Connect with us

Ongoing News

തെലങ്കാന: രായലസീമയില്‍ കനത്ത പ്രതിഷേധം

Published

|

Last Updated

ഹൈദരാബാദ്: തെലുങ്കാന സംസ്ഥാന രൂപവത്കരണത്തിന് കോണ്‍ഗ്രസില്‍ തീരുമാനയതിനെ തുടര്‍ന്ന് രായലസീമ, തീരദേശ ആന്ധ്ര മേഖലകളില്‍ ശക്തമായ പ്രതിഷേധം. നൂറുകണക്കിന് പേര്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. വിദ്യാര്‍ഥികളും വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും റാലികളും മനുഷ്യച്ചങ്ങലകളും സംഘടിപ്പിച്ചു. സീമാന്ധ്രയില്‍ പലയിടത്തും ഹര്‍ത്താല്‍ ആചരിച്ചു.
സമൈഖ്യാന്ധ്ര ജോയിന്റ് ആക്ഷന്‍ കമ്മിറ്റി ആഹ്വാന പ്രകാരം നഗരങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. ആന്ധ്രയെ വിഭജിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് ആവശ്യപ്പെട്ട് നെല്ലൂരില്‍ നടത്തിയ റാലിയില്‍ നിരവധി വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കോണ്‍ഗ്രസ് എം എല്‍ എ അനം വിവേകാനന്ദ റെഡ്ഢിയാണ് റാലിയെ അഭിസംബോധന ചെയ്തത്.
ഐക്യ സംസ്ഥാന ആവശ്യത്തെ പിന്തുണച്ച് രാജി വെക്കണമെന്നാവശ്യപ്പെട്ട് അനന്ത്പൂരില്‍ തെലുഗു ദേശം പാര്‍ട്ടി (ടി ഡി പി) എം എല്‍ എ. പി കേശവിന്റെ വീട് സമരക്കാര്‍ ഉപരോധിച്ചു. തെലുങ്കാന വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഏല്‍പ്പിക്കപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയുടെ യോഗം കഴിഞ്ഞതിന് ശേഷം തന്റെ രാജി പ്രഖ്യാപിക്കുമെന്ന് അദ്ദേഹം സമരക്കാര്‍ക്ക് ഉറപ്പ് നല്‍കി. കഡപ്പയില്‍ ധനവിനിയോഗ മന്ത്രി സി രാമചന്ദ്രയ്യയുടെ വീട് പ്രതിഷേധക്കാര്‍ ഉപരോധിച്ചു.
ഗൂണ്ടൂര്‍ ജില്ലയിലെ ബാപാത്‌ലയില്‍ വ്യാപാര, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. സംസ്ഥാനത്തെ വിഭജിക്കുന്ന തീരുമാനം അപ്രതീക്ഷിത അനന്തരഫലമാകും ഉണ്ടാക്കുകയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ഗോവര്‍ധന്‍ റെഡ്ഢി പറഞ്ഞു. ബാപാത്‌ലയില്‍ റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

---- facebook comment plugin here -----

Latest