അല്‍ ബര്‍ഷയിലെ വളവ് മരണക്കെണിയാവുന്നു

Posted on: July 29, 2013 9:00 pm | Last updated: July 29, 2013 at 9:21 pm

ദുബൈ: അല്‍ ബര്‍ഷയിലെ വളവ് മരണക്കെണിയായി മാറുന്നതായി പ്രദേശവാസികള്‍. കഴിഞ്ഞ ദിവസം ഇവിടെ ആഫ്രിക്കന്‍ വംശജന്‍ ഓടിച്ച കാര്‍ റസ്‌റ്റോറന്റിലേക്ക് പാഞ്ഞു കയറിയത് മൂന്നു പേര്‍ മരിക്കാന്‍ ഇടയാക്കിയിരുന്നു. കബാബ് റോള്‍സ് റെസ്റ്റോറന്റിന്റെ അടുക്കളയിലേക്കായിരുന്നു കാര്‍ പാഞ്ഞു കയറിയതും ഒരു കാല്‍നടക്കാരനും രണ്ട് റെസ്‌റ്റോറന്റ് ജോലിക്കാരും മരിച്ചതും.
റസ്‌റ്റോറന്റ് റോഡിനോട് ചേര്‍ന്ന കെട്ടിടത്തിന്റെ മൂലയിലായതും അപകടത്തിന് സാധ്യത കൂട്ടുന്ന രീതിയില്‍ ഇവിടെ റോഡ് വളഞ്ഞ് കിടക്കുന്നതുമാണ് മേഖല അപകടക്കെണിയാവാന്‍ ഇടയാക്കുന്നത്. ഈ മേഖലയിലെ പരമാവധി വേഗം മണിക്കൂറില്‍ 40 കിലോമീറ്ററാക്കി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കാത്തതും അപകടാവസ്ഥക്ക് ആക്കം കൂട്ടുകയാണ്.
അപകടം പിടിച്ച മേഖലയാണെന്ന് അറിയുമെങ്കിലും വാഹനം ഓടിക്കുന്നവര്‍ അത് കാര്യമാക്കാത്തതാണ് അപകടങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ തകര്‍ന്ന റെസ്റ്റോറന്റിന്റെ ഓപറേഷന്‍സ് മാനേജര്‍ എം ശെരീഫ് അവാന്‍ അഭിപ്രായപ്പെട്ടു. ഓഫീസിന് പുറത്തെ റോഡിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നത് വല്ലാതെ ഭയപ്പെടുത്തുന്നതായി സമീപത്തെ റിയല്‍ എസ്റ്റേറ്റ് ഓഫീസില്‍ ജോലിചെയ്യുന്ന നാനറ്റ് പറഞ്ഞു.
വളവിലേക്ക് എത്താറാവുമ്പോഴും വാഹനം ഓടിക്കുന്നവര്‍ വേഗം കുറക്കാറില്ലെന്ന് സമീപത്തെ ഹോട്ടല്‍ അപാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്ന റൊണാള്‍ഡ് പറഞ്ഞു. അതിനാല്‍ തന്നെ അപകടം സംഭവിച്ചെന്നും മൂന്നു പേര്‍ മരിച്ചെന്നും അറിഞ്ഞിട്ടും അതില്‍ ഒട്ടും അല്‍ഭുതം തോന്നിയില്ല. എന്തായാലും ഒരു തെറ്റും ചെയ്യാത്ത മൂന്നു പേരുടെ ജീവന്‍ നഷ്ടപ്പെട്ടത് മനസിനെ വല്ലാതെ മഥിക്കുന്നുവെന്നും റൊണാള്‍ഡ് മനസ് തുറന്നു.
ഡ്യൂട്ടി കഴിഞ്ഞ് എട്ട് റെസ്റ്റോറന്റ് ജോലിക്കാരും താമസസ്ഥലത്തേക്ക് പോകാന്‍ വാഹനം കാത്തു നില്‍ക്കേയാണ് ദുരന്തം സംഭവിച്ചതെന്ന് ഓപറേഷന്‍സ് മാനേജര്‍ അവാന്‍ പറഞ്ഞു. കാര്‍ ആദ്യം സൈന്‍ ബോര്‍ഡില്‍ ഇടിക്കുകയും പിന്നീട് റെസ്റ്റോറന്റിന്റെ അടുക്കളയിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു. കോണ്‍ക്രീറ്റ് മതിലും തൂണുകളും ഇടിച്ച് തകര്‍ത്താണ് അമിതവേഗത്തില്‍ കാര്‍ അകത്തേക്ക് വന്നത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന വസ്തുക്കള്‍ ഞങ്ങളുടെ മേല്‍ പതിച്ചെങ്കിലും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.