Connect with us

Gulf

കോടതി ഉദ്യോഗസ്ഥര്‍ നിയമത്തില്‍ കൂടുതല്‍ അറിവ് സമ്പാദിക്കാന്‍ ശ്രമിക്കണം: ശൈഖ് മുഹമ്മദ്‌

Published

|

Last Updated

ദുബൈ: രാജ്യത്തെ നിയമങ്ങളെക്കുറിച്ചും രാജ്യാന്തര നിയമങ്ങളെക്കുറിച്ചും കൂടുതല്‍ അറിവ് സമ്പാദിക്കാന്‍ പുതിയ തലമുറയിലെ ന്യായാധിപര്‍ ഉള്‍പ്പെടെയുള്ള കോടതി ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം.
ദുബൈ അറ്റോര്‍ണി ജനറലിന്റെ നേതൃത്വത്തില്‍ റമസാന്‍ ആശംസകളുമായി എത്തിയ സംഘത്തെ അഭിസംബോധന ചെയ്യവേയാണ് ശൈഖ് മുഹമ്മദ് ഇക്കാര്യം വ്യക്തമാക്കിയത്. സബീല്‍ പാലസിലാണ് ശൈഖ് മുഹമ്മദ് അറ്റോര്‍ണി ജനറല്‍ ഇസ്സാം അല്‍ ഹുമൈദാനെയും ന്യായാധിപര്‍ ഉള്‍പ്പെടെയുള്ള കോടതി ഉദ്യോഗസ്ഥരെയും സ്വീകരിച്ചത്. ദുബൈ കോട്ട്‌സ് ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ബിന്‍ ഹസിമും ഒപ്പമുണ്ടായിരുന്നു. ചീഫ് പ്രോസിക്യൂട്ടറും പ്രോസിക്യൂട്ടര്‍മാരും ശൈഖ് മുഹമ്മദിനെ സന്ദര്‍ശിച്ച സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. ന്യായാധിപ സംഘം ശൈഖ് മുഹമ്മദിന് ആരോഗ്യവും ക്ഷേമവും നേര്‍ന്നു.
രാജ്യത്തെ യുവാക്കള്‍ വിദ്യയിലൂടെ പുരോഗതി പ്രാപിക്കണമെന്നും യുവ ഉദ്യോഗസ്ഥര്‍ ആധുനിക സാങ്കേതിക വിദ്യയിലുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും ലഭിക്കുന്ന അനുഭവ പരിജ്ഞാനത്തിലൂടെയും കൂടുതല്‍ അറിവ് സ്വായത്തമാക്കാണമെന്നും ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു. സ്വന്തം യോഗ്യതയെയും കഴിവുകളെയും സ്വയം കുറച്ച് കാണരുത്.
ശാസ്ത്രത്തിലും കലയിലും കണ്ടുപിടുത്തങ്ങളിലുമെല്ലാം രാജ്യത്തിന്റെ അരുമ സന്തതികളായ യുവാക്കളും യുവതികളും മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വിദ്യാഭ്യാസത്തിനൊപ്പം ഉയര്‍ന്ന ആത്മവിശ്വാസവും യുവതലമുറക്ക് മുതല്‍ക്കൂട്ടാണ്. അതിനാലാണ് യുവാക്കള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ മികച്ച അവസരം നല്‍കുന്നത്. ലോകം ഓരോ ദിവസവും മാറിക്കൊണ്ടിരിക്കയാണ്. അതിനനുസരിച്ച് കുതിച്ചോടാനും പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തി മുന്നേറാനും പരിശ്രമിക്കണം. ഓരോ ദിവസവും പുതുതായി എന്തെങ്കിലും പഠിക്കണമെന്ന ഒരു വാശിയില്‍ ജീവിതത്തെ കാണണമെന്നും ശൈഖ് മുഹമ്മദ് ഉദ്യോഗസ്ഥരെ ഉപദേശിച്ചു.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ദുബൈ ഏവിയേഷന്‍ അതോറിറ്റിയുടെയും എമിറേറ്റ്‌സ് ഗ്രൂപ്പിന്റെയും ചെയര്‍മാനായ ശൈഖ് ഹംദാന്‍ ബിന്‍ സയീദ് അല്‍ മക്തൂം, ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആട്‌സ് അതോറിറ്റി ചെയര്‍മാന്‍ ശൈഖ് മാജിദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ശൈഖ് മന്‍സൂര്‍ ബിന്‍ റാശിദ് അല്‍ മക്തും പങ്കെടുത്തു. ഉദ്യോഗസ്ഥര്‍ക്കായി ശൈഖ് മുഹമ്മദ് ഇഫ്താറും ഒരുക്കിയിരുന്നു.