Connect with us

Ongoing News

ഭക്ഷണപ്പൊലിമയല്ല ഇഫ്താര്‍ സംഗമങ്ങള്‍

Published

|

Last Updated

പണ്ഡിത ലോകത്തെ നക്ഷത്ര വിളക്ക് ശൈഖുല്‍ ഇസ്‌ലാം ഇമാം ഗസാലി (റ) ഇഫ്താറിന്റെ ആത്മീയവശം നന്നായി ചര്‍ച്ച ചെയ്തിട്ടുണ്ട്. വാരി വലിച്ചു വയറു നിറച്ച് നോമ്പിന്റെ ചൈതന്യം നഷ്ടപ്പെടുത്തുന്നതിനെ കുറിച്ച് ശാസിച്ചിട്ടുമുണ്ട്.
ദരിദ്ര സമൂഹത്തിന്റെ നെഞ്ചിടിപ്പും ആകുലതയും അറിഞ്ഞിരിക്കാനും കൂടിയാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ വര്‍ജിച്ച് നോമ്പനുഷ്ഠിക്കാന്‍ മതം കല്‍പ്പിച്ചത്. ഭക്ഷണത്തോടുള്ള അനിയന്ത്രിത പ്രിയത്തെ കൂടി റമസാനില്‍ കരിച്ചുകളയാന്‍ നമുക്കാകണം. നോമ്പ് തുറയുടെ ബഹളത്തില്‍ നാം ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകുന്നു.
ഇഫ്താറിന്റെ പ്രാര്‍ഥനപോലും ഉരുവിടാന്‍ ചിലര്‍ മറക്കുന്നു. ബാങ്ക് വിളികേട്ടാല്‍ പ്രത്യത്തരവും ശേഷം പ്രാര്‍ഥനയും സുന്നത്താണ്. ഈ സുകൃത കൃത്യവും നാം വിസ്മരിക്കുന്നു. നമ്മുടെ ശ്രദ്ധ കാരക്കയും കടന്ന് സമൃദ്ധിയുടെ രുചിക്കൂട്ടുകളിലാണ് ഉടക്കി നില്‍ക്കുന്നത്.
മുഹമ്മദ് നബി (സ) പറഞ്ഞു: ആര്‍ത്തി പിടിച്ച തീറ്റക്കാര്‍ക്കായിരിക്കും അന്ത്യവിചാരണ നാളില്‍ അതികഠിനമായ വിശപ്പ് അനുഭവപ്പെടുക.
തിര്‍മുദി റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ) പറഞ്ഞു: മനുഷ്യന്‍ നിറക്കുന്നതില്‍ ഏറ്റവും മോശമായ പാത്രം അവന്റെ വയറാണ്. ആമാശയത്തേക്കാള്‍ ചീത്തയായ ഒരു പാത്രവും മനുഷ്യന്‍ നിറച്ചിട്ടില്ല എന്ന നബി വാക്യവും ശ്രദ്ധേയമാണ്.
ഒരു കിലോമീറ്റര്‍ നീളത്തില്‍ ടേബിള്‍ തയ്യാറാക്കി ഇഫ്താര്‍ നടത്തി ഗിന്നസ് ബുക്കിലേക്കു കയറിയ റമസാന്‍ മാസവും കൂടിയാണ് ഈ വര്‍ഷമെന്നത് ചിന്തനീയമാണ്. ഭക്ഷണപ്പൊലിമയാണോ ഇഫ്താറിന്റെ മുഖ്യ ഘടകം എന്ന് സത്യവിശ്വാസികള്‍ ആലോചിക്കേണ്ട വിഷയമാണ്.
നബി (സ) പറഞ്ഞു: എന്റെ സമുദായത്തില്‍ ഒരു വിഭാഗം ആഗതമാകും. അവര്‍ ബഹുവര്‍ണ ഭക്ഷണ പദാര്‍ഥങ്ങള്‍ ആഹരിക്കും. പല തരം പാനീയങ്ങള്‍ കുടിക്കും. നാനാ തരം ഉടയാടകള്‍ അണിയും. വാ മലര്‍ക്കെ തുറന്ന് അവര്‍ സംസാരിക്കും. എന്റെ സമുദായത്തിലെ അറു വഷളന്‍മാരാണിവര്‍. (ത്വബ്‌റാനി)
അമിത ഭോജനം വരുത്തുന്ന വിനകള്‍ ശാരീരികം മാത്രമല്ല. ആത്മീയവുമാണ്. ആരാധനകളില്‍ നീരസവും ഭൗതിക സുഖാനുഭൂതികളില്‍ പരമാനന്ദവും വളരാന്‍ ഇത് ഇടയാക്കുന്നു.
മിതത്വവും നിയന്ത്രണവുമാണ് സംസ്‌കാരമായി മുസ്‌ലിം സ്വീകരിക്കേണ്ടത്. മിതവിനിയോഗം ഏറെ പ്രധാനമാണ്. കടലില്‍ ചെന്നാലും അമിതമായി വെള്ളം ഉപയോഗിക്കരുതെന്ന പ്രവാചക പാഠം എല്ലാ തലത്തിലും വിശ്വാസി പ്രാവര്‍ത്തികമാക്കണം. ഭക്ഷണ കാര്യത്തില്‍ പ്രത്യേകിച്ചും.
ഇഫ്താറിന്റെ പുണ്യം അമിതഭോജനത്തില്‍ നശിപ്പിച്ചു കളയരുത്. നല്ലൊരു അവസരമാണ് റമസാന്‍ മാസം. പതിനൊന്ന് മാസം പദാര്‍ഥമോഹങ്ങള്‍ക്കൊപ്പം സഞ്ചരിച്ചു. ഒരു മാസം ആഹാരശീലം മിതമാക്കി, വിശപ്പടക്കാന്‍ കഴിയാതെ യാതനാപൂര്‍ണമായ ജീവിതം നയിക്കുന്നവരെ ഓര്‍ക്കാനെങ്കിലും നമുക്കു വിനിയോഗിക്കേണ്ടതില്ലേ? നബി (സ) പറഞ്ഞു: മനുഷ്യന്റെ ഭക്ഷണ രീതിയെ അല്ലാഹു ഭൗതിക ജീവിതത്തോടാണ് ഉപമിച്ചത്. അവന്‍ എത്ര രുചികരമായത് പാചകം ചെയ്താലും ഒടുക്കം അത് മ്ലേച്ഛ വസ്തുവായിത്തീരുന്നു (ഇമാം അഹ്മദ്)
ഇഫ്താര്‍ സദ്യ ഒരുക്കുന്നതും വിശ്വാസികളെ നോമ്പ് തുറപ്പിക്കലും അനാവശ്യമാണെന്നല്ല കുറിക്കുന്നത്. ഇഫ്താറിന്റെ പരിധിയും പരിമിതിയും മനസ്സിലാക്കി വിളമ്പണമെന്നാണ്.

കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ