സോണിയാ ഗാന്ധി അനുമതി നല്‍കി; തെലുങ്കാനക്ക് പച്ചക്കൊടി

Posted on: July 27, 2013 12:14 am | Last updated: July 27, 2013 at 12:14 am

ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശ് വിഭജിച്ച് തെലുങ്കാനാ സംസ്ഥാനം രൂപവത്കരിക്കാന്‍ കോണ്‍ഗ്രസിന്റെ പച്ചക്കൊടി. ഇന്നലെ ചേര്‍ന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം ആന്ധ്രയിലുള്ള നേതാക്കളെ പാര്‍ട്ടിയുടെ കാഴ്ചപ്പാട് അറിയിച്ചു. കൂടിയാലോചനകള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അന്തിമ തീരുമാനം ഔപചാരികമായി പ്രഖ്യാപിക്കുകയെന്നത് മാത്രമാണ് ബാക്കിയുള്ളതെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധി വിഭജനത്തെ പിന്തുണച്ചുവെന്നാണ് വിവരം. സംസ്ഥാനം വിഭജിക്കാനാണ് പാര്‍ട്ടി തീരുമാനമെന്ന് മുതിര്‍ന്ന നേതാക്കളായ ദിഗ്‌വിജയ് സിംഗും ഗുലാം നബി ആസാദും മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി, പി സി സി അധ്യക്ഷന്‍ ബോസ്ത സത്യനാരായണ, ഉപമുഖ്യമന്ത്രി ദാമോദര്‍ രാജാ നരസിംഹ എന്നിവരെ വിളിച്ച് അറിയിച്ചിട്ടുണ്ട്.
കൂടിയാലോചനകള്‍ പൂര്‍ത്തിയായെന്നും തീരുമാനം ഉടന്‍ പ്രഖ്യാപിക്കുമെന്നും ദിഗ്‌വിജയ് സിംഗ് വാര്‍ത്താ ലേഖകരോട് പറഞ്ഞു. അന്തിമ തീരുമാനം യു പി എയുടേത് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വിഭജനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ അദ്ദേഹം വിസമ്മതിച്ചു. പുതിയ സംസ്ഥാനം തീര്‍ത്തും തെലുങ്കാന ആയിരിക്കുമോ രായല തെലുങ്കാന ആയിരിക്കുമോ രായല ആന്ധ്ര ആയിരിക്കുമോ എന്നൊന്നും വ്യക്തമല്ല. ഹൈദരാബാദിന്റെ പദവി എന്തായിരിക്കുമെന്നതും അവ്യക്തമാണ്.
ആഗസ്റ്റ് അഞ്ചിന് പാര്‍ലിമെന്റിന്റെ വര്‍ഷകാല സമ്മേളനം തുടങ്ങുന്നതിന് മുമ്പായി സര്‍ക്കാര്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
അതേസമയം, ആന്ധ്ര വിഭജിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് സീമാന്ധ്രയില്‍ നിന്നുള്ള മന്ത്രിമാരും കോണ്‍ഗ്രസ് എം പിമാരും രാജിക്കത്ത് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തേക്ക് മടങ്ങും മുമ്പ് മുഖ്യമന്ത്രി കിരണ്‍ കുമാര്‍ റെഡ്ഡി, സോണിയാ ഗാന്ധിയെ കണ്ടിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോര്‍ കമ്മിറ്റി വിഭജന തീരുമാനത്തില്‍ എത്തിയത്. യോഗത്തിന് മുമ്പ് ആന്ധ്രയില്‍ നിന്നുള്ള ഉന്നതരുമായി സോണിയയും ദിഗ്‌വിജയ് സിംഗും ചര്‍ച്ച നടത്തിയിരുന്നു. യോഗത്തില്‍ പ്രധാനമന്ത്രിക്കും സോണിയക്കും കൂടാതെ മന്ത്രമാരായ എ കെ ആന്റണി, പി ചിദംബരം, സുശീല്‍ കുമാര്‍ ഷിന്‍ഡെ , ഗുലാം നബി ആസാദ് എന്നിവരും പങ്കെടുത്തു.
വിഭജനത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും രാജ്യ തലസ്ഥാനത്ത് ക്യാമ്പ് ചെയ്തിരുന്നു. ദിഗ്‌വിജയ് സിംഗ് അടക്കമുള്ള നേതാക്കള്‍ക്ക് മുന്നില്‍ ഇരുപക്ഷവും അവരവരുടെ വാദഗതികള്‍ നിരത്തുകയും ചെയ്തു. വിഭജിച്ചാല്‍ അതിന്റെ നേട്ടം തെലുങ്കാനാ രാഷ്ട്ര സമിതിക്കും ബി ജെ പിക്കുമായിരിക്കുമെന്ന വിമര്‍ശമാണ് എതിര്‍ക്കുന്നവര്‍ മുന്നോട്ട് വെക്കുന്നത്. എന്നാല്‍ വിഭജനം സാധ്യമായില്ലെങ്കില്‍ തെലുങ്കാനാ മേഖലയില്‍ പാര്‍ട്ടി ഒറ്റപ്പെടുമെന്ന് മറുഭാഗം വാദിക്കുന്നു. അന്തിമ തീരുമാനം പ്രഖ്യാപിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയടക്കമുള്ള നേതാക്കള്‍ നേരത്തേ മുന്നോട്ട് വെച്ച തീയതികളെല്ലാം കടന്ന് പോയിട്ടും ഒരു ധാരണയിലെത്താന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല.
ടി ആര്‍ എസ് മേധാവി കെ ചന്ദ്രശേഖര റാവുവാണ് തെലുങ്കാനാ വികാരം ആളിക്കത്തിച്ച് രംഗത്തെത്തിയത്. 2009ല്‍ അദ്ദേഹം പത്ത് ദിവസം നിരാഹാര സമരം നടത്തി. തുടര്‍ന്ന് 2009 ഡിസംബറില്‍ വിഭജനത്തെ പിന്തുണക്കുന്നതായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. പക്ഷേ പാര്‍ട്ടിക്കകത്ത് നിന്നുള്ള കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിറകോട്ട് പോകേണ്ടി വന്നു. ഐ ടി കേന്ദ്രമായ ഹൈദരാബാദിന്റെ പദവിയാണ് പ്രധാന തര്‍ക്ക വിഷയം. ഇരു സംസ്ഥാനങ്ങള്‍ക്കും ഹൈദരാബാദിനെ സംയുക്ത തലസ്ഥാനമായി നിശ്ചിത കാലത്തേക്ക് നല്‍കുകയെന്നതാണ് ഇപ്പോള്‍ മുന്നോട്ട വെച്ചിട്ടുള്ള പോംവഴി.
42 ലോക്‌സഭാ സീറ്റുകളാണ് ആന്ധ്രാപ്രദേശില്‍ ഉള്ളത്. രായലസീമാ മേഖലയില്‍ നിന്ന് രണ്ട് ജില്ലകള്‍ തെലുങ്കാനയോടൊപ്പം ചേര്‍ക്കും. അങ്ങനെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം ഇരു സംസ്ഥാനത്തും തുല്യമാക്കും. രായല സീമയെ വിഭജിക്കുന്നതിന് പിന്നില്‍ വൈ എസ് ആര്‍ കോണ്‍ഗ്രസ് മേധാവി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സ്വാധീന മേഖല ശിഥിലമാക്കുകയെന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്.