അപകടത്തെ കുറിച്ച് ശരീഫ് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നതായി പോലീസ്‌

Posted on: July 29, 2013 8:36 am | Last updated: July 29, 2013 at 8:36 am

areekode prathi shareefഅരീക്കോട്: വെള്ളക്കെട്ടിലേക്ക് വാഹനം വീണാലുണ്ടാകുന്ന അപകടത്തെക്കുറിച്ചും വെള്ളക്കെട്ടുകളുടെ ആഴത്തെക്കുറിച്ചുമൊക്കെ ശരീഫ് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നതായി പോലീസ്.
ഭാര്യയെയും മക്കളെയും ആലുക്കല്‍ പെരുങ്കടവ് റോഡിനു സമീപത്തുള്ള വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ പായിച്ച് കൊലപ്പെടുത്തുന്നതിന് ഏതാനും ദിവസം മുമ്പ് സുഹൃത്തുക്കളോടൊപ്പം കോഴിക്കോട്ടേക്ക് പോകുംവഴിയായിരുന്നു സംസാരം. യാത്രക്കിടെ വെളളക്കെട്ടുകള്‍ കാണുമ്പേള്‍ ഇതിന്റെ ആഴമെത്ര വരും ഇതിലേക്ക് വീണാല്‍ അപകടം പറ്റുമോ വാഹനം മറിഞ്ഞു വീണാല്‍ മരണപ്പെടുമോ തുടങ്ങിയ കാര്യങ്ങള്‍ സംസാരിച്ചിരുന്നതായി സുഹൃത്തുക്കളില്‍ നിന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. രണ്ടാം വിവാഹത്തിനായി ബ്യൂറോയില്‍ രജിസ്റ്റര്‍ ചെയ്ത് പെണ്ണ് കണ്ടതിനുശേഷമാണ് ഭാര്യയെയും മക്കളെയും ഇല്ലായ്മ ചെയ്യാന്‍ ശരീഫ് തീരുമാനിച്ചതെന്നാണ് പൊലീസ് കരുതുന്നത്.
ഭാര്യ നിലവിലുള്ളപ്പോള്‍ വലിയ സ്ത്രീധനം വാങ്ങി വിവാഹം കഴിക്കാന്‍ പ്രയാസമായിരിക്കുമെന്നായിരുന്നു പ്രതിയുടെ കണക്കുകൂട്ടലെന്ന് മഞ്ചേരി സിഐ വി എ കൃഷ്ണദാസ് പറഞ്ഞു.

ഭാര്യ വീട്ടുകാരില്‍നിന്ന്  പോലീസ് മൊഴിയെടുത്തു

അരീക്കോട്: ഭാര്യയെയും കുഞ്ഞുങ്ങളേയും വെള്ളക്കെട്ടിലേക്ക് സ്‌കൂട്ടര്‍ പായിച്ച് കൊലപ്പെടുത്തിയ കോസിലെ പ്രതി വാവൂര്‍ കൂടാംതൊടി മുഹമ്മദ് ശരീഫിന്റെ ഭാര്യ വീട്ടുകാരില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു.
കൊല്ലപ്പെട്ട സാബിറയുടെ പിതാവ് ഒളവട്ടൂര്‍ മായക്കരതടത്തില്‍ മുഹമ്മദ്, മാതാവ് ഫാത്തിമ, സഹോദരങ്ങള്‍ എന്നിവരില്‍ നിന്നാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ശരീഫിന്റെ പണത്തോടുള്ള ആര്‍ത്തിയെക്കുറിച്ച് മകള്‍ പലപ്പോഴും പറയാറുണ്ടായിരുന്നു. ശരീഫിന്റെ നിര്‍ബന്ധപ്രകാരം പണം ആവശ്യപ്പെട്ട് പലപ്പോഴും സാബിറ വീട്ടില്‍ വന്നിരുന്നു. മകളുടെ ഭാവിയോര്‍ത്ത് അപ്പോഴല്ലാം മണം നല്‍കിയിരുന്നു.
രണ്ടാം പ്രസവത്തിന് ശേഷം സാബിറക്ക് പക്ഷാഘാതം ഉണ്ടാവാന്‍ കാരണം ശരീഫിന്റെ ക്രൂരകൃത്യങ്ങളാവാമെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. പ്രസവം നടന്ന് പത്തു ദിവസത്തിനു ശേഷമാണ് പക്ഷാഘാതം വന്നത്.
അസുഖമുണ്ടായ ഉടനെ ചികിത്സ നല്‍കിയില്ല. ഒരു ദിവസം കഴിഞ്ഞാണ് വിവരം പറഞ്ഞത്. കൃത്യമായ ചികിത്സ നല്‍കാതെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറി മാറി കൊണ്ടു പോയതിന് പിന്നില്‍ ഷരീഫിന്റെ ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
തുറന്ന് സംസസാരിക്കാത്ത നിഗൂഢ പ്രകൃതക്കാരനായിരുന്നു ശരീഫെന്നും ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു.
കഴിഞ്ഞ 22ന് പുലര്‍ച്ചെ വാവൂര്‍ കൂടാന്തൊടി മുഹമ്മദ് ഷരീഫ് ഭാര്യ സാബിറ (21) മക്കളായ ഫാത്തിമ ഫിദ (നാലര), ഫാത്തിമ നദ (രണ്ട്) എന്നിവരെ ആലുക്കല്‍ വെള്ളക്കെട്ടിലേക്ക് ബൈക്ക് ഓടിച്ച് കയറ്റി കൊലപ്പെടുത്തിയെന്നാണ് കേസ്. മഞ്ചേരി സിഐ വിഎ കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുത്തത്.
ഗ്രേഡ് എസ് ഐ മാരായ ഗംഗാധരന്‍, വിജയന്‍, റശീദ്, ഷീബ എന്നിവരും സംഘത്തിലുണ്ടായിരുന്നു.