മനുഷ്യരല്ല ഇവര്‍; മനോരോഗികള്‍

Posted on: July 29, 2013 6:00 am | Last updated: July 28, 2013 at 11:21 pm

news-graphics-2006-_626097aകേരളത്തിലെ വീട്ടകങ്ങളില്‍ നിന്ന് കുട്ടികള്‍ക്കു നേരെയുള്ള വിവിധ പീഡനങ്ങള്‍ നിത്യ സംഭവങ്ങളായിരിക്കുന്നു. മനോരോഗ വിദഗ്ധന്‍മാര്‍ക്കരികില്‍, വിവിധ ആതുരാലയങ്ങളില്‍, ശിശുക്ഷേമ സമിതികളില്‍, മഹിളാ സമഖ്യയില്‍, നാട്ടുമധ്യസ്ഥന്‍മാര്‍ക്കിടയിലെല്ലാം ഇത്തരം കേസുകള്‍ എത്തുന്നു. എന്നാല്‍ അതിന്റെ നൂറിരട്ടി കുഞ്ഞുരോദനങ്ങള്‍ വീടുകളില്‍ തന്നെ ഒടുങ്ങുന്നു.
‘സാമൂഹികവിരുദ്ധ സ്വഭാവങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരാണ് കുഞ്ഞുങ്ങളോട് ക്രൂരത കാണിക്കുന്നത്. അവര്‍ അച്ഛനായാലും അമ്മയായാലും മാനസികവൈകല്യങ്ങള്‍ക്കുടമകളാണ്. അവരുടെ ജീവിത പശ്ചാത്തലം പരിശോധിക്കുമ്പോള്‍ അത് വ്യക്തമാകും.’ തിരുവനന്തപുരത്തെ സൈക്കോളജിസ്റ്റായ ഡോ. മിനി കെ പോള്‍ പറയുന്നു. ജനസംഖ്യയില്‍ പത്ത് ശതമാനം ആളുകള്‍ കുറ്റവാസനയുള്ളവരാണ്. അതിന്റെ തോത് അവരില്‍ ഏറിയും കുറഞ്ഞുമിരിക്കും. ഏതു തരം മാനസിക രോഗമായാലും അത് തിരിച്ചറിയപ്പെടുന്നു. ചികിത്സാ രീതികളും നിലവിലുണ്ട്. എന്നാല്‍ ഇവരെ തിരിച്ചറിയാനോ മൃഗീയ വാസനകളെ കണ്ടെത്താനോ കഴിയില്ല. ഇവര്‍ക്ക് കുറ്റബോധമില്ല. ലജ്ജയില്ല. ചെയ്യുന്നത് തെറ്റാണെന്ന തോന്നലില്ല. മനഃസാക്ഷിയുമില്ല. അവരെ തിരുത്താനും ആകില്ല. കടുത്ത ശിക്ഷാരീതികൊണ്ടു പോലും പെരുമാറ്റ രീതികള്‍ മാറ്റി എടുക്കാനും സാധിക്കില്ല. പെരുമാറ്റ രീതികളോ വിചിത്രവുമായിരിക്കും. സൈക്കോപതിക്ക് പേഴ്‌സനാലിറ്റിയുള്ള വ്യക്തികളിലെ വികൃത സ്വഭാവ ദൂഷ്യങ്ങള്‍ പുറത്തുചാടുന്നത് പലപ്പോഴും അവരറിയാതെയായിരിക്കുമെന്നാണ് കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോ. കമാല്‍ ഹുസൈന്‍ പറയുന്നത്.
ഇവര്‍ പുറമേക്ക് യാതൊരു ലക്ഷണവും പ്രകടിപ്പിക്കില്ല. എന്നാല്‍ അവസരം കിട്ടുമ്പോഴാകട്ടെ ഇവരിലെ വൈകൃതം പുറത്തുചാടുന്നു. സമൂഹത്തിലെ എല്ലാ തട്ടിലുള്ളവരിലുമുണ്ട് ഇത്തരം മാനസിക രോഗികള്‍. പുറമേക്ക് വളരെ മാന്യന്‍മാരായി നടക്കുന്നവരിലും ഇത്തരം മാനസിക വൈകല്യം കണ്ടേക്കാം.
15 വയസ്സ് മുതല്‍ അന്‍പത് വയസ്സ് വരെയുള്ളവരിലാണ് ഈ വൈകല്യം കണ്ടുവരുന്നത്. ഇരയെ അന്വേഷിച്ചുകൊണ്ടുള്ള യാത്രകള്‍ തന്നെയാകും മിക്കപ്പോഴും ഇവരുടെ ജീവിതം. അതുകൊണ്ടുതന്നെ കുടുംബ ജീവിതത്തില്‍ തികഞ്ഞ പരാജിതരുമാകും ഇവര്‍. എന്നാല്‍ ഇത്തരക്കാര്‍ ചികിത്സ തേടി എത്താത്തതാണ് പ്രശ്‌നം വഷളാക്കുന്നത്. സ്വന്തം കുഞ്ഞുങ്ങളെ ലൈംഗിക പീഡനത്തിനിരയാക്കുന്നവരും വിദ്യാര്‍ഥികളെ പീഡിപ്പിക്കുന്നവരുമെല്ലാം ഇത്തരം മനോവൈകല്യങ്ങളുള്ളവരാണെന്ന് ഡോ പി എന്‍ സുരേഷ് കുമാര്‍.
എന്നാല്‍ ഇവര്‍ക്ക് കൗണ്‍സലിംഗ് തെറാപ്പിയുണ്ട്. നിരന്തരമായ കൗണ്‍സലിംഗ് ഒരുപരിധിവരെ ഫലപ്രദമാണ്. ഇതെക്കുറിച്ചൊന്നും സമൂഹത്തിനറിയില്ല. എവിടെ എങ്കിലും ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ ഇവരെ കൈയേറ്റം ചെയ്യുന്ന പ്രവണതയാണ് സമൂഹത്തിന്റേത്. ശാസ്ത്രീയമായ കൗണ്‍സലിംഗ് തെറാപ്പിയിലൂടെ മാത്രമേ കുറച്ചെങ്കിലും മാറ്റി എടുക്കാനാകൂ.

നിയമം
തുണയാകുമോ?

14 വയസ്സിന് താഴെയുള്ള കുട്ടികളെ വീടുകളിലോ സ്ഥാപനങ്ങളിലോ ജോലിക്ക് നിര്‍ത്തുന്നത് 2006 ഒക്‌ടോബര്‍ പത്താം തീയതിയോടെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ചെയര്‍മാനായ സമിതിയുടെ ശിപാര്‍ശ പ്രകാരമായിരുന്നു നടപടി. എന്നിട്ട് ഇവിടെ ബാലവേല നിലച്ചുവോ?
കുട്ടികള്‍ക്കെതിരായ പീഡനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമനിര്‍മാണം നടത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഒരു മാസത്തിനുള്ളില്‍ ശിപാര്‍ശ സമര്‍പ്പിക്കാന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച സംയോജിത ശിശു സംരക്ഷണ പരിപാടി സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കാനും പദ്ധതിയുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചാല്‍, പീഡനശ്രമമരങ്ങേറിയാല്‍ ഏഴ് വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പും (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട്) പോലെ എത്രയെത്ര നിയമങ്ങള്‍! എല്ലാം കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താനുള്ളതാണ്. പക്ഷേ ഫലം ശൂന്യമെന്നാണ് കൂടിവരുന്ന അതിക്രമങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതുകൊണ്ടൊക്കെ തന്നെ പുതിയ നിയമനിര്‍മാണം കൊണ്ടും കാര്യമായ പ്രയോജനമുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. കുട്ടികളെ കുടുംബങ്ങളിലെ പീഡനങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ നിയമം കൊണ്ട് സാധിക്കുകയില്ല. മറിച്ച് ബോധവത്കരണമാണ് മാര്‍ഗം. പീഡനത്തിനിരയാകുന്നവര്‍ക്ക് സുരക്ഷാകവചമൊരുക്കുന്ന സംവിധാനങ്ങള്‍ ഇവിടെ എമ്പാടുമുണ്ടെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും വേണം.

നിലവിളികളുടെ
പരാതിപ്പെട്ടി

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ വീട്ടകങ്ങളിലും പുറത്തും നേരിടേണ്ടിവരുന്ന ചൂഷണങ്ങളും മാനസിക പിരിമുറുക്കങ്ങളും കണ്ടെത്തി പരിഹരിക്കുന്നതിനായി വിദ്യാലയങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന പരാതിപ്പെട്ടികളിലൂടെ പുറത്തു വരുന്നത് നടുക്കുന്ന കഥകളാണ്. യൂനിസെഫിന്റെ സഹായത്തോടെ കേന്ദ്ര സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന മഹിളാസമഖ്യ സൊസൈറ്റിയാണ് ഇതിന് വഴിയൊരുക്കുന്നത്. സമഖ്യയുടെ പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ ഇടപെടലാണ് പ്രശ്‌നങ്ങളുടെ ഗൗരവതരമായ പശ്ചാത്തലം പുറത്തുകൊണ്ടുവരുന്നത്.
ഉറ്റവരുടെ മൗനാനുവാദത്തോടെ ബന്ധുക്കളാല്‍ ചൂഷണം ചെയ്യപ്പെടുന്ന ബാല്യങ്ങളുടെ രോദനങ്ങള്‍ വീടിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് പുറത്തേക്ക് വന്നുതുടങ്ങിയത് അതില്‍പ്പിന്നെയാണ്. അമ്മയോട് പറയാന്‍ പോലും മടിക്കുന്നതും കേട്ടാല്‍ അറക്കുന്നതുമായ കഥകളാണ് കുട്ടികള്‍ ഈ പരാതിപ്പെട്ടിയില്‍ നിക്ഷേപിക്കുന്നത്. ഇതിന്റെ കണക്ക് പോലും ഞെട്ടിപ്പിക്കുന്നു. മാതാവിന്റെ സാന്നിധ്യത്തില്‍ പോലും മാനം സംരക്ഷിക്കാന്‍ പാടുപെടേണ്ടി വരുന്ന കുഞ്ഞുങ്ങളുടെ നിലക്കാത്ത നിലവിളികള്‍ പുറംലോകമറിഞ്ഞത് ഇതുവഴിയാണ്.
ഭര്‍ത്താവ് ഉപേക്ഷിക്കുന്ന സ്ത്രീകളുടെ കുട്ടികളാണ് ചൂഷണം ചെയ്യപ്പെടുന്നവരിലധികവും. മാതാപിതാക്കളുടെ മരണം, വീട്ടിലെ ദാരിദ്ര്യം, ബന്ധുവീടുകളില്‍ താമസിക്കേണ്ടി വരുന്ന അവസ്ഥ ഇവയെല്ലാം ചൂഷണം എളുപ്പമാക്കുന്നു. ഉറ്റബന്ധുക്കളുടെ ഒത്താശയോടെയാണ് പല ചൂഷണങ്ങളും നടക്കുന്നത്. സഹോദരന്റെ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതി ഉന്നയിച്ചപ്പോള്‍ വീട്ടുകാരെ മാനംകെടുത്തി എന്ന് പറഞ്ഞ് സഹോദരന്റെ പക്ഷത്ത് നില്‍ക്കാനാണ് മാതാവ് പോലും തയ്യാറായത്. രണ്ടര വര്‍ഷം മുമ്പ് തിരുവനന്തപുരം ആനാടാണ് സഹോദരനാല്‍ നിരന്തരമായി പീഡിപ്പിക്കപ്പെട്ട വിവരം മാതാവിനോട് തുറന്നു പറഞ്ഞ പെണ്‍കുട്ടിക്ക് മര്‍ദനമേറ്റത്. പിന്നീട് അവള്‍ ആത്മഹത്യ ചെയ്യുകയായിരുന്നു.
കാണാതാകുകയോ വിവിധ പീഡനങ്ങളില്‍ സഹായമോ സുരക്ഷയോ ആവശ്യമായി വരികയോ ചെയ്യുന്ന കുട്ടികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാറിന്റെ സഹായത്തോടെ ഇന്ത്യയിലെ 70 നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈന്‍ ഈ രംഗത്ത് ഏറെ പേര്‍ക്ക് സഹായകമാകുന്നുണ്ട്. പലര്‍ക്കും ഇപ്പോഴും, 24 മണിക്കൂറും സേവന നിരതമായ ഈ കേന്ദ്രങ്ങളെക്കുറിച്ച് അറിയില്ല എന്നതാണ് യാഥാര്‍ഥ്യം. കേരളത്തിലെ എല്ലാ ജില്ലകളിലും ഈ കേന്ദ്രങ്ങളോ ഹെല്‍പ്പ് ഡെസ്‌ക്കുകളോ പ്രവര്‍ത്തിക്കുന്നുണ്ട്. 1098 എന്ന ടെലഫോണ്‍ നമ്പറില്‍ എപ്പോള്‍ ബന്ധപ്പെട്ടാലും ഇവര്‍ അപകടത്തില്‍ പെട്ടവരും സംരക്ഷണം ആഗ്രഹിക്കുന്നവരുമായ 18 വയസ്സില്‍ താഴെയുള്ള കുട്ടികളെ അങ്ങോട്ട് ചെന്ന് സഹായിക്കുന്നു.

ഞങ്ങള്‍
പൊന്നുപോലെ നോക്കാം

സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കള്‍ തന്നെ കൊന്നു തള്ളുമ്പോള്‍ ഒരു കുഞ്ഞിക്കാല് കാണാനാകാത്തതിന്റെ വേദനയില്‍ ഉരുകുന്നത് ലക്ഷക്കണക്കിന് ദമ്പതികളാണ്. മക്കളില്ലാത്ത ദമ്പതികള്‍ക്ക് ഇന്ന് സംഘടന യുണ്ട്. പ്രൊജിനി ഫ്രീ കപ്പിള്‍സ് വെല്‍ഫയര്‍ അസോസിയേഷന്‍ എട്ട് ജില്ലകളില്‍ പ്രവര്‍ത്തിക്കുന്നു. കേരളത്തിലെ രണ്ട് ലക്ഷത്തോളം ദമ്പതികള്‍ സഹകരിക്കുന്നുണ്ടെന്നും സംഘടനയില്‍ 78666 പേര്‍ അംഗത്വമെടുത്തിട്ടുണ്ടെന്നും ജനറല്‍ സെക്രട്ടറി ഷാജി മുകുന്ദ് പറയുന്നു.
ഇവരെല്ലാം പതിറ്റാണ്ടുകളായി വേദനയില്‍ കഴിയുന്നവരാണ്. ”ഏതെങ്കിലും രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുഞ്ഞൊരു ഭാരമാണെന്ന് തോന്നിയാല്‍ അവരെ കൊലക്കു കൊടുക്കാതെ സംഘടനയുടെ ഭാരവാഹികളെ ഏല്‍പ്പിക്കൂ. ഞങ്ങളവരെ പൊന്നുപോലെ നോക്കാം” എന്നാണിവര്‍ക്ക് സമൂഹത്തിനു മുമ്പില്‍ വെക്കാനുള്ള അഭ്യര്‍ഥന.
കേരളത്തില്‍ വന്ധ്യതാ ചികിത്സയുടെ പേരില്‍ നടക്കുന്നത് വന്‍ തട്ടിപ്പാണെന്നാണ് സംഘടനയുടെ കോഴിക്കോട് ജില്ലാ സെക്രട്ടറി എന്‍ കെ ഹാരിസ് പറയുന്നത്. ഇന്ന് പതിനഞ്ച് ലക്ഷം രൂപ ചെലവാക്കിയാല്‍ പോലും വന്ധ്യതാ ചികിത്സയില്‍ വിജയം ഉറപ്പ് തരാന്‍ ഒരു ഡോക്ടര്‍ക്കും കഴിയുന്നില്ല. അതിനേക്കാള്‍ ദയനീയമായ അവസ്ഥ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെവിടെയും വന്ധ്യതാ ചികിത്സക്കുള്ള സംവിധാനമേര്‍പ്പെടുത്തിയിട്ടില്ല എന്നതാണ്. ഈ രംഗത്തെ ചൂഷണവും കടുത്ത വഞ്ചനയും ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്ധ്യതാ ചികിത്സക്കുള്ള സൗകര്യമേര്‍പ്പെടുത്തണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം.