Connect with us

Kerala

മന്ത്രിസഭാ പ്രവേശം: രമേശിന് മേല്‍ സമ്മര്‍ദം

Published

|

Last Updated

ന്യൂഡല്‍ഹി: മന്ത്രിസഭയില്‍ ചേരാന്‍ രമേശ് ചെന്നിത്തലക്ക് ഹൈക്കമാന്‍ഡ് നിര്‍ദേശം. ഇപ്പോഴത്തെ സാഹചര്യത്തില്‍ താത്പര്യമില്ലെന്ന് രമേശിന്റെ മറുപടിയും. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഹൈക്കമാന്‍ഡ് നിലപാട് രമേശിനെ അറിയിച്ചത്. സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ന്നിരിക്കുന്ന സാഹചര്യത്തില്‍ മന്ത്രിസഭയില്‍ ചേരാനില്ലെന്നാണ് രമേശ് വ്യക്തമാക്കിയത്. പ്രതിരോധ മന്ത്രി എ കെ ആന്റണിയെ കണ്ടും രമേശ് തന്റെ നിലപാട് ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി ഇന്ന് ചര്‍ച്ചകളുടെ ഭാഗമാകുന്നതോടെ ധാരണ രൂപപ്പെടുമെന്നാണ് വിലയിരുത്തല്‍. രാഹുല്‍ ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും നടത്തുന്ന ചര്‍ച്ചകളിലാകും അന്തിമ തീരുമാനം. അതേസമയം, സമ്പൂര്‍ണ മന്ത്രിസഭാ പുനഃസംഘടനക്ക് ഹൈക്കമാന്‍ഡിന് മേല്‍ ഒരു വിഭാഗം സമ്മര്‍ദം തുടങ്ങിയിട്ടുണ്ട്.
രമേശിനെ ഉള്‍പ്പെടുത്തിയതു കൊണ്ട് മാത്രം പ്രതിച്ഛായ തിരിച്ചു പിടിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ഐ ഗ്രൂപ്പിലെ പ്രബല വിഭാഗം. സോളാര്‍ കേസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നത് പ്രശ്‌നം വഷളാക്കുകയാണെന്നും ആരോപണവിധേയരായ മന്ത്രിമാരെയെല്ലാം മാറ്റി പുതിയൊരു ടീം വരുന്നതാകും നല്ലതെന്നുമാണ് ഇവരുടെ പക്ഷം.
സ്ഥിതിഗതികള്‍ അനുദിനം വഷളാകുകയാണെങ്കിലും നേതൃമാറ്റം എന്ന കാര്യം ഇപ്പോഴും ഹൈക്കമാന്‍ഡ് പരിഗണിച്ചിട്ടില്ല. നേതൃമാറ്റം വേണമെന്ന് ആരും പാര്‍ട്ടിയില്‍ നിന്നോ മുന്നണിയില്‍ നിന്നോ ആവശ്യപ്പെട്ടിട്ടുമില്ല. അതുകൊണ്ട് തന്നെ മന്ത്രിസഭയുടെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കുന്നതിനുള്ള നടപടികളാണ് ഹൈക്കമാന്‍ഡിന്റെ പരിഗണനയിലുള്ളത്. പുതിയ സാഹചര്യത്തില്‍ രമേശ് ചെന്നിത്തലയെ ഉള്‍പ്പെടുത്തുന്നത് കൊണ്ട് മാത്രം മെച്ചമുണ്ടാകില്ലെന്ന ചിന്ത ശക്തമാണ്.
ആരോപണവിധേയരായവരുമായി മുന്നോട്ടു പോയാല്‍ അത് മന്ത്രിസഭയെ വീണ്ടും ദുര്‍ബലമാക്കും. എന്നാല്‍, കാര്യമായ അഴിച്ചുപണി നടത്താനുള്ള ആരോഗ്യം സര്‍ക്കാറിനുണ്ടോ എന്ന വാദവും ഉയരുന്നുണ്ട്. കോണ്‍ഗ്രസ് മന്ത്രിമാരെ പൂര്‍ണമായി മാറ്റിയാല്‍ ജാതിസമവാക്യത്തിലെ സന്തുലനം സാധ്യമാകില്ല.
രമേശ് ചെന്നിത്തല രണ്ട് മനസ്സില്‍ നില്‍ക്കുകയാണെങ്കിലും ദേശീയ നേതൃത്വം ആവശ്യപ്പെട്ടാല്‍ വഴങ്ങും എന്നുറപ്പാണ്. ആഭ്യന്തര വകുപ്പ് ലഭിച്ചാലും ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാറില്‍ ചേര്‍ന്നാല്‍ ഭാവിയിലെ സാധ്യതകള്‍ തകരും. സോളാര്‍ കേസ് എങ്ങനെ കൈകാര്യം ചെയ്യുകയെന്നത് തന്നെയാകും ആഭ്യന്തരം ഏറ്റെടുത്താല്‍ രമേശിന് മുന്നിലുള്ള വെല്ലുവിളിയും.
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാലും ഇപ്പോഴത്തെ സാഹചര്യങ്ങള്‍ ബോധ്യപ്പെടുത്തി മാറിനില്‍ക്കാനാണ് രമേശിന്റെ നീക്കമെന്ന് അദ്ദേഹവുമായി അടുപ്പുമുള്ളവര്‍ പറയുന്നു.

Latest