കഴിഞ്ഞ വര്‍ഷം ഫോണ്‍ വിളിച്ചത് 270 കോടി മിനിറ്റ്

Posted on: July 29, 2013 9:07 pm | Last updated: July 29, 2013 at 9:07 pm

അബുദാബി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഫോണ്‍വിളിക്ക് ചിലവഴിച്ചത് 270 കോടി 30 ലക്ഷം മിനിറ്റ്. സ്വദേശികളും വിദേശികളും മൊബൈലിലും ലാന്‍ഡ് ലൈനിലുമായി സംസാരിച്ച സമയത്തിന്റെ കണക്കാണ് ടെലികമ്യൂനിക്കേഷന്‍ റഗുലേറ്ററി അഥോറിറ്റി (ട്രാ) പുറത്തുവിട്ടിരിക്കുന്നത്. ഫോണ്‍ വിളിച്ച വകയില്‍ ഇത്തിസലാത്ത്, ഡു തുടങ്ങിയ കമ്പനികള്‍ക്ക് ബില്‍ തുകയായി ലഭിച്ചത് 230 കോടി ദിര്‍ഹം.
രാജ്യത്തെ മൊബൈല്‍ ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി 37 ലക്ഷം ആണ്. കഴിഞ്ഞ വര്‍ഷം അവസാനം വരെയുള്ള കണക്കാണിത്. മൊബൈലിലൂടെ മാത്രം വിളിച്ച സമയം 235 കോടി മിനിറ്റാണ്. ഇതിലൂടെ മാത്രം കമ്പനികള്‍ക്ക് ലഭിച്ചത് 200 കോടിയിലധികം ദിര്‍ഹം വരും. രാജ്യത്തെ മൊത്തം ലാന്‍ഡ് ലൈന്‍ കണക്ഷന്‍ 19,60,000 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം മൊബൈലിലൂടെ അയച്ച എസ് എം എസുകളുടെ എണ്ണം 20 കോടി 72 ലക്ഷം ആണ്. മൊബൈല്‍ ഉപഭോക്താക്കള്‍ അടച്ച ഇന്റര്‍നെറ്റ് ബില്‍ തുക 30 കോടി 80 ലക്ഷം ദിര്‍ഹമാണ്. രാജ്യത്തെ ജനങ്ങള്‍ ഇന്റര്‍നെറ്റിനു മുന്നില്‍ വളരെ നേരം ചെലവഴിക്കുന്നതായി ട്രായുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.