Connect with us

Palakkad

കൊപ്പം സര്‍വീസ് ബേങ്ക് അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചില്ല

Published

|

Last Updated

പട്ടാമ്പി: വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ലഭിച്ചിട്ടും കൊപ്പം സര്‍വീസ് സഹകരണ ബേങ്കിലെ എ ക്ലാസ് അംഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചില്ലെന്ന് പരാതി. വിളയൂര്‍ കൂരാച്ചിപ്പടി നടക്കാവില്‍ വിശ്വനാഥനാണ് പരാതിക്കാരന്‍. 2007 ജൂണ്‍ 18നാണ് വിവരാവകാശ പ്രവര്‍ത്തകനായ വിശ്വനാഥന്‍ വിവരാവകാശ കമ്മീഷണര്‍ സി ബി മാത്യുവിന് പരാതി നല്‍കിയത്. കൊപ്പം സര്‍വീസ് സഹകരണ ബേങ്കിന്റെ മെയിന്‍ ഓഫീസിലും വിവിധ ശാഖകളിലും ജോലി ചെയ്യുന്ന ജീവനക്കാരുടെ പേരും വിലാസവും സ്ഥാനവും കൈപറ്റുന്ന വേതനത്തിന്റ വിവരവും നല്‍കണമെന്നായിരുന്നു പരാതിക്കാരന്‍ ആവശ്യപ്പെട്ടത്.
പരാതി പരിഗണിച്ച കമ്മീഷണര്‍, അപേക്ഷയില്‍ ആവശ്യപ്പെട്ട എല്ലാ വിവരങ്ങളും ഏഴ് ദിവസത്തിനകം സൗജന്യമായി നല്‍കണമെന്ന് ഉത്തരവിടുകയും ചെയ്തു. 2008 ജനുവരിയില്‍ പുറപ്പെടുവിച്ച ഉത്തരവില്‍ ഇതുവരെയും നടപടിയുണ്ടായില്ലെന്നാണ് പരാതി. അപേക്ഷകന്റെ പരാതി പൊതുതാത്പര്യവുമായി ബന്ധമില്ലാത്തതിനാലും ബേങ്കുകള്‍ വിവരാവകാശ പരിധിയില്‍ വരാത്തതിനാലും അപേക്ഷ മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു ബേങ്ക് അധികൃതര്‍ പരാതിക്കാരന് നല്‍കിയ മറുപടി. ഇതേ തുടര്‍ന്ന് പരാതിക്കാരന്‍ ഒറ്റപ്പാലം സഹകരണ സംഘം അസി. റജിസ്ട്രാര്‍ (ജനറല്‍) ക്ക് പരാതി നല്‍കി.
വിവരങ്ങള്‍ ആവശ്യപ്പെട്ടതിനാല്‍ ബേങ്കിലെ എ ക്ലാസ് അംഗം കൂടിയായ തന്നോട് അപമര്യാദയായി പെരുമാറുകയും, ആക്ഷേപിക്കുകയും ചെയ്ത ബേങ്ക് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരിക്കയാണ്.
എന്നാല്‍ സഹകരണ ബേങ്കുകള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് വിവരാവകാശ കമ്മീഷണര്‍ സി ബി മാത്യു പറഞ്ഞു. പുതിയ നിയമത്തിനെതിരെ സഹകരണ ബേങ്കുകാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ച് വിധിക്ക് സ്‌റ്റേ കൊണ്ടു വന്നതിനാല്‍, സുപ്രീം കോടതിയിലുള്ള കേസില്‍ തീര്‍പ്പാക്കാന്‍ സഹകരണ ബേങ്കുകാര്‍ സഹകരിക്കുന്നില്ലെന്നും സി ബി മാത്യു അറിയിച്ചു.
അതെസമയം കൊപ്പം സര്‍വീസ് സഹകരണ ബേങ്കിലെ എ ക്ലാസ് അംഗങ്ങളുടെ പുതിയ തിരഞ്ഞെടുപ്പ് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ലെന്നാണ് ബേങ്ക് സെക്രട്ടറി ഹരിനാരായണന്‍ പറയുന്നത്. അടുത്ത ഡിസംബറിലാണ് ബേങ്ക് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബറില്‍ തിരഞ്ഞെടുപ്പ് പട്ടിക പ്രസിദ്ധീകരിച്ച് പരാതിക്കാരന് നല്‍കുമെന്ന് ബേങ്ക് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കൂടിയായ ഹരിനാരായണന്‍ അറിയിച്ചു.

Latest