Connect with us

Palakkad

കുപ്രസിദ്ധ ഗുണ്ട കാക്ക വിഷ്ണു അറസ്റ്റില്‍

Published

|

Last Updated

പാലക്കാട്: വലിയങ്ങാടിയിലെ കുപ്രസിദ്ധ ഗുണ്ടയെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തു. വടക്കന്തറ മൂത്താന്‍തറ അരയക്കുളം കാക്ക വിഷ്ണുഎന്ന വിഷ്ണു(20) വിനെയാണ് സി ഐ. കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 10 മണിയോടെ അരയക്കുളത്തുവച്ചാണ് ഇയാളെ പിടികൂടിയത്. 
ടൗണ്‍ നോര്‍ത്ത് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മൂന്ന് കൊലപാതക ശ്രമ കേസുകള്‍ ഉള്‍പ്പെടെ നാല് കേസുകളിലെ പ്രതിയാണ് വിഷ്ണു. ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം(കാപ ആക്ട്) ചുമത്തിയായിരുന്നു അറസ്റ്റ്. 2011 മെയില്‍ കറുകോടി പുഴക്കടവില്‍ വെച്ച് മനക്കല്‍ത്തൊടി രതീഷിനെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ച കേസിലും 2011 സെപ്തംബറില്‍ മൂത്താന്തറ കര്‍ണകിയമ്മന്‍ ക്ഷേത്രത്തിന് മുന്നില്‍ വെച്ച് വടക്കന്തറ സ്വദേശി മണിയെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച കേസിലും പ്രതിയാണ്. 2012 ഏപ്രിലില്‍ വടക്കന്തറ ഗീതം ബേക്കറിക്ക് മുന്നില്‍ വെച്ച് മൂത്താന്തറ സ്വദേശി സുഭാഷിനെ വാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും 2013 മാര്‍ച്ചില്‍ മൂത്താന്തറ സ്‌കൂളിന് മുന്നില്‍വെച്ച് വിശ്വനാഥന്‍ എന്നയാളെ കോണ്‍ക്രീറ്റ് കട്ട കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ച കേസിലും വിഷ്ണു അറസ്റ്റിലായിരുന്നു. ഓരോ കേസിലും റിമാന്‍ഡില്‍ പോയി ജാമ്യത്തിലിറങ്ങിയാണ് ഇയാള്‍ മറ്റ് അക്രമ സംഭവങ്ങള്‍ നടത്തിയത്. മദ്യപിച്ചാല്‍ ആക്രമണകാരിയാകുന്ന വിഷ്ണുവിനെകൊണ്ട് നാട്ടുകാര്‍ക്കും പോലീസിനും തലവേദനയായിരുന്നു.
വിഷ്ണുവിനെ ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചു. സി ഐക്ക് പുറമെ എസ് ഐ പ്രദികൃഷ്ണകുമാര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആര്‍ കിഷോര്‍, കെ അഹമ്മദ് കബീര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ പാലക്കാട് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍നിന്നായി മൂന്നാമത്തെ ആളെയാണ് പോലീസ് ഗുണ്ടാ ആക്ട് പ്രകാരം അറസ്റ്റ് ചെയ്യുന്നത്.
കാവില്‍പ്പാട് ഗോപന്‍ എന്ന ഗോപകുമാറിനെ ഹേമാംബിക നഗര്‍ പോലീസും ടൈറ്റന്‍ ഷബീര്‍ എന്ന ഷബീര്‍ അലിയെ പാലക്കാട് സൗത്ത് പോലീസും അറസ്റ്റ് ചെയ്തിരുന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു. ഇവരുടെ അറസ്‌റ്റോടെ ഗുണ്ടാ വിളയാട്ടങ്ങള്‍ക്ക് കുറവുണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.