Connect with us

Wayanad

പൊഴുതനയില്‍ യു ഡി എഫിന് ഭരണം നഷ്ടമായി

Published

|

Last Updated

കല്‍പറ്റ: പൊഴുതന പഞ്ചായത്തില്‍ യു ഡി എഫിലെ മുസ്‌ലിം ലീഗുകാരിയായ പ്രസിഡന്‍ഡന്റിന് എതിരെ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചു. യു ഡി എഫ് ധാരണ പ്രകാരം സ്ഥാനം ഒഴിയാന്‍ പോലും വിസമ്മതിച്ച ലീഗ് പ്രതിനിധിയായ പ്രസിഡന്റ് റസീന കുഞ്ഞുമുഹമ്മദ് അധികാരത്തില്‍ നിന്ന് പുറത്തായി. എല്‍ ഡി എഫ് പ്രമേയത്തിന്റെ വോട്ടെടുപ്പ് വേളയില്‍ മുന്‍ധാരണ പോലും തെറ്റിച്ച ലീഗ് പ്രതിനിധിക്കെതിരായി കോണ്‍ഗ്രസിലെ വനിതാ അംഗം വോട്ട് രേഖപ്പെടുത്തി. കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പിനുശേഷം അവിശ്വാസത്തിലൂടെ ജില്ലയില്‍ യുഡി എഫിന് ഭരണം നഷ്ടമാകുന്ന ആദ്യ പഞ്ചായത്താണിത്. പഞ്ചായത്ത് പ്രസിഡന്റിന്റെ അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരെയാണ് എല്‍ ഡി എഫ് അവിശ്വാസം കൊണ്ടുവന്നത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എ ജോസ് നേരത്തെ രാജിവെച്ചു. പുതിയ വൈസ് പ്രസിഡന്റിനെ തെരഞ്ഞെടുത്തിട്ടില്ല. ഭരണസമിതിയിലെ കോണ്‍ഗ്രസ് അംഗത്തിന്റെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. കഴിഞ്ഞ 15ന് ആണ് അവിശ്വാസത്തിന് നോട്ടിസ് നല്‍കിയത്. ഇന്നലെ പതിനൊന്ന് മണിയോടെയാണ് അവിശ്വാസം ചര്‍ച്ചക്കെടുത്തത്. 13 അംഗ ഭരണസമിതിയില്‍ യു ഡി എഫിന് ഏഴും എല്‍ ഡി എഫിന് ആറും സീറ്റുകളാണ് ഉള്ളത്. അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ് അംഗം ലിന്റ ജോണ്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. ഇതോടെയാണ് പ്രമേയം പാസായത്. പ്രമേയത്തിന് അനുകൂലമായി ഏഴും പ്രതികൂലിച്ച് ആറും വോട്ടുകള്‍ ലഭിച്ചു.
വികസകാര്യത്തില്‍ പക്ഷപാതനിലപാടാണ് യുഡിഎഫ് ഭരണസമിതി സ്വീകരിച്ചിരുന്നത്. പ്രസിഡന്റിന്റെയും മറ്റ് ലീഗ് മെമ്പര്‍മാരുേെടയും വാര്‍ഡില്‍ മാത്രം ഫണ്ടുകള്‍ ചെലവഴിച്ചു. ഇതില്‍ പ്രതിഷേധം ശക്തമായിരുന്നു. 10 വര്‍ഷം പഞ്ചായത്തില്‍ എല്‍ഡിഎഫ് നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിച്ചു. വികസനം മുരടിച്ചു. പ്രസിഡന്റിന്റെ വീട്ടില്‍ ജോലിക്ക് നിന്നവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ കൂലി നല്‍കിയത് വിവാദമായിരുന്നു. ഇതിനെതിരെ എല്‍ഡിഎഫ് ലോകായുക്തയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. പഞ്ചായത്തിന്റെ സമഗ്ര വികസനത്തിന് ഫണ്ടുകള്‍ ലഭ്യമായിരുന്നില്ല.യു ഡി എഫിലെ ധാരണപ്രകാരം പ്രസിഡന്റും വൈസ്പ്രസിഡന്റും രണ്ടര വര്‍ഷം കഴിയുമ്പോള്‍ രാജിവെക്കണമായിരുന്നു. കരാര്‍. വൈസ് പ്രസിഡന്റ് ജോസ് രാജിവെച്ചെങ്കിലും റസീന രാജിക്ക് തയ്യാറായില്ല. നേതൃത്വത്തെ വെലുവിളിക്കുന്ന പ്രസിഡന്റിന്റെ നിലപാടുക്കള്‍ക്കെതിരെ ലീഗിനുള്ളില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. യുഡിഎഫ് ധാരണതെറ്റിച്ച് ലീഗ് പ്രതിനിധിയെ പ്രസിഡന്റ് സ്ഥനത്ത് തുടരാന്‍ അനുവദിച്ചതില്‍ കോണ്‍ഗ്രസിനുള്ളിലും പ്രതിഷേധം ശക്തമായിരുന്നു. ഈ പ്രതിഷേധമാണ് വോട്ടെടുപ്പ് വേളയില്‍ പ്രകടമായത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന ഓഗസ്റ്റ് ഏഴുവരെ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാജമ്മ രാമസ്വാമിക്കാണ് പ്രസിഡന്റിന്റെ ചുമതല.

Latest