Connect with us

Malappuram

അലിഗഢ് കേന്ദ്രത്തിനനുവദിച്ച ഫണ്ട് ഉടന്‍ ലഭ്യമാക്കും

Published

|

Last Updated

പെരിന്തല്‍മണ്ണ: അലിഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ മലപ്പുറം കേന്ദ്രത്തിനനുവദിച്ച 105 കോടി രൂപ ഉടന്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചതായി കേന്ദ്ര മാനവ വിഭവശേഷി സഹമന്ത്രി ശശി തരൂര്‍ അറിയിച്ചു.
അലിഗഢ് കേന്ദ്രത്തിന് അനുവദിച്ച തുക ഇതുവരെ ലഭിച്ചില്ലന്നും ഇക്കാര്യത്തില്‍ അനുകൂലമായ നടപടികള്‍ സ്വീകരിക്കാത്തത് അലിഗഢിന്റെ വികസനത്തെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര മന്ത്രിമാരായ ഇ അഹമ്മദ്, ശശി തരൂര്‍ എന്നിവര്‍ക്ക് മണ്ഡലം എം എല്‍ എ കൂടിയായ മന്ത്രി എം അലി കഴിഞ്ഞയാഴ്ച കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേന്ദ്രസഹ മന്ത്രി ശശി തരൂര്‍ മന്ത്രി എം അലിയെ വിവരമറിയിച്ചത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് ലഭ്യമായാല്‍ മറ്റു തടസങ്ങളൊന്നുമില്ല. കേന്ദ്ര ധനകാര്യ വകുപ്പിന്റെ എക്‌സ് പന്റിച്ചര്‍ ആന്‍ഡ് ഫിനാന്‍സ് കമ്മിറ്റി അംഗീകരിച്ച പദ്ധതിയുടെ തുക കാലതാമസമില്ലാതെ അനുവദിക്കാന്‍ നടപടിയാകുമെന്നും ശശി തരൂര്‍ അറിയിച്ചു.
മലപ്പുറം കേന്ദ്രത്തിന്റെ വികസനത്തിനായി അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് അലിഗഢിന് 105 കോടി നേരത്തെ നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ തുകയാണ് ധനകാര്യ വകുപ്പില്‍ നിന്നും ഇനി ലഭ്യമാകേണ്ടത്. അലിഗഡില്‍ ഒന്‍പതാം ക്ലാസ് മുതല്‍ ഹൈസ്‌കൂളുകളും ബി എഡ് ട്രൈനിംഗ് കോളജും ഈ അധ്യയന വര്‍ഷം മുതല്‍ തുടങ്ങാനാകുമെന്ന് കരുതുന്നത്. പി ടി എം ഗവ.കോളജില്‍ താത്കാലികമായി ഇതിനായി സ്ഥലം അന്വേഷിച്ചുവരുന്നുണ്ട്.
ഫണ്ട് ലഭിക്കാത്തതിന്റെ പേരില്‍ ഇവിടത്തെ പദ്ധതികള്‍ മുടങ്ങുകയോ വൈകുകയോ ചെയ്യാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി ഇ അഹമ്മദും ഇക്കാര്യത്തില്‍ കേന്ദ്രവുമായി ബന്ധപ്പെടുകയാണ്. മലപ്പുറം കേന്ദ്രത്തില്‍ സംസ്ഥാനത്തെ കൂടുതല്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭ്യമാക്കുന്നതിന് സ്‌കൂള്‍ ക്ലാസ് ആരംഭിക്കണമെന്ന് മന്ത്രി അലി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഇവിടെ നിന്ന് പ്ലസ്ടു പൂര്‍ത്തിയാക്കിയാല്‍ മെഡിക്കല്‍, എന്‍ജിനിയറിംഗ് കോഴ്‌സുകളില്‍ 50 ശതമാനം സംവരണമുണ്ട്. ഇത് വിദ്യാര്‍ഥികളെ കൂടുതല്‍ ആകര്‍ഷിക്കുന്ന ഒരു ഘടകമാണ്. അലിഗഢ് മുസ്‌ലിം സര്‍വകലാശാലക്ക് കീഴില്‍ സ്‌കൂള്‍ നടത്തുന്നതിന് സൗകര്യമുള്ളതിനാല്‍ സാങ്കേതിക തടസങ്ങളില്ല. ഈ അധ്യയന വര്‍ഷം തന്നെ ക്ലാസുകള്‍ തുടങ്ങാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തുകാര്‍.