Connect with us

Wayanad

ആദിവാസി കുട്ടികള്‍ക്ക് പോഷകാഹാര വിതരണം; ജില്ലയില്‍ പദ്ധതി വ്യാപിപ്പിക്കുന്നതിനുളള സാധ്യത പരിശോധിക്കും

Published

|

Last Updated

കല്‍പറ്റ: ജില്ലയില്‍ ആദിവാസി വിഭാഗത്തില്‍പെട്ട കുട്ടികള്‍ക്ക് പോഷകാഹാരം വിതരണം ചെയ്യുന്ന പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ ധാരണ. നിലവില്‍ പുല്‍പ്പള്ളി, തിരുനെല്ലി, നൂല്‍പ്പുഴ, മൂപ്പൈനാട് പഞ്ചായത്തുകളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്. സബ് സെന്ററുകള്‍ വഴിയാണ് ഇവിടെ പോഷകസമൃദ്ധമായ ഭക്ഷണം വിതരണം ചെയ്യുന്നത്. ആദിവാസി കുട്ടികളില്‍ പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ പദ്ധതി വ്യാപിപ്പിക്കുന്നതിലൂടെ കഴിയുമെന്ന് യോഗം വിലയിരുത്തി. ത്രിതല പഞ്ചായത്തുകളുടെയും ഐ.ടി.ഡി.പി, എന്‍.ആര്‍.എച്ച്.എം. എന്നിവയുടെയും സഹകരണത്തിലൂടെ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകളാണ് പരിശോധിക്കുക.
ജില്ലയില്‍ ഇ-ഡിസ്ട്രിക്ട് പദ്ധതി കാര്യക്ഷമമാണെന്ന് അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ യോഗത്തെ അറിയിച്ചു. സാങ്കേതികമായി വ്യത്യസ്തതയുള്ള പുതിയ സംവിധാനം നടപ്പാക്കുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രശ്‌നങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി അപേക്ഷിക്കുന്നവര്‍ സമര്‍പ്പിക്കേണ്ട രേഖകളുടെ ഫോട്ടോകോപ്പി എടുക്കുന്നതിനുള്ള തുക ഈടാക്കുന്നതാണ് അമിത ഫീസ് ഈടാക്കലായി വ്യാഖ്യാനിക്കപ്പെടുന്നത്. ആടിക്കൊല്ലി, റിപ്പണ്‍, കോട്ടത്തറ പ്രദേശങ്ങളില്‍ അക്ഷയ സെന്റര്‍ തുടങ്ങുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അക്ഷയ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. അക്ഷയയുടെ കൂടുതല്‍ സബ് സെന്ററുകളും ആരംഭിക്കും.
ജില്ലയില്‍ മഴക്കെടുതിമൂലമുള്ള കാര്‍ഷിക നഷ്ടങ്ങളുടെ കണക്കെടുക്കുമ്പോള്‍ ജനപ്രതിനിധികളെകൂടി ബോധ്യപ്പെടുത്തണമെന്ന് ഉദേ്യാഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കൂടുതല്‍ കൃത്യമായ വിവരശേഖരണത്തിന് ഇതിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജീവ്ഗാന്ധി ഗ്രാമവികാസ് യോജന (ആര്‍.ജി.ജി.വി.വൈ) പദ്ധതി പ്രകാരം ജില്ലയില്‍ നടപ്പാക്കുന്ന വൈദ്യുതീകരണ പ്രവൃത്തികളുടെ കാലാവധി ഈ വര്‍ഷം നവംബറില്‍ അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രവൃത്തി പുരോഗമിക്കുന്ന പദ്ധതികള്‍ തടസ്സപ്പെടുമെന്നതിനാല്‍ പദ്ധതിയുടെ കാലപരിധി നടപ്പ് സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതുവരെ നീട്ടാന്‍ ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു.
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ വാഹനങ്ങളില്‍ നിന്ന് “കേരള സര്‍ക്കാര്‍” എന്ന ബോര്‍ഡ് നീക്കംചെയ്യാന്‍ കളക്ടര്‍ നിര്‍ദ്ദേശിച്ചു. വകുപ്പിന്റെ പേര് വ്യക്തമാക്കുന്ന ബോര്‍ഡ് മാത്രമെ പാടുള്ളൂ. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും മറ്റ് സര്‍ക്കാര്‍ സംരംഭങ്ങള്‍ക്കും അതാതിന്റെ പേരിനൊപ്പം ഒരു “സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനം” എന്ന പേര് ചേര്‍ക്കാം. വാഹനത്തിന്റെ പിന്‍വശത്ത് സ്ഥാപനത്തിന്റെ പൂര്‍ണ്ണ നാമമോ ചുരുക്കപ്പേരോ കൊടുക്കാം.
ജില്ലയിലെ വനപ്രദേശത്ത് ആന പ്രതിരോധത്തിന് കെട്ടിയിട്ടുള്ള വൈദ്യുതി വേലിയിലെ കമ്പികള്‍ പൊളിച്ച് വ്യക്തികള്‍ സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുന്നതായി യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഇക്കാര്യത്തില്‍ ജാഗ്രതയോടെ നടപടി സ്വീകരിക്കാന്‍കലക്ടര്‍ നിര്‍ ദ്ദേശം നല്‍കി. വന്യമൃഗശല്യം നേരിടുന്നതിന് കൂടുതല്‍ സ്ഥലങ്ങളില്‍ വൈദ്യുതിവേലി സ്ഥാപിക്കുന്നത് വനം വകുപ്പിന്റെ പരിഗണനയിലാണ്. ആനകള്‍ക്ക് കടന്നുവരാനാവാത്ത വിധത്തില്‍ കൂടിയ അളവില്‍ വൈദ്യുതി പ്രവഹിപ്പിക്കുന്നതിനുള്ള സംവിധാനവും നിലവില്‍ വരും. ജില്ലാ കലക്ടര്‍ കെ.ജി. രാജു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ദേവകി, എ.ഡി.എം. എന്‍.ടി. മാത്യു, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി. സജീവ്, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദുള്‍ അഷ്‌റഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.എ.ജോസഫ്, ജില്ലാതല ഉദേ്യാഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Latest