പാലക്കാട് നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസില്‍ വിവാദം

Posted on: July 25, 2013 1:03 am | Last updated: July 25, 2013 at 1:03 am

പാലക്കാട്: ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി പാലക്കാട് നഗരസഭാ കോണ്‍ഗ്രസില്‍ വീണ്ടും വിവാദം. മുമ്പ് ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്നുണ്ടായ അസ്വസ്ഥതകളാണ് നഗരസഭയില്‍ വിവാദങ്ങള്‍ക്കിടയാക്കിയെതെങ്കില്‍ ഇത്തവണ ഭരണകക്ഷിയായ കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തെ ചെല്ലിയുള്ള തര്‍ക്കമാണ് പ്രശ്‌നത്തിനിടയാക്കുന്നത്.
നിലവിലെ അധ്യക്ഷന്‍ എ അബ്ദുല്‍ ഖുദ്ദൂസ് മൂന്ന് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഐ ഗ്രൂപ്പിലെ പി വി രാജേഷിന് ചെയര്‍മാന്‍ സ്ഥാനം നല്‍കണമെന്ന വ്യവസ്ഥയിലാണ് അധികാരത്തിലേറിയത്. ആഗസ്റ്റ് ആദ്യവാരം വ്യവസ്ഥയുടെ കാലാവധി അവസാനിക്കുകയാണ്. ഇത് സംബന്ധിച്ച് പാര്‍ട്ടിക്കുള്ളിലുണ്ടായ തര്‍ക്കമാണ് വിവാദത്തിന് വഴിയൊരുക്കുന്നത്. നഗരസഭാ’ചെയര്‍മാന്‍ സ്ഥാനത്തെ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ സമ്മതപത്രം ഉണ്ടാക്കിയിട്ടുണ്ടെന്ന് ഡി സി സി പ്രസിഡന്റ് അറിയിച്ചു. ഇതിനാല്‍ പി വി രാജേഷിനെയായിരിക്കും പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുകയെന്നാണ് ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന്‍ പറയുന്നത്. എന്നാല്‍ സമ്മതപത്രത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്ന സൂചനകളാണ് ചെയര്‍മാന്‍ അബ്ദുല്‍ ഖുദ്ദൂസ് നല്‍കുന്നത്. ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നുവെന്നത് അഭ്യൂഹം മാത്രമാണെന്നുമാണ് ചെയര്‍മാന്‍ പറയുന്നത്. എ ഗ്രൂപ്പില്‍പ്പെട്ട ചെയര്‍മാന്റെ കാലാവധി കഴിഞ്ഞാല്‍ മാറ്റണമെന്നാവശ്യത്തില്‍ ഐ ഗ്രൂപ്പ് ഉറച്ച് നില്‍ക്കുകയാണ്.
നിലവിലെ ഭരണത്തില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തന്നെ നഷ്ടപ്പെട്ടുവെന്നും അതിനാല്‍ ചെയര്‍മാനെ മാറ്റണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെടുന്നുണ്ട്. ചെയര്‍മാന്‍ സ്ഥാനം ഒഴിയാന്‍ ഖുദ്ദൂസ് വിസമ്മതിക്കുകയാണെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നം രൂക്ഷമാകുമെന്നാണ് സുചന. നിലവില്‍ കോണ്‍്ഗ്രസ് 20, ലീഗ് 16, ബി ജെ പി 15, സി പി എം 9, രണ്ട് സ്വതന്ത്രമാര്‍ എന്നിങ്ങനെയാണ് കക്ഷിനില. ചെയര്‍മാന്‍ രാജിവെക്കാത്ത പക്ഷം ഐ ഗ്രൂപ്പ് അവിശ്വാസ പ്രമേയം കൊണ്ടു വരികയാണെങ്കില്‍ ലീഗിന്റെയും മറ്റ് പാര്‍ട്ടികളുടെ സഹകരണത്തോടെ ഭരണം നിലനിര്‍ത്താന്‍ എ ഗ്രൂപ്പ് ശ്രമിക്കുമെന്നും സൂചനയുണ്ട്.