Connect with us

National

സി എ ജി നിയമനം: കേന്ദ്രത്തിന് നോട്ടീസ്‌

Published

|

Last Updated

ന്യൂഡല്‍ഹി: കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) ആയി ശശികാന്ത് ശര്‍മയെ നിയമിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച രണ്ട് പൊതുതാത്പര്യ ഹരജികളില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാറിനോട് വിശദീകരണം തേടി. അടുത്ത മാസം എട്ടിന് മുമ്പ് നോട്ടീസിന് മറുപടി നല്‍കാനാണ് നിര്‍ദേശം.
എട്ടിന് വീണ്ടും വിഷയം കോടതി പരിഗണിക്കുമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ബി ഡി അഹ്മദ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ഗോപാലസ്വാമി, അഡ്വക്കറ്റ് എം എല്‍ ശര്‍മ എന്നിവരുള്‍പ്പെടെ പ്രശസ്തരായ ഒമ്പത് പേരാണ് ഹരജികള്‍ സമര്‍പ്പിച്ചത്. അഭിഭാഷകനായ പ്രശാന്ത് ഭൂഷണാണ് ഇവര്‍ക്ക് വേണ്ടി ഹാജരായത്.
സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷണര്‍ പി ജെ തോമസിന്റെ നിയമനത്തിലടക്കം സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവുകള്‍ മറികടന്നാണ് കേന്ദ്ര സര്‍ക്കാര്‍ ശശികാന്ത് ശര്‍മയുടെ നിയമനം നടത്തിയിരിക്കുന്നതെന്ന് ഹരജിയില്‍ ആരോപിക്കുന്നു. ശര്‍മ പ്രതിരോധ സെക്രട്ടറിയായിരുന്ന കാലത്തെ ആയുധ ഇടപാടുകളെ കുറിച്ച് സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതിരോധ വകുപ്പിലെ ഇടപാടുകളെല്ലാം സി എ ജിയുടെ പരിശോധനക്ക് കീഴില്‍ വരുന്ന കാര്യമാണെന്നിരിക്കെ, ശര്‍മയെ നിയോഗിച്ചതില്‍ ഗുരുതരമായ ക്രമക്കേടാണ് ഉണ്ടായിരിക്കുന്നതെന്നും പ്രശാന്ത് ഭൂഷണ്‍ വാദിച്ചു. നിയമനത്തില്‍ യാതൊരു വിധ മാനദണ്ഡങ്ങളും പാലിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.