തേയില ഉത്പാദനം കുറയുന്നു; തൊഴിലാളികള്‍ പട്ടിണിയിലേക്ക്

Posted on: July 27, 2013 10:08 am | Last updated: July 27, 2013 at 10:08 am

മാനന്തവാടി: കാലവര്‍ഷം ശക്ത മായി തുടരുന്നതു കാരണം ജില്ലയിലെ തോട്ടം മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ പട്ടിണിയിലായി.

കനത്ത മഴ തടുരുന്നത് കാരണം തേയില ചപ്പുകള്‍ക്ക് ഫംഗസ് ബാധ ഏല്‍ക്കുന്നതും, തളിരിടുന്ന ഭാഗങ്ങള്‍ മുരടിച്ച് പോകുന്നതും മൂലം ഉദ്പാദനം ഗണ്യമായി കുറഞ്ഞു. കേരള ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ കീഴില്‍ തവിഞ്ഞാല്‍ പഞ്ചായത്തിലെ കമ്പമലയില്‍ പ്രവര്‍ത്തിക്കുന്ന തേയില തോട്ടത്തിലെ കണക്കുകള്‍ പരിശോധിച്ചാല്‍ തേയില ഉദ്പാദനത്തിലെ ഇടിവുകള്‍ മനസ്സിലാക്കാന്‍ കഴിയും. നൂറ് ഹെക്ടര്‍ തേയില കൃഷിയുള്ള ഇവിടെ 2009 ജൂലൈയില്‍ 53,080 കിലോഗ്രമാണ്.2010 ല്‍ 68,015 കിലോയും, 2011ല്‍ 72,000 കിലോയും, 2012ല്‍ 69,000 കിലോയും ലഭിച്ചു.
എന്നാല്‍ ഈ വര്‍ഷം ജൂലൈയില്‍ ഇതു വരെയായി 9,154 കിലോഗ്രം മാത്രമാണ് തേയില ചപ്പ് ലഭിച്ചത്. ഇതു പോലെ തന്നെ പ്രിയദര്‍ശിനി എസ്‌റ്റേറ്റില്‍ 2012 ജൂലൈയില്‍ 61,953 കിലോഗ്രം തേയില ചപ്പ് ലഭിച്ചതെങ്കില്‍ ഈ വര്‍ഷം ജൂലൈയില്‍ 15,000 കിലോഗ്രം മാത്രമാണ് ചപ്പ് ലഭിച്ചത്. 2012 ജൂലൈയില്‍ തവിഞ്ഞാല്‍ പഞ്ചായത്തില്‍ 52 സെന്റീമീറ്ററാണ് മഴ ലഭിച്ചത്. ഈ വര്‍ഷം ജൂലൈയില്‍ 128 സെന്റീമീറ്ററാണ് മഴ ലഭിച്ചത്. തേയില ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ ജോലി നല്‍കാന്‍ കഴിയാറില്ല.
ഇതോടെ തൊഴിലാളികളുടെ ജീവിതം ദുരിത പൂര്‍ണമായി. കമ്പമല എസ്‌റ്റേറ്റില്‍ ശ്രീലങ്കന്‍ വംശജരും ആദിവാസി വിഭാഗത്തില്‍ ഉള്‍പ്പെട്ടവരും അടക്കം ഇരുന്നൂറോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവര്‍ക്ക് ജോലി നല്‍കാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഉദ്യോഗസ്ഥര്‍. ഇതേ അവസ്ഥ തന്നെയാണ് മറ്റു തോട്ടം മേഖലയിലും. ഈ സാഹചര്യത്തില്‍ പട്ടിണിയിലായ തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായങ്ങള്‍ ഒന്നും നല്‍കിയിട്ടില്ല. തോട്ടം മേഖലയിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ ഉള്‍പ്പെടെ വിതരണം ചെയ്ണമെന്ന ആവശ്യം ശക്തമാകുകയാണ്.