Connect with us

Articles

സുഡാനില്‍ വീണ്ടും എണ്ണത്തര്‍ക്കം

Published

|

Last Updated

sudanഅതൃപ്തരുടെ കോണ്‍ഫെഡറേഷനാണ് രാഷ്ട്രങ്ങള്‍ എന്ന് പറഞ്ഞാല്‍ അത് അധികപ്രസംഗമാണെന്ന് വിമര്‍ശിക്കപ്പെട്ടേക്കാം. എന്നാല്‍ ഒരുമിച്ച് നില്‍ക്കുമ്പോള്‍ തന്നെ വിട്ടു പോകാനുള്ള പ്രവണത സൂക്ഷിക്കുന്നവയാണ് രാഷ്ട്രങ്ങളിലെ ജനപഥങ്ങളെന്ന് ചരിത്രം പഠിച്ചാല്‍ മനസ്സിലാകും. സ്വയംഭരണത്തിനായുള്ള മുറവിളിയുയര്‍ത്താത്ത ഒരു ഭൂവിഭാഗമെങ്കിലും ഉള്‍ക്കൊള്ളാത്ത രാജ്യങ്ങള്‍ തീര്‍ത്തും വിരളമാണ്. വൈജാത്യങ്ങളുടെ വാഴ്ചയാണ് രാഷ്ട്രങ്ങളില്‍ നടക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും പ്രസിദ്ധമായ വാചകം തന്നെ അതാണല്ലോ: നാനാത്വത്തിലെ ഏകത്വം. അതില്‍ ഏകത്വം പരിപാലിക്കപ്പെടേണ്ടതും നാനാത്വം യാഥാര്‍ഥ്യവുമാകുന്നു. വിഘടനവാദമെന്നോ സ്വയംനിര്‍ണയത്തിനായുള്ള പോരാട്ടമെന്നോ തരാതരം വിളിക്കാവുന്ന പ്രക്ഷോഭങ്ങളും സംഘടിക്കലുകളും ഒന്നുമില്ലെങ്കില്‍ ആന്തരികമായ അസ്വസ്ഥതകളും എല്ലായിടത്തും അരങ്ങേറുന്നു. ഇത്തരം ആന്തരിക സംഘര്‍ഷങ്ങളിലേക്ക് പുറത്തു നിന്നുള്ളവര്‍ ഇടപെടുമ്പോഴോ ഭരണകൂടങ്ങള്‍ ഈ സംഘര്‍ഷങ്ങളെ ഗൗനിക്കാതിരിക്കുമ്പോഴോ അവ നിയന്ത്രണാതീതമാകുന്നു. ഒടുവില്‍ വേര്‍പിരിയലില്‍ തന്നെ കലാശിക്കുന്നു. വേര്‍പിരിയലുകളെ ശരിയെന്നോ തെറ്റെന്നോ വിധിക്കുന്നത് അവരവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ്. തീര്‍ത്തും കൃത്രിമമായ ഒരുമിച്ച് നില്‍ക്കലിനേക്കാള്‍ നല്ലത് വേര്‍പിരിയല്‍ തന്നെയാണ്. നവ സോവിയറ്റ് രാജ്യങ്ങള്‍ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്. ഇത്തരം തീര്‍പ്പുകള്‍ നടക്കേണ്ടത് ഉള്ളില്‍ നിന്നുള്ള അഭിവാഞ്ഛകളുടെ പുറത്താകണമെന്ന് മാത്രം.
ലോകത്തെ ഏറ്റവും പുതിയ വേര്‍പിരിയല്‍ നടന്നത് സുഡാനിലാണ്. ഏറ്റവും വേഗത്തില്‍ വളരുന്ന ആഫ്രിക്കന്‍ രാഷ്ട്രമെന്ന ഖ്യാതിയുണ്ടായിരുന്ന റിപ്പബ്ലിക് ഓഫ് സുഡാന്‍ പിളര്‍ന്നത് 2011 ജൂലൈയിലാണ്. ഹിതപരിശോധനയിലൂടെയാണ് പിളരാനുള്ള തീരുമാനത്തില്‍ രാജ്യം എത്തിച്ചേര്‍ന്നത്. 2005ലെ സമാധാന കരാറിലെ വ്യവസ്ഥക്കനുസരിച്ച് ദക്ഷിണ സുഡാന്‍ അനുവദിക്കാന്‍ ഉമര്‍ അല്‍ ബാശിറിന്റെ നേതൃത്വത്തിലുള്ള സുഡാന്‍ തയ്യാറാകുകയായിരുന്നു. അങ്ങനെയാണ് ജുബ തലസ്ഥാനമായി ഏറ്റവും പുതിയ രാജ്യം പിറന്നത്. പക്ഷേ, ഇരു രാജ്യങ്ങളായി പിരിഞ്ഞിട്ടും അവിടെ പ്രശ്‌നങ്ങള്‍ ഒടുങ്ങിയിട്ടില്ല. അബേയി എന്ന പ്രദേശം ഇരു ഭാഗത്തും ചേര്‍ന്നിട്ടില്ല. അതിനെച്ചൊല്ലി തര്‍ക്കം രൂക്ഷമാണ്. സുഡാന് എക്കാലത്തും തലവേദനയായിരുന്ന സുഡാന്‍ പീപ്പിള്‍സ് ലിബറേഷന്‍ മൂവ്‌മെന്റ് (എസ് പി എല്‍ എം) ഇപ്പോഴും സജീവമാണ്. എസ് പി എം എല്ലിന്റെ രാഷ്ട്രീയ വിഭാഗമാണ് ദക്ഷിണ സുഡാന്റെ ഭരണം കൈയാളുന്നത്. ഭരണകൂടത്തിന്റെ പിന്തുണയോടെ ആ സായുധ സംഘം നടത്തുന്ന ആക്രമണങ്ങള്‍ പ്രതിരോധിക്കാന്‍ കൂട്ടക്കുരുതികളുടെ പാപഭാരം പേറുന്ന ബാശിര്‍ ഭരണകൂടത്തിന് പലപ്പോഴും ക്രൂരമായ സൈനിക ബലം പ്രയോഗിക്കേണ്ടി വരുന്നു. ദക്ഷിണ സുഡാനാണ് കുഴപ്പങ്ങള്‍ക്ക് വളം വെച്ചുകൊടുക്കുന്നതെന്ന് ഉമര്‍ അല്‍ ബാശിര്‍ പറയുന്നു. ദക്ഷിണ സുഡാന്‍ തിരിച്ചും കുറ്റപ്പെടുത്തുന്നു. തര്‍ക്കം ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെയും ജനങ്ങളുടെ സൈ്വര ജീവിതത്തേയും ആഴത്തില്‍ ബാധിച്ചിരിക്കുകയാണ്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനത്തിനും സംഘര്‍ഷത്തിനും അടിസ്ഥാന ഹേതു എണ്ണ സമ്പത്താണ്. എണ്ണസമ്പന്നമായ ദക്ഷിണ സുഡാനില്‍ പക്ഷേ ശുദ്ധീകരണ, കയറ്റുമതി സംവിധാനങ്ങളില്ല. അത് മുഴുവന്‍ സുഡാനിലാണ്. ദക്ഷിണ സുഡാനില്‍ നിന്നുള്ള എണ്ണ കിട്ടിയില്ലെങ്കില്‍ സുഡാനിലെ സംവിധാനങ്ങള്‍ നിഷ്ഫലമാണ്. സുഡാന്റെ സഹായമില്ലെങ്കില്‍ ദക്ഷിണക്കാരുടെ എണ്ണ സമ്പത്തും പാഴാണ്. എത്യോപ്യ വഴി കയറ്റുമതി ആകാമെന്നും സ്വന്തമായി സംവിധാനമുണ്ടാക്കാന്‍ സഹായിക്കാമെന്നും പറഞ്ഞ് വ്യാമോഹിപ്പിച്ചാണ് ദക്ഷിണ സുഡാനെ വിഭജനത്തിലേക്ക് പാശ്ചാത്യ ശക്തികള്‍ തള്ളിവിട്ടത്. അതൊന്നും തത്കാലം നടന്നിട്ടില്ല. സുഡാനെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ. എന്നിട്ടും ഭരണമേറ്റെടുത്ത ശേഷം പല ഘട്ടങ്ങളിലും ദക്ഷിണ സുഡാന്‍ എണ്ണ ഉത്പാദനം നിര്‍ത്തി വെച്ചിരുന്നു. സുഡാനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടാനായിരുന്നു ആത്മഹത്യാപരമായ ആ നീക്കം. സ്വയം പ്രതിസന്ധിയിലാകുന്ന അത്തരം എടുത്തുചാട്ടങ്ങളില്‍ നിന്ന് പിന്‍വാങ്ങാന്‍ 2012 സെപ്തംബറില്‍ അദിസ് അബാബയില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ ദക്ഷിണ സുഡാന്‍ തയ്യാറായി. അതോടെ എണ്ണ ഒഴുക്ക് തത്കാലം സാധാരണ നിലയിലായി.
പക്ഷേ, ഇപ്പോള്‍ പുതിയ പ്രതിസന്ധി ഉരുണ്ടുകൂടുകയാണ്. എസ് പി എല്‍ എം തീവ്രവാദികളെ പിന്തുണക്കുന്നത് തുടരുന്നുവെന്ന് കാണിച്ച് ആഗസ്റ്റ് ഒന്ന് മുതല്‍ ദക്ഷിണ സുഡാനില്‍ നിന്നുള്ള എണ്ണയുടെ ശുദ്ധീകരണം നിര്‍ത്തിവെക്കുമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ഉമര്‍ അല്‍ ബാശിര്‍. എണ്ണ സമ്പത്തിന്റെ വിനിയോഗവുമായി ബന്ധപ്പെട്ട ഒരു കരാറില്‍ നിന്ന് രാഷ്ട്രീയ കാരണങ്ങളുയര്‍ത്തി ഏകപക്ഷീയമായി പിന്‍വാങ്ങുന്നത് ശരിയല്ലെന്നാണ് ആഫ്രിക്കന്‍ യൂനിയനും യു എന്നുമെല്ലാം ഓര്‍മപ്പെടുത്തുന്നത്. തന്റെ രാജ്യത്തിന് കോടിക്കണക്കിന് ഡോളര്‍ നഷ്ടം വരുമെന്ന് ഉറപ്പുണ്ടായിട്ടും ബശര്‍ ഈ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. രാജ്യത്തിന്റെ സുരക്ഷിതത്വമാണ് സാമ്പത്തിക അഭിവൃദ്ധിയേക്കാള്‍ പ്രധാനമെന്ന് അദ്ദേഹം വാദിക്കുന്നു. വല്ലാത്തൊരു സമ്മര്‍ദം സൃഷ്ടിക്കലാണ് ഇത്. എണ്ണ ഉത്പാദനം തത്കാലം നിര്‍ത്തിവെച്ചാണ് ദക്ഷിണ സുഡാന്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്. ഈ കളി അധികം നീട്ടിക്കൊണ്ടു പോകാന്‍ ഇരു പക്ഷത്തിനും സാധിക്കില്ല.
ചൈനീസ് കമ്പനികളാണ് മേഖലയിലെ എണ്ണ ശുദ്ധീകരണത്തിന്റെ കുത്തക കൈവശം വെച്ചിരിക്കുന്നത്. അങ്ങേയറ്റം ലാഭകരമായ ഏര്‍പ്പാടാണ് ചൈനക്കിത്. ജുബയേക്കാള്‍ ഖാര്‍ത്തൂമിനോടാണ് ചൈനക്ക് പ്രിയം. പലപ്പോഴും ചൈന കൈക്കൊള്ളുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ ഉമര്‍ അല്‍ ബാശിറിന് അനുകൂലമാകാറുണ്ട്. ഐക്യ സുഡാന്‍ കാലം മുതല്‍ തുടരുന്ന ബന്ധമാണ് അത്. പക്ഷേ, ചൈനക്ക് ഇവിടെ രാഷ്ട്രീയ താത്പര്യങ്ങളേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നത് സാമ്പത്തിക താത്പര്യങ്ങളാണ്. എണ്ണയുടെ ഒഴുക്ക് തടസ്സപ്പെടുത്തി സമ്മര്‍ദം സൃഷ്ടിക്കുകയെന്ന കുറുക്കു വഴി സുഡാന്‍ തുടര്‍ന്നാല്‍ ചൈന പോംവഴികള്‍ ആരായും. അത് ഒരു പക്ഷേ ബദല്‍ എണ്ണ വിതരണ, ശുദ്ധീകരണ സംവിധാനം ഒരുക്കിക്കൊണ്ടാകാം. അങ്ങനെ വന്നാല്‍ സുഡാന്റെ ഇപ്പോഴത്തെ സമ്മര്‍ദ തന്ത്രം ഫലത്തില്‍ ദക്ഷിണ സുഡാന് ദീര്‍ഘകാലത്ത് ഗുണകരമാകും. ബാശിറിന്റെ കൂടെ നില്‍ക്കുന്നവര്‍ ഇത് തിരിച്ചറിയുന്നുണ്ട്. മാത്രമല്ല, ഈജിപ്തിലെ പുതിയ സംഭവവികാസങ്ങള്‍ ഇസ്‌ലാമിസ്റ്റ് കക്ഷികളുടെ പിന്തുണയുള്ള ബാശിറിന്റെ പ്രതീക്ഷകളെ തകര്‍ക്കുന്നതാണ്. ഇഖ്‌വാനുല്‍ മുസ്‌ലിമീനുമായുള്ള ബന്ധമുള്ളവരെ തിരഞ്ഞു പിടിച്ച് ഒറ്റപ്പെടുത്തുകയെന്ന നിലയിലാണ് ഖത്തര്‍, സഊദി പോലുള്ള രാജ്യങ്ങള്‍ ഇപ്പോള്‍ നീങ്ങുന്നത്. ഈ സാഹചര്യത്തില്‍ അവിടെ നിന്നുള്ള സഹായങ്ങള്‍ ഉമര്‍ അല്‍ ബാശിറിന് ലഭിക്കാനിടയില്ല. എണ്ണ ഒഴുക്ക് തടസ്സപ്പെടുത്തുക വഴി നഷ്ടമാകുന്ന വരുമാനത്തിന്റെ ആഘാതം ഭീകരമായിരിക്കുമെന്ന് ചുരുക്കം.
ദക്ഷിണ സുഡാനാകട്ടെ ചൈന, ജപ്പാന്‍ തുടങ്ങിയ എണ്ണ വ്യാപാര പങ്കാളികളെ പൂര്‍ണമായി വിശ്വസിക്കുന്നില്ല. അവര്‍ ഉണ്ടാക്കുമെന്ന് പറയുന്ന ബദല്‍ സംവിധാനം ഈയടുത്തൊന്നും വരാനിടയില്ലെന്നും അവര്‍ക്കറിയാം. ലാഭസാധ്യത നോക്കിയേ കച്ചവടക്കാര്‍ പണം മുടക്കുകയുള്ളൂ. എണ്ണ വിതരണ സംവിധാനം തയ്യാറാക്കാന്‍ മുടക്കുന്ന പണവും അതില്‍ നിന്ന് ഭാവിയില്‍ ഉണ്ടാകാനിടയുള്ള വരുമാനവും അവര്‍ തട്ടിച്ചു നോക്കും. ഇന്നത്തെ നിലക്ക് ബദല്‍ സംവിധാനം ഒരു നിലക്കും ലാഭകരമാകില്ല. ദക്ഷിണ സുഡാനിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും. സര്‍ക്കാറിന്റെതിന് സമാനമായ സായുധ ഗ്രൂപ്പുകളുള്ള നാടാണ് സുഡാന്‍ മേഖല. ഏത് അതൃപ്തിയും അവിടെ സായുധ കലാപങ്ങളായി പരിണമിച്ചേക്കാം.
അതുകൊണ്ട് ഭരണകൂടങ്ങള്‍ തമ്മില്‍ നടക്കുന്ന ബുദ്ധിശൂന്യമായ വടംവലിയില്‍ ഇരു രാജ്യങ്ങളിലേയും ജനങ്ങള്‍ക്ക് താത്പര്യമില്ല. അവര്‍ സഹവര്‍ത്തിത്വം കൊതിക്കുന്നു. വേര്‍പെടാന്‍ വോട്ട് ചെയ്തവര്‍ ആഗ്രഹിച്ചത് സമാധാനപരമായ നിലനില്‍പ്പാണ്. ശത്രുതക്ക് കാരണമുണ്ടാക്കി മത്സരിക്കാന്‍ ഭരണാധികാരികള്‍ ശ്രമിക്കുമ്പോള്‍ ബാഹ്യ ഇടപെടലുകള്‍ക്ക് കളമൊരുങ്ങുകയാണ് ചെയ്യുന്നത്.
ആധുനിക സുഡാന്റെ ചരിത്രം ഈജിപ്തും ബ്രിട്ടനും നടത്തിയ അധിനിവേശത്തിന്റെയും രക്തരൂഷിതമായ ആഭ്യന്തര കലഹങ്ങളുടെതുമാണ്. കച്ചവടത്തിന് വന്ന അറബി സമൂഹം സൃഷ്ടിച്ച സാമൂഹിക മുന്നേറ്റം മുസ്‌ലിം സംസ്‌കാരവും നല്ല അംഗബലവും ഐക്യബോധവുമുള്ള ഒരു സമൂഹം ഉയര്‍ന്നു വരുന്നതിന് നിദാനമായി. പക്ഷേ, സംഘര്‍ഷങ്ങളില്‍ ആ ഐക്യബോധം തകര്‍ന്നു പോകുന്നതിനുള്ള സാധ്യതകള്‍ ഓരോ പ്രാവശ്യവും അധിനിവേശകര്‍ അവശേഷിപ്പിച്ചു. 1956ല്‍ സ്വതന്ത്ര ഐക്യ സുഡാന്‍ നിലവില്‍ വന്നപ്പോഴും അന്തഃഛിദ്രത്തിന്റെ വിത്തുകള്‍ മുളക്കാന്‍ പാകമായി നില്‍ക്കുന്നുണ്ടായിരുന്നു. ഈജിപ്തിന് വേണ്ടി ബ്രിട്ടന്‍ ഭരിച്ചിരുന്നപ്പോള്‍ ഭരണ സൗകര്യത്തിനെന്ന പേരില്‍ ദക്ഷിണ സുഡാെനയും ഉത്തര സുഡാനെയും രണ്ട് യൂനിറ്റുകളായാണ് കണ്ടിരുന്നത്. ഉത്തര സുഡാന്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശം. ദക്ഷിണ സുഡാനാകട്ടെ ക്രിസ്ത്യാനികളുടെ നാട്. ഈ വൈജാത്യത്തെ പൊലിപ്പിക്കാനാണ് ബ്രിട്ടീഷുകാര്‍ ശ്രമിച്ചത്. 1962ലും പിന്നെ ഏതാനും വര്‍ഷങ്ങളുടെ ഇടവേളകളില്‍ തുടര്‍ച്ചയായും ഭീകരമായ കലാപം അരങ്ങേറി. ആയിരങ്ങള്‍ മരിച്ചു വീണു. ഒടുവില്‍ വേര്‍പിരിയലെന്ന പരിഹാരത്തിന് ശേഷവും സംഘര്‍ഷത്തിന്റെ വഴി അവസാനിക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ എണ്ണത്തര്‍ക്കം വ്യക്തമാക്കുന്നത്.

 

musthafaerrekkal@gmail.com

---- facebook comment plugin here -----

Latest