ഇളവരശന്മാരുടെ ജാതിയും ജീവിതവും

Posted on: July 29, 2013 6:00 am | Last updated: July 28, 2013 at 11:27 pm

ilavarasan‘സ്വതന്ത്രയായ ഇന്ത്യയില്‍ എന്തുകൊണ്ടാണ് ഉയര്‍ന്ന ജാതിയും താഴ്ന്ന ജാതിയും ഉണ്ടാകുന്നത്? ഉയര്‍ന്ന ജാതിക്കാര്‍ മാത്രമാണെങ്കിലേ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ടു പോകൂവെന്ന് പറയാന്‍ ആര്‍ക്കെങ്കിലും സാധിക്കുമോ? ‘
-പെരിയോര്‍ ഇ വി രാമസ്വാമി.

തമിഴ്‌നാട്ടില്‍ ധര്‍മപുരിയിലെ ഇളവരശന്‍ എന്ന ഇരുപതുകാരന്‍ ദളിതന്റെ മരണം രണ്ട് കോളം നിറക്കാനും രണ്ട് മിനുട്ട് പൂര്‍ത്തിയാക്കാനുമുള്ള ‘വാര്‍ത്ത’ മാത്രമായിരുന്നു നമ്മുടെ ചാനലുകള്‍ക്കും പത്രങ്ങള്‍ക്കും. വാര്‍ത്ത എന്നതില്‍ കവിഞ്ഞ് ചില പച്ചയായ യാഥാര്‍ഥ്യങ്ങള്‍ ആ മരണം മുന്നോട്ടുവെക്കുന്നുണ്ട്. പ്രത്യേകിച്ച് പിന്നാക്ക സമുദായ ശാക്തീകരണവും സമത്വാധിഷ്ഠിത സാമൂഹികക്രമവും പ്രധാന പ്രചാരണോപാധിയായ ഈ അവസരത്തില്‍. വിദ്വേഷ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ ചൂഷണത്തിന്റെയും ഇരയായിരുന്നു ഇളവരശന്‍ എന്ന് വിശേഷിപ്പിച്ചാല്‍ അതിശയോക്തിയാകില്ല. ഡോ. രാംദോസും മകന്‍ അന്‍പുമണി രാംദോസും നേതൃത്വം നല്‍കുന്ന പട്ടാളി മക്കള്‍ കക്ഷി (പി എം കെ) എന്ന പാര്‍ട്ടിയുടെ അവസരവാദ രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയത്തെ ബലാത്സംഗം ചെയ്തതിന്റെയും അനന്തരഫലമാണ് ഇളരവശന്റെ മൃതദേഹം റെയില്‍പ്പാളത്തില്‍ കണ്ടെത്തിയ സംഭവം.
അത് ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മരിച്ച് പത്താം ദിവസമാണ് മൃതദേഹം സംസ്‌കരിക്കുന്നത്. രണ്ട് പോസ്റ്റ്‌മോര്‍ട്ടവും നടന്നു. ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ അതൃപ്തി പ്രകടിപ്പിച്ച മദ്രാസ് ഹൈക്കോടതി, ഡല്‍ഹിയിലെ എയിംസിലെ വിദഗ്ധ സംഘത്തെയാണ് രണ്ടാം പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഏല്‍പ്പിച്ചത്. ഇനി മാതാവിന്റെ കൂടെ താമസിക്കുകയാണെന്ന് ഇളവരശന്റെ ഭാര്യ ദിവ്യ, മദ്രാസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ഇളവരശന്റെ മരണം. ദിവ്യയെ അത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ച ഘടകങ്ങളെ അനാവരണം ചെയ്യുമ്പോഴാണ് പാര്‍ട്ടികളുടെ അല്‍പ്പത്തരവും ‘സ്വത്വ സംരക്ഷണ’ത്തിന് എന്ത് നെറികേടും സ്വീകരിക്കുമെന്നതും മനസ്സിലാകുക.
കഴിഞ്ഞ ആഗസ്റ്റിലാണ് ദളിതനായ ഇളവരശനും മേല്‍ജാതിയില്‍ പെട്ട വണ്ണിയാര്‍ സമുദായത്തിലെ ദിവ്യയും പ്രേമിച്ച് ഒളിച്ചോടുന്നത്. തുടര്‍ന്ന് ഇരുവരും വിവാഹം കഴിച്ചു. എന്നാല്‍ രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന പി എം കെയെന്ന വണ്ണിയാര്‍ സമുദായത്തിന്റെ സ്വയംപ്രഖ്യാപിത ‘രക്ഷിതാവ് പാര്‍ട്ടി’ കലാപക്കൊടിയുമായി രംഗത്തെത്തി. ദിവ്യയുടെ പിതാവിനെ സമ്മര്‍ദത്തിലാഴ്ത്തി. സമ്മര്‍ദം സഹിക്കവയ്യാതെ ആ പിതാവ് ജീവിതം അവസാനിപ്പിച്ചു. തുടര്‍ന്ന്, ഈ ആത്മഹത്യ മുതലെടുത്ത് ധര്‍മപുരിയില്‍ അതിശക്തമായ ദളിത്‌വിരുദ്ധ കലാപമാണ് അരങ്ങേറിയത്. മൂന്ന് ദളിത് ഗ്രാമങ്ങള്‍ പൂര്‍ണമായും അഗ്നിക്കിരയാക്കി. വ്യാപക കൊള്ളയും കൊള്ളിവെപ്പും നടന്നു. രാംദോസും മകന്‍ അന്‍പുമണി രാംദോസും ദളിത്‌വിരുദ്ധ പ്രസംഗങ്ങളും പ്രസ്താവനകളുമായി രംഗം കൊഴുപ്പിച്ചു. വിദ്വേഷ പ്രസംഗങ്ങള്‍ക്ക് ഇരുവരെയും അറസ്റ്റ് ചെയ്തു. അതിനെ തുടര്‍ന്നും വ്യാപക അക്രമങ്ങളുണ്ടായി. തമിഴ്‌നാട് നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ഇങ്ങനെ പോയാല്‍ പി എം കെയെ നിരോധിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ജയലളിത മുന്നറിയിപ്പ് നല്‍കി.
ഇതിന് ശേഷം, പി എം കെയും ദിവ്യയും വാര്‍ത്തകളില്‍ നിറയുന്നത് ഇളവരശന്റെ മരണത്തോടെയാണ്. പിതാവിന്റെ മരണത്തിനു ശേഷം മാതാവിനെയാണ് രാഷ്ട്രീയ മേലാളന്‍മാര്‍ ലക്ഷ്യം വെച്ചത്. ഭര്‍ത്താവ് നഷ്ടപ്പെട്ട ആ മാതൃഹൃദയത്തെ സമ്മര്‍ദങ്ങള്‍ കൊണ്ട് മൂടാന്‍ പി എം കെ നേതാക്കള്‍ ശ്രമിച്ചു. തനിക്ക് മാതാവും നഷ്ടപ്പെടുമെന്ന അവസ്ഥയിലെത്തിയപ്പോഴാണ് ദിവ്യക്ക് ദാമ്പത്യ ജീവിതത്തിന് അവസാനം കുറിക്കേണ്ടി വന്നത്.
പി എം കെ ആണ് ഈ മരണത്തിന് ഉത്തരവാദി എന്ന് ആരോപണം ശരിയാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രബല കക്ഷികളായ ഡി എം കെയുമായും എ ഐ എ ഡി എം കെയുമായും തരാതരം കൂട്ടുകൂടി അവസരവാദ രാഷ്ട്രീയത്തിന്റെ പരമകാഷ്ഠ പ്രാപിച്ച പാര്‍ട്ടിയാണ് പി എം കെ. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി എം കെയുമായി ചേര്‍ന്ന് മത്സരിച്ച് 30 സീറ്റുകളില്‍ 18 എണ്ണത്തില്‍ വിജയം നേടാനായി. എന്നാല്‍, 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പൂര്‍ണ പരാജയമായിരുന്നു. ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് കളം മാറി ചവിട്ടി. 2011ല്‍ എ ഐ എ ഡി എം കെയോടൊപ്പം ചേര്‍ന്നു. 30 സീറ്റുകളില്‍ വെറും മൂന്നെണ്ണത്തിലായി പി എം കെ ഒതുങ്ങി. വണ്ണിയാര്‍ സമുദായത്തിന്റെ രക്ഷാകര്‍തൃത്വം ചമയുമ്പോഴും അതൊന്നും വോട്ടാക്കാന്‍ പി എം കെയുടെ രാഷ്ട്രീയ ഇച്ഛാശക്തിക്ക് കഴിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. രാഷ്ട്രീയ തിരശ്ശീലക്കുള്ളിലേക്ക് പോകുമെന്ന ഘട്ടത്തിലാണ് ധര്‍മപുരിയിലെ ദളിത് പ്രേമ വിവാഹമുണ്ടാകുന്നതും അത് പിടിവള്ളിയാക്കുന്നതും.
അതേസമയം, തമിഴകത്തെ മറ്റ് ദ്രാവിഡ പാര്‍ട്ടികളും കുറ്റകരമായ മൗനം പാലിച്ചുവെന്നതും ശ്രദ്ധേയമാണ്. ജാതീയതയെ നഖശിഖാന്തം എതിര്‍ക്കുകയും തുല്യനീതിക്കും അവസരസമത്വത്തിനും വേണ്ടി പോരാടുകയും ചെയ്ത തന്തൈ പെരിയോറുടെ അനുയായികളെന്ന് മേനി നടിക്കുന്നവര്‍ പോലും ഇളവരശന്റെ മരണത്തെ സംബന്ധിച്ച് ഒരക്ഷരം ഉരിയാടിയിട്ടില്ല. പി എം കെയുടെ രാഷ്ട്രീയ മുതലെടുപ്പിനെ എതിര്‍ത്തിട്ടുമില്ല. പെരിയോറുടെ അനുയായികളെന്ന് സ്വയം പ്രഖ്യാപിച്ച് സംഘടന തട്ടിക്കൂട്ടിയവര്‍ ജാതി വിഷയത്തില്‍ ബ്രാഹ്മണരേക്കാള്‍ സങ്കുചിത നിലപാടാണ് പുലര്‍ത്തുന്നതെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകയായ വിദ്യാ ഭൂഷണ്‍ റാവത്ത് (കടപ്പാട്: സൗത്ത് ഏഷ്യാ സിറ്റിസണ്‍സ് വെബ്) അടിവരയിടുന്നു.
ലോകം എത്ര പുരോഗമിച്ചാലും ഇന്ത്യയിലെ ജാതിയുടെ പേരിലുള്ള സങ്കുചിതത്വം മാറില്ല എന്നുമാത്രമല്ല, അത് കൂടുതല്‍ ഉഗ്രരൂപം പ്രാപിക്കുകയുമാണ്. ഉള്‍ഗ്രാമങ്ങളിലല്ല നഗര പ്രദേശങ്ങളില്‍ പോലും ജാതിയുടെ പേരിലുള്ള കലഹങ്ങള്‍ കാണാന്‍ സാധിക്കും. ധര്‍മപുരി തന്നെ ഉദാഹരണം. ദളിതര്‍ വിദ്യാഭ്യാസ പുരോഗതി കൈവരിച്ചതും തദ്വാരാ ജീവിത നിലവാരം ഉയര്‍ന്നതും പലര്‍ക്കും കണ്ണുചൊറിച്ചിലിന് ഇടയാക്കുന്നുണ്ട്. ബൈക്ക് വാങ്ങി അങ്ങാടിയിലൂടെ ഓടിച്ചതിന് ദളിത് യുവാവിന്റെ മൂക്ക് ഛേദിച്ചത് ഈയടുത്താണ്. ധര്‍മപുരിയില്‍ തന്നെ ദളിത് വീടുകള്‍ അഗ്നിക്കിരയാക്കിയപ്പോള്‍ വിലപിടിപ്പുള്ള സാധന സാമഗ്രികള്‍ ചിതറിക്കിടക്കുന്നത് കാണാമായിരുന്നു. പലതും ടെറസിട്ട വീടുകളുമായിരുന്നു. ദളിതരുടെ സാമ്പത്തിക സ്വയം പര്യാപ്തതക്കും ഭദ്രതക്കമുള്ള തെളിവുകളായി സാമൂഹിക പ്രവര്‍ത്തകര്‍ ഇതിനെ ചൂണ്ടിക്കാട്ടുന്നുണ്ട്. അതേസമയം, വണ്ണിയാര്‍ സമുദായത്തിലെ പലരും സ്വന്തം കൃഷിഭൂമിയില്ലാത്ത കര്‍ഷക തൊഴിലാളികളാണ്. വളരെ കുറച്ച് പേരുടെ ജീവിത നിലവാരം മാത്രമാണ് ഉയര്‍ന്നിട്ടുള്ളതും. വടക്കന്‍ തമിഴ്‌നാട്ടില്‍ കേന്ദ്രീകരിക്കുന്ന ഇവരില്‍ പലരും പാരമ്പര്യ തൊഴിലിലാണ് ഏര്‍പ്പെട്ടിരിക്കുന്നതെന്ന് ജെ എന്‍ യുവില്‍ ചരിത്രാധ്യാപകനായ എം എസ് എസ് പാണ്ഡ്യന്‍ ചൂണ്ടിക്കാട്ടുന്നു. അഥവാ ഇങ്ങനെയുള്ള കണ്ണുകടികളും ഇത്തരം ആക്രമണങ്ങള്‍ക്ക് ഇടയാകുന്നുണ്ട്. ഹരിയാനയില്‍ പോലീസിനും കോടതിക്കും ഭരണസംവിധാനത്തിനും സമാന്തരമായി പ്രവര്‍ത്തിക്കുകയും പല ‘ദിക്തകളും’ പുറപ്പെടുവിക്കുകയും ചെയ്യുന്ന ഖാപ് പഞ്ചായത്തുകളെ എതിര്‍ക്കാന്‍ ഒരു പാര്‍ട്ടിയും രംഗത്തുവന്നിട്ടില്ല. കാരണം ജാതി രാഷ്ട്രീയം തന്നെ.
കേരളത്തിലും ഇത്തരം സംഭവവികാസങ്ങള്‍ ഉണ്ടാകാറുണ്ട്. നായര്‍ സമുദായത്തിന്റെ പേറ്റന്റ് അവകാശപ്പെടുന്ന എന്‍ എസ് എസിന്റെ ഗീര്‍വാണങ്ങള്‍ക്കും ഭീഷണികള്‍ക്കും മുമ്പില്‍ നിലത്തിഴയുന്ന മുന്നണിയെയും ചില മന്ത്രിമാരെയുമാണ് കാണാനാകുന്നത്. കുനിയാന്‍ പറയുമ്പോള്‍ ഇഴയുന്ന അവസ്ഥ കണ്ട് മൂക്കത്ത് വിരല്‍ വെക്കാനേ നമുക്ക് നേരമുള്ളൂ. സമുദായ ഐക്യവും മൈത്രിയും തകര്‍ത്ത് തരിപ്പണമാക്കാന്‍ പോന്ന പ്രസ്താവനകളും മറ്റുമായി രംഗം കൊഴുപ്പിക്കുമ്പോഴും കൈയും കെട്ടി നോക്കി നില്‍ക്കുന്ന അവസ്ഥയാണ് കേരളത്തിലേത് പോലും. പിന്നെ ജാതീയതയുടെ സങ്കീര്‍ണതയെയും സങ്കുചിതത്വത്തെയും പേറുന്ന തമിഴകത്തെ കാര്യം പറയാനുണ്ടോ! പെരിയോറുടെ ഹിന്ദി വിരോധത്തിലൂന്നിയ തമിഴ് ദേശീയത മാത്രമേ ദ്രാവിഡ പാര്‍ട്ടികള്‍ പാരമ്പര്യമായി സ്വീകരിച്ചിട്ടുള്ളൂ. തമിഴ് ദേശീയതയെ ഉലയിലിട്ട് ഊതിക്കാച്ചുന്നതിലാണ് ഭരണ, പ്രതിപക്ഷ പാര്‍ട്ടികളുടെ ശ്രദ്ധ. ശ്രീലങ്കന്‍ സൈനികര്‍ പരിശീലനത്തിന് വരുന്നതും ആ രാജ്യത്തെ കളിക്കാര്‍ തമിഴകത്ത് കാലുകുത്തുന്നതും തടയുക എന്നതാണ് എ ഐ എ ഡി എം കെ- ഡി എം കെ പാര്‍ട്ടികളുടെ ഏക ജാഗ്രത. ദേശീയ രാഷ്ട്രീയത്തില്‍ മേല്‍വിലാസം അറിയിക്കാനുള്ള ഏക കച്ചിത്തുരുമ്പായിരുന്ന കേന്ദ്ര സര്‍ക്കാറിലെ സഖ്യം പോലും ഡി എം കെ വേണ്ടെന്നു വെച്ചത് ഇത്തരമൊരു പ്രതിസന്ധിയുടെ പേരിലാണ്. ശാശ്വത വോട്ട് ബേങ്കാണ് ലങ്കന്‍ തമിഴരുടെ വേദനാജനകമായ അവസ്ഥ എന്ന തിരിച്ചറിവും പ്രധാന ഘടകമാണ്. ആകയാല്‍, ജാതി വ്യവസ്ഥയുടെ ഉച്ഛാടനം പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്യമേയല്ല. എന്നുമാത്രമല്ല, ഇത്തരം അസ്വാരസ്യങ്ങളിലൂടെ മുതലെടുപ്പ് നടത്താനാണ് ശ്രമവും. അതിനിയും തുടരാനേ തരവുമുള്ളൂ.

 

[email protected]