Connect with us

Ongoing News

നാവില്‍ നിറയേണ്ട നന്‍മ

Published

|

Last Updated

നന്മയുടെ നിറവസന്തമാണ് റമസാന്‍ കാലം. പുണ്യ റസൂല്‍ പറഞ്ഞു: നന്‍മയുടെ വിത്ത് ഒളിഞ്ഞിരിക്കുന്നത് നാവിലാണ്. അതുകൊണ്ട് സംസാരിക്കുമ്പോള്‍ നല്ലത് മാത്രം പറയുക. നോമ്പ് അര്‍ഥസമ്പൂര്‍ണമാകുന്നത് നന്‍മയുടെ അനുശീലനത്തിലാണ്. വാക്കും പ്രവൃത്തിയും നന്നാകണം, എങ്കിലേ വ്രതത്തിന്റെ ആത്മാവിനെ നേടാന്‍ നമുക്കാകൂ. നോമ്പ് മൗനമാണ് എന്ന വചനം വ്രതത്തില്‍ മനം ദീക്ഷിക്കേണ്ടതിന്റെ അനിവാര്യതയാണ് തര്യപ്പെടുത്തുന്നത്. അനാവശ്യമായ ചേതോവികാരങ്ങളുടെ പേരില്‍ ആരെങ്കിലും കലഹിക്കാന്‍ വന്നാല്‍ “നോമ്പുകാരനാണ് ഞാന്‍” എന്നു പറയാന്‍ മതം കല്‍പ്പിക്കുന്നു.

തെറ്റായ വാക്കും പ്രവൃത്തിയും ഉപേക്ഷിക്കാതെ അന്നപാനാദികള്‍ വര്‍ജിക്കുന്നത് അല്ലാഹുവിന് ഒരാവശ്യവുമില്ല എന്ന ശാസനയും വ്രതത്തിന്റെ സൂക്ഷ്മമായ നിര്‍വഹണത്തെയാണ് സൂചിപ്പിക്കുന്നത്. നാവ് മൂര്‍ച്ചയേറിയ ആയുധമാണ്. അതിനെ ക്രിയാത്മകമായി വിനിയോഗിച്ചില്ലെങ്കില്‍ അന്ത്യഫലം തിക്തമായിരിക്കും. പറഞ്ഞു പറഞ്ഞ് പാപത്തിന്റെ കയത്തിലേക്കെത്തുന്ന പരദൂഷണമാണ് സംസാരം സൃഷ്ടിക്കുന്നത്. സൃഷ്ടികളോടുള്ള സംസാരം വര്‍ധിക്കുമ്പോള്‍ നന്‍മയുടെ നിരാസം താനെ രൂപപ്പെടുകയാണ്. സൂഫികള്‍ പറയാറുണ്ട്: നിങ്ങള്‍ ജനങ്ങളോട് കുറച്ചും അല്ലാഹുവിനോട് ധാരാളമായും സംസാരിക്കുക.
റമസാന്‍ സുകൃതങ്ങളുടെ പണിപ്പുരയാകണമെന്ന നിഷ്‌കര്‍ഷയുള്ളവര്‍ നാവിനെ നിയന്ത്രിക്കണം. രഹസ്യവും പരസ്യവുമായി പറയുന്ന കാര്യങ്ങള്‍ നന്നായി സൂക്ഷിക്കണം. കരുതലോടെയായിരിക്കണം സംസാരിക്കേണ്ടത്. നന്‍മ വൃഥാവിലാകുന്ന ഭാഷണങ്ങളാണ് അധിക പേരുടെയും- ഖുര്‍ആന്‍ പറയുന്നു.
ജനങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളില്‍ അധികവും ഗുണമില്ലാത്തതാണ്. ദാനധര്‍മങ്ങള്‍ക്കോ നന്‍മ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതിനോ വേണ്ടിയാണ് സ്വകാര്യ സംഭാഷണമെങ്കില്‍ നല്ലതു തന്നെ (ഖുര്‍ആന്‍ : 4-14) അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ നിന്നും നിവേദനം: ഭൗതിക ജീവിതത്തില്‍ ദീര്‍ഘകാലം തടവു ശിക്ഷ അര്‍ഹിക്കുന്നത് നാവാണ് എന്നു റസൂല്‍ (സ) പറഞ്ഞിട്ടുണ്ട്.
വ്രത കാലത്ത് മതം നിഷ്‌കര്‍ഷിക്കുന്ന സംഭാഷണ മര്യാദയില്‍ പ്രധാനം മൗനമാണ്. തെറ്റായ വാക്കുകള്‍ മൊഴിയുന്നതിനേക്കാള്‍ ഗുണപ്രദം മൗനം ദീക്ഷിക്കലാണെന്നും മതം അനുശാസിക്കുന്നു.
മൗനം ഭജിക്കുക; പിശാചിനെ തുരുത്താന്‍ അതൊരു മാര്‍ഗമാണ്. ദീനില്‍ നിങ്ങള്‍ക്കൊരു താങ്ങുമാണ്. അബൂദര്‍റിനോടാണ് നബി കരീം ഇക്കാര്യം ഉണര്‍ത്തിയത്. അവിടുന്ന് ഒരു സംഭാഷണമധ്യേ സദസ്യരോടുണര്‍ത്തി: ഹൃദയം നേരെയാകാതെ ഒരാളുടെ വിശ്വാസം നേരെയാകില്ല. നാവ് നേരെയാകാതെ ഹൃദയവും നേരെയാകില്ല.( ഇമാം അഹ്മദ്) നാവിനെ നിയന്ത്രിച്ചാല്‍ ഹൃദയശാന്തിയും വ്യക്തിഗുണവും കൈവരും. എല്ലാറ്റിലും അനാവശ്യമായി നാവുയര്‍ത്തുന്നവരുണ്ട്. നിര്‍ഗളമായ സംസാരത്തിലൂടെ വിഷയത്തെ വിഷമാക്കി മാറ്റിയെടുക്കുന്നവരും വിരളമല്ല. ഖുര്‍ആന്‍ പറഞ്ഞു: വ്യര്‍ഥ ഭാഷണം വര്‍ജിക്കുന്ന വിശ്വാസികള്‍ വിജയികളാണ്. (ഖുര്‍ആന്‍ 23: 1-3) ജനങ്ങളെ ചിരിപ്പിക്കാന്‍ ചിലത് പറയുന്നവരുണ്ട്. തന്നിമിത്തം അയാള്‍ ആകാശ ഭൂമിക്കിടയില്‍ വലിച്ചെറിയപ്പെട്ടവനായി വട്ടം കറങ്ങും. ഇടറുന്ന പാദമല്ല പിഴച്ച നാവാണ് ഏറെ ഉപദ്രവകരം. (ബൈഹഖി)
നല്ല വാക്കും വിട്ടുവീഴ്ചയുമാണ് വിശ്വാസിയുടെ ജീവിത യാത്രയെ സദ്ഗുണസമ്പന്നമാക്കുന്നത്. ഏത് പ്രവൃത്തി മൂലമാണ് സ്വര്‍ഗപ്രവേശം സാധ്യമാകുക എന്ന് തിരുനബി(സ) യോട് അഭിപ്രായപ്പെട്ടു. അവിടുന്ന് ചോദ്യകര്‍ത്താവിനെ ഉപദേശിച്ചു: സാധുക്കള്‍ക്ക് അന്നം നല്‍കുക, ജനങ്ങള്‍ ഉറക്കത്തിലായിക്കഴിഞ്ഞാല്‍ എഴുന്നേറ്റ് നിസ്‌കരിക്കുക, പരസ്പരം സാലം പറയുക, എങ്കില്‍ സ്വര്‍ഗപ്രവേശം സാധ്യമാകും (ബസ്സാര്‍)
നാം സ്വര്‍ഗത്തെയാണ് റമസാനില്‍ തേടിക്കൊണ്ടിരിക്കുന്നത്. ഇഫ്താറുകളില്‍ നാം സാധുക്കള്‍ക്ക് പ്രാധാന്യം കൊടുത്താല്‍ അത് സ്വര്‍ഗീയ കവാടങ്ങളിലേക്കുള്ള നമ്മുടെ യാത്രയെ ത്വരിതപ്പെടുത്തും. അതോടൊപ്പം തറാവീഹും പതിവാക്കുക. ഒപ്പം നമ്മുടെ സര്‍വ അവയവങ്ങളെയും പാപത്തില്‍ നിന്ന് സൂക്ഷിക്കാന്‍ നാഥനോടിരക്കുകയും ചെയ്യുക. പാപമോചനത്തിന്റെ സുദിനങ്ങളെ അതിനായി നാം വിനിയോഗിക്കുക.

 

 

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ

---- facebook comment plugin here -----

Latest