവടക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പഴയ സ്റ്റോക്ക് കൈയിലുള്ള കച്ചവടക്കാര്‍ പുതിയ വിലയുടെ സ്റ്റിക്കര്‍ പതിച്ച് വില്‍പ്പന നടത്തുന്നതിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്. അത് കുറ്റകരമായതിനാല്‍ തങ്ങള്‍ക്കെതിരെ നടപടി വരുമെന്നും പുതിയ വിലക്കനുസരിച്ച് ചില്ലറ വില്‍പ്പനക്കുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിട്ടില്ലെന്നുമാണ് ആള്‍ കേരള കെമിസ്റ്റ്‌സ് ആന്‍ഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷന്‍ (എ കെ സി ഡി എ) ഭാരവാഹികള്‍ പറയുന്നത്. പഴയ സ്റ്റോക്ക് കമ്പനികള്‍ക്ക് തിരിച്ചേല്‍പിക്കുന്നതിനും പുതിയ സ്റ്റോക്ക് എത്തും വരെ പഴയ വിലക്ക് തന്നെ മരുന്ന് വില്‍ക്കാനും അനുമതി വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചിരുന്നെങ്കിലും മറുപടിയൊന്നും ലഭിച്ചില്ലെന്നും അസോസിയേഷന്‍ പറയുന്നു.
പുതിയ ഔഷധ നയത്തിന്റെ ഭാഗമായി 348 ഇനം മരുന്നുകള്‍ക്ക് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ െ്രെപസിംഗ് അതോറിറ്റി വില പുതുക്കി നിശ്ചയിച്ചതാണ് രോഗികള്‍ക്ക് ആശ്വാസമാകുന്നത്. നാല് ഘട്ടങ്ങളായാണ് മരുന്നുകളുടെ വില കുറക്കുന്നത്. അതിന്റെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നത്. പത്ത് രൂപയുള്ള അറ്റോര്‍വസ്റ്റാറ്റിന്‍ ഗുളിക ആറ് രൂപക്ക് ലഭിക്കും. 3.33 രൂപക്കുള്ള നിക്കാര്‍ഡിയ 2.17ന് ലഭിക്കും. ആന്റീബയോട്ടിക്കായ അമോക്‌സിലിന്‍ പത്ത് എണ്ണത്തിന് നൂറ് രൂപയായിരുന്നത് 63 രൂപക്ക് ലഭിക്കും. ഘട്ടങ്ങളായാണ് മരുന്നുകളുടെ വില കുറക്കുന്നത്. അതിന്റെ ആദ്യഘട്ടമാണ് ഇപ്പോള്‍ പ്രാബല്യത്തില്‍ വന്നത്. കൊളസ്‌ട്രോളിനുള്ള അറ്റോര്‍വസ്റ്റാറ്റിന്‍, രക്തസമ്മര്‍ദത്തിനുള്ള നിക്കാഡിയ, പ്രമേഹത്തിനുള്ള വാര്‍ഫാറിന്‍ സോഡിയം ടാബ്, പേവിഷ ബാധക്കുള്ള റാബീസ് വാക്‌സിന്‍, ടെറ്റനസ് ഡി പി ടി വാക്‌സിന്‍ എന്നിവ ഇതിലുള്‍പ്പെടും. പത്ത് രൂപയുള്ള അറ്റോര്‍വസ്റ്റാറ്റിന്‍ ഗുളിക ആറ് രൂപക്ക് ലഭിക്കും. 3.33 രൂപക്കുള്ള നിക്കാര്‍ഡിയ 2.17ന് ലഭിക്കും.