Connect with us

Palakkad

ദേശീയപാതയിലെ വേലിക്കാട് വളവ് സ്ഥിരം അപകട മേഖലയാകുന്നു

Published

|

Last Updated

മണ്ണാര്‍ക്കാട്: കോഴിക്കോട്-പാലക്കാട് ദേശീയപാത 213ലെ വേലിക്കാട് വളവ് സ്ഥിരം അപകടമേഖലയാകുന്നു. സത്രം കാവ് പുഴക്ക് കുറുകെ വേലിക്കാട് ഭാഗത്ത് പാലം സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് അപകടം പതിയിരിക്കുന്നത്. കോഴിക്കോട് നിന്നും ചെന്നൈയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് ഇവിടെ നിയന്ത്രണം വിട്ട പുഴയിലേക്ക് മറിഞ്ഞത് അടുത്തിടെയാണ്. വളവില്‍ പെട്ടെന്ന് വാഹനം തിരിച്ചപ്പോള്‍ പാലത്തിന്റെ കൈവരി തകര്‍ത്ത് ബസ്സ് പുഴയിലേക്ക് മറിയുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന 15 യാത്രക്കാര്‍ക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു. അമിതവേഗതയാണ് പ്രധാനമായും വാഹനങ്ങളെ ഇവിടെ അപകടത്തില്‍ പെടുത്തുന്നത്. പാലത്തിന്റെ ഇരുകരകളിലുമായി സ്ഥിതിചെയ്യുന്ന കൊടും വളവുകള്‍ ഇവിടെ അപകടം വിളിച്ചുവരുത്തുകയാണ്.

പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ ദിനംപ്രതി ആയിരത്തോളം വാഹനങ്ങളാണ് കടന്നുപോകുന്നത്. ഇവക്കെല്ലാം തന്നെ വേലിക്കാട്ടെ ഈ പാലവും വളവും അപകട ഭീഷണിയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 15 പേരുടെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. അപകടങ്ങള്‍ നിരവധി നടന്നിട്ടും ആവശ്യമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ മുന്നോട്ടുവന്നിട്ടില്ല. അടിയന്തര സമയങ്ങളില്‍ മണ്ണാര്‍ക്കാട്ട് നിന്നുവേണം പോലീസെത്താന്‍. കല്ലടിക്കോട് പോലീസ് സ്‌റ്റേഷന്‍ ആരംഭിച്ചാല്‍ അപകടങ്ങള്‍ ഒരുപരിധിവരെ കുറക്കാനും കഴിയും. എന്നാല്‍ ഇതിനുള്ള നടപടികള്‍ കടലാസിലുറങ്ങുകയാണ്. അപകട വളുകള്‍ നിവര്‍ത്താന്‍ ദേശീയപാത അധികൃതര്‍ നടപടി സ്വീകരിച്ചാല്‍ അപകടങ്ങള്‍ തടയാന്‍ സാധിക്കും.